ഇത്തവണയും വോട്ടുചെയ്തതിന്റെ സന്തോഷത്തിലാണ് കുളത്തൂർ കോലത്തുകര കേളവിളാകം വീട്ടിൽ ജനാർദ്ദനൻ. ഈ വോട്ടർക്ക് വയസ്സ് 104. രാജ്യത്തെ ഏറ്റവും മുതിർന്ന വോട്ടർമാരിലൊരാൾ. ജീവിതത്തിൽ ഇതുവരെ താൻ വോട്ടുചെയ്യേണ്ടിയിരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടുചെയ്തയാൾ. എങ്കിലും ഒരു കന്നിവോട്ടറുടെ സന്തോഷത്തോടെയാണ് ചൊവ്വാഴ്ചയും അദ്ദേഹം ബൂത്തിൽനിന്ന് മടങ്ങിയത്.

കോലത്തുകര ക്ഷേത്രത്തിനടുത്തുള്ള വീടിന്റെ എതിർവശത്ത് കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിലായിരുന്നു അദ്ദേഹത്തിന് വോട്ട്. ചൊവ്വാഴ്ച പതിനൊന്നരയ്ക്കുമുമ്പായി, ചക്രക്കസേരയിലിരുത്തിയാണ് മക്കൾ സുബ്രഹ്മണ്യനും രാധാകൃഷ്ണനും ഗണേശും അച്ഛനെ കൊണ്ടുപോയത്. ഒറ്റയ്ക്ക് വോട്ടുചെയ്യാൻ പറ്റുമോ എന്ന് ബൂത്തിലെ ഓഫീസർ ചോദിച്ചു. മകൻ സുബ്രഹ്മണ്യൻ അതു തമിഴിലാക്കി, അച്ഛന്റെ ചെവിയിൽ ഉറക്കെ ആവർത്തിച്ചു. ‘മുടിയാത്’ എന്ന് മറുപടി. കൂടെയുള്ളതാരാണെന്ന് ഓഫീസർ ചോദിച്ചു. മകനാണെന്ന് സുബ്രഹ്മണ്യൻ സ്വയം പരിചയപ്പെടുത്തി. ഒപ്പിനുപകരം, വോട്ടറുടെ വിരലടയാളം പതിപ്പിച്ചു.

വോട്ടു ചെയ്യിച്ചയുടനെ മക്കൾ തിരികെ വീട്ടിലെ കട്ടിലിൽ കൊണ്ടുവന്നിരുത്തി. അദ്ദേഹം ഒരു ഗ്ലാസ് വെള്ളം ചോദിച്ചു വാങ്ങിക്കുടിച്ചു. വോട്ടുചെയ്തപ്പോൾ സന്തോഷമായോ എന്ന് ചോദിച്ചപ്പോൾ നിറഞ്ഞ ചിരി മറുപടി. ചിറയിൻകീഴ് പുളിമൂട് ആണ് ജനാർദ്ദനന്റെ സ്വദേശം. കാളിയമ്പി- കുഞ്ഞമ്മ ദമ്പതിമാരുടെ പന്ത്രണ്ടു മക്കളിൽ അഞ്ചാമൻ. പതിനഞ്ചു വയസ്സിനടുപ്പിച്ച് മധുരയ്ക്കു പോയി. അവിടെ പല ജോലികൾ ചെയ്തു കഴിഞ്ഞു.

ജനാർദ്ദനന് ഒരു കണ്ണിനേ ഇപ്പോൾ കാഴ്ചയുള്ളൂ. കേൾവി കുറഞ്ഞു. ഒരിക്കൽ വീണതിനെത്തുടർന്ന് ഒരു കൈയ്ക്ക് സ്വാധീനം തീരെ കുറഞ്ഞു. എങ്കിലും ഓർമ്മയ്ക്ക് നല്ല തെളിമ.

കുളത്തൂരിലെ നെട്ടയച്ചുവിളാകം തറവാട്ടിലെ സരോജിനിയെയാണ് ജനാർദ്ദനൻ വിവാഹം കഴിച്ചത്. കുളത്തൂർ പ്രദേശത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്ത പരേതനായ ജി.വിശ്വംഭരന്റെ സഹോദരിയാണ് സരോജിനി. മുത്തുകൃഷ്ണയ്യർ എന്നൊരാളോടൊപ്പം ജനാർദ്ദനൻ മധുരയിൽ മുപ്പതുകൊല്ലത്തിലധികം ‘വിശാലം കോഫി’ എന്ന പ്രശസ്തമായ കട നടത്തി. കോഫിയും ചെറുകടിയും മാത്രമേ അവിടെ വിറ്റിരുന്നുള്ളൂ. അച്ഛൻ ചേർക്കുന്ന കോഫി അന്നാട്ടിൽ പ്രസിദ്ധമായിരുന്നുവെന്ന് സുബ്രഹ്മണ്യൻ ഓർക്കുന്നു. മധുരയിൽ ഫെന്നർ ഇന്ത്യ എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്ന സുബ്രഹ്മണ്യൻ വിരമിച്ചതിനെത്തുടർന്ന് 2005-ൽ അച്ഛനെ തിരികെ കുളത്തൂരിൽ കേളവിളാകം വീട്ടിലേക്കു കൊണ്ടുവന്നതാണ്.