ഇന്ത്യൻ ചലച്ചിത്രലോകത്ത്‌ ഒരു മഹാമേരുവായി തലയുയർത്തി നിന്ന അതുല്യ പ്രതിഭ സത്യജിത്‌റായ്‌ മരണമടഞ്ഞത്‌ 1992 ഏപ്രിൽ 23നാണ്‌. അനിതരസാധാരണമായ ചലച്ചിത്ര സൃഷ്ടികൾ കൊണ്ട്‌ വിശ്വചലച്ചിത്രവേദിയിലെ മഹാരഥന്മാർക്കൊപ്പം സ്ഥാനം നേടിയ ഇന്ത്യയുടെ എക്കാലത്തേയും വലിയ സമ്പത്താണ്‌ അദ്ദേഹം.

ബാലസാഹിത്യകാരനും ചിത്രകാരനുമായ സുകുമാർ റായ്‌യുടേയും സുപ്രഭയുടേയും മകനായി 1921 മേയ്‌ 2ന്‌ കൊൽക്കത്തയിൽ ജനിച്ച റായ്‌യുടെ ബിരുദപഠനം പ്രസിഡൻസി കോളേജിലായിരുന്നു. സാമ്പത്തികശാസ്‌ത്രം പഠിച്ചെങ്കിലും ചിത്രകലയോടുള്ള താല്‌പര്യവും അമ്മയുടെ നിർബന്ധവും പ്രേരണയായതോടെ വിഖ്യാതമായ ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിലെ വിദ്യാർത്ഥിയായി മാറി അദ്ദേഹം. വിശ്രുത ചിത്രകാരന്മാരായ നന്ദലാൽ ബോസിന്റെയും അദ്ദേഹത്തിന്റെ ശിഷ്യൻ ബിനോദ്‌ ബിഹാരി മുഖർജിയുടേയും സ്വാധീനം അദ്ദേഹത്തെ രൂപപ്പെടുത്തി. പരസ്യഏജൻസിയായ ഡി.ജെ. കീമെറിൽ ചെലവഴിച്ച കാലഘട്ടം ഡിസൈനിങ്ങിലും പരസ്യകലയിലും പ്രാഗത്‌ഭ്യം നേടാൻ സഹായിച്ചു. ഒരു രൂപകലപനാ വിദഗ്ദ്ധൻ എന്ന നിലയിൽ സത്യജിത്‌റായിയുടെ കഴിവുകൾ അംഗീകരിക്കപ്പെട്ടത്‌ കൊൽക്കത്തയിലെ സിഗ്‌നറ്റ്‌ പ്രസിൽ ജോലിചെയ്യുമ്പോഴാണ്. ഈയവസരത്തിലാണ്‌ ജവഹർലാൽ നെഹ്‌റുവിന്റെ ‘ഡിസ്‌കവറി ഓഫ്‌ ഇന്ത്യ’, ജിംകോർബറ്റിന്റെ ‘മാൻ ഈറ്റേർസ്‌ ഓഫ്‌ കുമയൂൺ’, വിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ ജനപ്രീതി നേടിയ രചന ‘ചന്ദേർ പഹാർ’ എന്നീ കൃതികൾക്ക്‌ മനോഹരമായ പുറം ചട്ടകൾ രൂപകല്‌പന ചെയ്തത്‌. ആ അവസരത്തിൽ രൂപകല്‌പന നിർവഹിച്ച വിഭൂതിഭൂഷണിന്റെ ‘പഥേർ പാഞ്ചാലി’ ചലച്ചിത്രമാക്കിക്കൊണ്ടാണ്‌ ഇന്ത്യൻ ചലച്ചിത്രലോകത്തേയ്‌ക്ക്‌ പ്രവേശിച്ചത്‌.

വിറ്റോറിയോ ഡിസീക്കയുടെ വിശ്വവിഖ്യാത ചലച്ചിത്രം ‘ബൈസൈക്കിൾ തീവ്‌സ്‌’ സത്യജിത്‌റായിയുടെ സിനിമാസങ്കല്പങ്ങളെ അഗാധമായി സ്വാധീനിച്ചു. ആ അനുഭവങ്ങളിൽ നിന്ന്‌ ഊർജ്ജം ഉൾക്കൊണ്ട്‌ 1952ൽ ‘പഥേർ പാഞ്ചാലി’ ബംഗാളി ഭാഷയിൽ നിർമ്മിക്കാനാരംഭിച്ചു. സാമ്പത്തിക പ്രതിസന്ധിമൂലം മൂന്ന്‌ വർഷം നീണ്ടുപോയ ആ ചലച്ചിത്ര നിർമ്മാണം അവസാനിച്ചത്‌ ബംഗാൾ സർക്കാർ നൽകിയ സാമ്പത്തിക സഹായം മൂലമാണ്‌. ഇന്ത്യൻ ചലച്ചിത്ര ലോകത്ത്‌ ഒരു നവ്യാനുഭവമായി മാറി. ‘പഥേർ പാഞ്ചാലി’ വിമർശനങ്ങൾക്കിടയിലും പ്രശംസയുടെ ധാരാളിത്തം കൊണ്ട്‌ ചരിത്രം സൃഷ്ടിച്ചു ആ നവാഗത സംവിധായകൻ. ദൃശ്യവിസ്‌മയങ്ങളുടേയും ഗ്രാമീണ ജീവിതത്തിന്റെയും സുഖാനുഭൂതി പകർന്ന പഥേർ പാഞ്ചാലി ദാരിദ്ര്യത്തെ കച്ചവടച്ചരക്കാക്കുന്നു എന്ന ആരോപണവും നേരിട്ടു. പഥേർ പാഞ്ചാലിക്ക്‌ ശേഷം പുറത്തിറങ്ങിയ ‘അപരാജിതോ’ എന്ന ചലച്ചിത്രത്തോടെ സിനിമയുടെ ലോകത്തെ പുതുവസന്തമായി റായ്‌ അംഗീകരിക്കപ്പെട്ടു. വെനീഷ്‌ ചലച്ചിത്രമേളയിൽ ‘ഗോൾഡൺ ലയൺ’ പുരസ്കാരം നേടിയ ചലച്ചിത്രത്തെത്തുടർന്ന്‌ ‘പരാശ്‌പത്തർ’, ‘ജൽസാഗർ’ എന്നീ ചലച്ചിത്രങ്ങൾ പുറത്ത്‌വന്നു താരാശങ്കർ ബാനർജിയുടെ ചെറുകഥയെ ആസ്‌പദമാക്കി നിർമ്മിച്ച ജൽസാഗർ ബംഗാളിലെ ജൻമിത്വത്തിന്റെ തകർച്ചയുടെ കഥ പറയുന്നു. എന്നാൽ 1959-ൽ ‘അപുർസൻസാർ’ എന്ന സിനിമ നിർമ്മിച്ചതോടെ അഭ്രപാളികളിലെ തമ്പുരാനായി റായ്‌ അംഗീകരിക്കപ്പെട്ടു. പഥേർ പാഞ്ചാലി, അപരാജിതോ, അപുർസൻസാർ എന്നീ മൂന്നു ചലച്ചിത്രങ്ങൾ ‘അപുത്രയം’ എന്ന പേരിൽ ഇന്ത്യൻ ചലച്ചിത്രലോകത്തെ സുവർണ്ണജ്വാലകളായി നിലനിൽക്കുന്നു. റായ്‌യുടെ പ്രിയപ്പെട്ട നടൻ സൗമിത്ര ചാറ്റർജിയും ഷർമ്മിള ടാഗൂറും അഭിനയിച്ച അപൂർസൻസാർ എക്കാലത്തേയും മികച്ച ചലച്ചിത്രസൃഷ്ടികളിലൊന്നായി പരിഗണിക്കപ്പെടുന്നു.

കാഞ്ചൻജംഗ, ദേവി, മഹാനഗർ, തീൻകന്യ, മഹാപുരുഷ്‌, നായക്‌, ചാരുലത, ആരണ്യേർദിൻ രാത്രി തുടങ്ങിയ ചലച്ചിത്രങ്ങൾ സത്യജിത്‌റായെ ഇന്ത്യൻ സിനിമയുടെ എക്കാലത്തേയും വലിയ സംവിധായകനാക്കി. കൊൽക്കത്തത്രയം എന്നറിയപ്പെടുന്ന ‘പ്രതിദ്ധ്വന്തി’, സീമബദ്ധ, ജനആരണ്യ തുടങ്ങിയ ചലച്ചിത്രങ്ങളും കാഴ്ചയെ ഉത്സവമാക്കുന്നു. മുൻഷി പ്രേംചന്ദിന്റെ കൃതിയെ ആസ്‌പദമാക്കി നിർമ്മിച്ച ഹിന്ദി ചലച്ചിത്രം ശത്‌രഞ്ജ്‌ കെ കില്ലാഡിയും പ്രേക്ഷകശ്രദ്ധ നേടി. സോനാർ കെല്ല, ജോയ്‌ബാബ ഭോലുനാഥ്‌ എന്നീ കുറ്റാന്വേഷണ ചലച്ചിത്രങ്ങളും റായ്‌ സംവിധാനം ചെയ്തു. 1983 ലുണ്ടായ ഹൃദ്രോഗത്തെത്തുടർന്ന്‌ ചലച്ചിത്രങ്ങൾ അപൂർവമായി മാത്രം സംവിധാനം ചെയ്ത സത്യജിത്‌റായിയുടെ അവസാന ചിത്രം 1992ൽ പുറത്തിറങ്ങിയ അഗാന്തുക്ക്‌ ആണ്‌.

ബംഗാളി ബാലസാഹിത്യത്തിൽ ശക്തമായ മുദ്ര ചാർത്തിയ സത്യജിത്‌റായ്‌ കുറ്റാന്വേഷകനായ ഫെലുദയേയും ശാസ്‌ത്രജ്ഞനായ പ്രൊഫസർ ഷോങ്കുവിനേയും സൃഷ്ടിച്ചു. കുടുംബമാസികയായ സന്ദേശിൽ ഉൾപ്പെടെ രചിച്ച ചെറുകഥകൾ സത്യജിത്‌റായിയുടെ പ്രതിഭയുടെ നിദർശനങ്ങളാണ്‌. നോവൽ, ചെറുകഥ എന്നീ മേഖലകളിലും ശക്തമായ സംഭാവനകൾ റായ്‌ നൽകി. അങ്ങനെ സാഹിത്യത്തിന്റേയും ലോകത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ചു സത്യജിത്‌റായ്‌. മുപ്പതിലധികം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, ദാദാസാഹേബ്‌ ഫാൽക്കേ പുരസ്കാരം, ഫ്രഞ്ച്‌ സർക്കാരിന്റെ ലീജിയൻ ഓഫ്‌ ഓണർ, പ്രത്യേക ഓസ്‌കാർ പുരസ്കാരം തുടങ്ങിയവ ആ കഴിവിനുള്ള അംഗീകാരമായി.

ഇന്ത്യയുടെ എല്ലാ സിവിലിയൻ പുരസ്കാരങ്ങളും നേടിയ സത്യജിത്‌റായ്‌ ചലച്ചിത്രലോകത്തെ നിത്യവിസ്‌മയമായി പ്രഭപടർത്തി നിൽക്കുന്നു.