നഗരത്തിലെ ഏതാണ്ട് എല്ലാ ബൂത്തുകളിലും വോട്ടെടുപ്പ് തുടങ്ങിയത് മുതൽ അവസാനിക്കുന്നതുവരെ നീണ്ട നിര ദൃശ്യമായിരുന്നു. നഗരകേന്ദ്രങ്ങളിലും തീരപ്രദേശത്തുമെല്ലാം ഇതു തന്നെയായിരുന്നു സ്ഥിതി. സ്ത്രീകളുടെ നിരയായിരുന്നു മിക്കയിടത്തും ഏറെ നീണ്ടത്.

രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ സ്ത്രീവോട്ടർമാരടക്കം ബൂത്തുകളിലെത്തിയിരുന്നു. ചിലയിടത്ത് വോട്ടിങ് മിഷ്യന്റെ തകരാർ കൊണ്ട് വോട്ടിങ് തുടങ്ങാൻ വൈകിയതൊഴിച്ചാൽ തികച്ചും സമാധാനപരമായിരുന്നു.

ഏഴുകഴിഞ്ഞതോടെ തന്നെ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയായി. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ നഗരത്തിലെ നാല് നിയമസഭാമണ്ഡലങ്ങളിലെയും വോട്ടിങ് പത്ത് ശതമാനത്തോളം ആയി. എന്നാൽ നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലങ്ങളിൽ ഇതേസമയം ഇതിലും ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരുന്നു.

രാവിലെ ഒമ്പത് മണിയോടെ മിക്ക സ്‌കൂളുകളിലും വോട്ടർമാരുടെ നീണ്ട നിരയായി. സ്ഥാനാർത്ഥികളും പ്രമുഖരും രാവിലെ തന്നെ വിവിധ ബൂത്തുകളിൽ വോട്ടിട്ടു. ശശി തരൂർ, എ.സമ്പത്ത്, കുമ്മനം രാജശേഖരൻ, സി.ദിവാകരൻ എന്നീ സ്ഥാനാർത്ഥികളുടെ വോട്ട് തിരുവനന്തപുരം നഗരത്തിലായിരുന്നു. എന്നാൽ നഗരത്തിൽ വോട്ടുണ്ടായിരുന്ന വടകര മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.മുരളീധരനും തൃശ്ശൂരിലെ എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപിയും വോട്ട് ചെയ്യാനെത്തിയില്ല.

രാവിലെ തുടങ്ങിയ നിരയുടെ നീളം കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് എല്ലാ ബൂത്തുകളിലും തിരക്കുണ്ടായിരുന്നു. കവടിയാർ സാൽവേഷൻ ആർമി സ്‌കൂൾ, കരുമം യു.പി.എസ്, പേരൂർക്കട പി.എസ്. നടരാജപിള്ള സ്മാരക സ്‌കൂൾ, മണ്ണന്തല ഗവൺമെന്റ് ഹൈസ്‌കൂൾ തുടങ്ങി നഗരത്തിലെ പല സ്‌കൂളുകളിലെയും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. മിക്ക ബൂത്തുകളിലും പതിനഞ്ച് പേരോളംവരുന്ന നിര ഒടുക്കം വരെയുണ്ടായിരുന്നു.

ഉച്ചയോടെ തിരക്കിന് ചെറിയൊരു കുറവുണ്ടായെങ്കിലും മൂന്ന് കഴിഞ്ഞതോടെ രാവിലത്തേതിനെക്കാൾ നീണ്ട നിരയായി പല സ്‌കൂളിലും. കുടപ്പനക്കുന്ന് യു.പി.എസ്, വട്ടിയൂർക്കാവ് ഗവ. എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെല്ലാം ഈ തിരക്ക് ദൃശ്യമായിരുന്നു.

രാവിലെ 11 ഓടെ നഗരത്തിലെ നാല് മണ്ഡലങ്ങളിലെയും വോട്ടിങ് ശതമാനം 23 കടന്നു. ആനുപാതികമായി ഓരോ മണിക്കൂറും വോട്ടിങ് ശതമാനം കൂടിവരികയായിരുന്നു. ഉച്ചയ്ക്ക് രണ്ടോടെ തലസ്ഥാന നഗരത്തിലെ നാല് മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം ശരാശരി 45 ആയി. വോട്ടെടുപ്പ് അവസാനിക്കാൻ ഒരു മണിക്കൂർ ബാക്കി നിൽക്കേ വോട്ടിങ് ശതമാനം അറുപത് കടന്നു.