നേമം, കോവളം നിയോജകമണ്ഡലങ്ങളിലുൾപ്പെടുന്ന ചിലയിടങ്ങളിൽ യന്ത്രത്തകരാറ് കാരണം വോട്ടെടുപ്പ് വൈകി. കോവളം മണ്ഡലത്തിലെ ഊക്കോട് എൻ.എസ്.എസ്. കരയോഗമന്ദിരത്തിലും നേമം മണ്ഡലത്തിലുൾപ്പെടുന്ന നഗരസഭാ നേമം മേഖലാ ഓഫീസിലും പാപ്പനംകോട് എൽ.പി. സ്കൂളിലെ മൂന്നു ബൂത്തുകളിലും രാവിലെ വോട്ടെടുപ്പ് വൈകിയാണ് തുടങ്ങാനായത്.

രാവിലെ എഴുമണിക്കുതന്നെ വോട്ടർമാരെത്തിയെങ്കിലും യന്ത്രം പ്രവർത്തിക്കാത്തതിനെത്തുടർന്ന് ഉദ്യോഗസ്ഥരെത്തി തകരാറ് പരിഹരിച്ചശേഷമാണ് വോട്ടെടുപ്പ് തുടങ്ങിയത്. തമലം ത്രിവിക്രമംഗലം സ്കൂളിലെ പതിനാലാം ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്ന് ഒരു മണിക്കൂറോളം വോട്ടെടുപ്പ് വൈകി. പിന്നീട് പകരം യന്ത്രം കൊണ്ടുവന്നാണ്‌ വോട്ടെടുപ്പ് തുടങ്ങിയത്.

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലുൾപ്പെടുന്ന നേമം യു.പി. സ്കൂളിൽ ഇടയ്ക്കു യന്ത്രം തകരാറു വന്നതിനെത്തുടർന്ന് പുതിയത് കൊണ്ടുവന്നശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. നേമം സ്വരാജ് ഗ്രന്ഥശാലയിൽ യന്ത്രത്തകരാറുകാരണം വോട്ടെടുപ്പ് ഇടയ്ക്കിടെ തടസ്സപ്പെട്ടു. സത്യൻ നഗർ സെന്റ് ആന്റണീസ് സ്കൂളിലെ ഒരു ബൂത്തിൽ രാവിലെ വോട്ടിങ് യന്ത്രം പ്രവർത്തിക്കാത്തതുകാരണം പതിനഞ്ച് മിനിറ്റോളം വൈകിയാണ് തുടങ്ങിയത്. രാവിലെ മുതൽ നേമം മേഖലയിലെയും കല്ലിയൂർ, പള്ളിച്ചൽ, നരുവാമൂട്, കരമന പ്രദേശങ്ങളിൽ വോട്ടിങ്ങിനായി നീണ്ട നിരയായിരുന്നു.

നഗരാതിർത്തിവിട്ട് ഗ്രാമപ്പഞ്ചായത്ത് മേഖലകളിൽ മൂന്നു മുന്നണികളുടെയും പ്രവർത്തകർ സജീവമായിരുന്നു. നഗരപ്രദേശങ്ങളെക്കാൾ ആവേശം ഗ്രാമീണമേഖലകളിൽ കാണപ്പെട്ടു. ചില ബൂത്തുകളിൽ വോട്ടെടുപ്പ് മന്ദഗതിയിലാണ് മുന്നോട്ടുപോയത്. ഇതുകാരണം ചിലയിടങ്ങളിൽ വോട്ടർമാർക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. ചില ബൂത്തുകളിലെ സൗകര്യക്കുറവും വെളിച്ചക്കുറവും ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിച്ചു.