അഗ്നിരക്ഷാസേനയുടെ വിഴിഞ്ഞം സ്റ്റേഷനിലെ വാഹനങ്ങളെല്ലാം വഴിമുടക്കികൾ. തുരുമ്പുപിടിച്ച് ഒടിയാറായ ഷാസിയുമായാണ് ഒരു ഫയർഎൻജിൻ. ഒരു ജീപ്പാകട്ടെ ഓടിത്തുടങ്ങിയാൽ വഴിയിൽ താനെ നിൽക്കും. ആംബുലൻസിൽ ജീവൻ രക്ഷാ ഉപകരണങ്ങളില്ല. വിഴിഞ്ഞം തുറമുഖം, കോവളം വിനോദസഞ്ചാരകേന്ദ്രം, രാജ്യാന്തര തുറമുഖനിർമ്മാണം നടക്കുന്ന വിഴിഞ്ഞം- മുല്ലൂർ തീരം, വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം, നിരവധി ഐസ് ഫാക്ടറികൾ തുടങ്ങിയവയുള്ള വലിയൊരു പ്രദേശത്തിന്റെ സുരക്ഷാച്ചുമതലയുള്ള വിഴിഞ്ഞം അഗ്നിരക്ഷാനിലയമാണ് ദുരവസ്ഥയിലുള്ളത്.

പ്രദേശത്ത് അപകടങ്ങളോ അഗ്നിബാധയോ ഉണ്ടായാൽ അഗ്നിരക്ഷാസേനയെത്തുന്നത് വളരെ വൈകിയാണ്. വഴിയിൽ നിന്നുപോകുമെന്ന ഭയത്താൽ വാഹനങ്ങൾ വേഗം കുറച്ചാണ് പോകുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ വിഴിഞ്ഞം മേഖലയിൽ 118 തീപിടിത്തങ്ങളാണുണ്ടായത്.

വണ്ടി വൈകിയെത്തുന്നത് കാരണം പലപ്പോഴും നാട്ടുകാരുടെ മുന്നിൽ പരിഹാസപാത്രമായി മാറുകയാണ് അഗ്നിരക്ഷാസേന. അപകടവിവരമറിഞ്ഞാൽ 20 സെക്കൻഡിനുള്ളിൽ വാഹനം സജ്ജമാക്കി പോകണമെന്നാണ് ചട്ടം. ഒരു മിനിട്ടിൽ ഒരു കിലോമീറ്റർ കടക്കേണ്ട ഇവിടത്തെ വാഹനം തുരുമ്പിച്ച ഷാസിയായതിനാലാണ് പതുക്കെ ഓടിക്കുന്നത്.

ഇടുങ്ങിയ സ്ഥലങ്ങൾ, പ്രതിസന്ധി

വിഴിഞ്ഞം അഗ്നിരക്ഷാസേനയുടെ പത്ത് കിലോമീറ്റർ പരിധിയിൽ കൂടുതലും ഇടുങ്ങിയ ഇടങ്ങളാണ്. ഇവിടങ്ങളിൽ തീപിടിത്തമുണ്ടായാൽ വിഴിഞ്ഞത്തെ അഗ്നിരക്ഷാസേനയിലെ വാഹനങ്ങൾക്ക് സമയത്ത് എത്താനാവില്ല. അടുത്തിടെ വിഴിഞ്ഞത്തെ ഫിഷ് ലാൻഡിങ്ങിന് സമീപം വള്ളങ്ങൾ കത്തിയപ്പോഴും വൈകിയാണ് അഗ്നിരക്ഷാസേനയെത്തിയത്. ഇടുങ്ങിയ വഴിയായതിനാൽ വാഹനത്തിന് കടക്കാനുമായില്ല. ഇതേ തുടർന്ന് ഹോസെത്തിച്ച് വെള്ളം ചീറ്റിയെങ്കിലും വള്ളങ്ങളെല്ലാം കത്തിപ്പോയി.

ആംബുലൻസിൽ സ്ട്രെച്ചർമാത്രം

അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നതിന് വിഴിഞ്ഞം അഗ്നിരക്ഷാസേനയ്ക്കുള്ളത് 20 വർഷം പഴക്കമുള്ള ആംബുലൻസ്. ഓക്ലിജൻ അടക്കമുള്ള സംവിധാനങ്ങളൊന്നും ആംബുലൻസിലില്ല. ആകെയുള്ളത് പഴകിയ ഒരു സ്ട്രെച്ചർമാത്രം. ഈ ആംബുലൻസ് പുറത്തിറങ്ങണമെങ്കിൽ ആർ.ടി.ഒ. യുടെ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത് കാരണം പലപ്പോഴും സ്വകാര്യ ആംബുലൻസിനെയാണ് ആശ്രയിക്കുക. അപകടസ്ഥലങ്ങളിൽ നിരീക്ഷണത്തിന് എത്തേണ്ട ഉദ്യോഗസ്ഥർക്ക് പോകാൻ നൽകിയിരിക്കുന്ന ജീപ്പ് പലപ്പോഴും കേടാകും. ഇക്കാരണത്താൽ അപകടസ്ഥലത്തെത്താൻ പലപ്പോഴും മറ്റുവാഹനങ്ങളെയാണ് ഇവർ ആശ്രയിക്കുന്നത്.

സ്റ്റേഷൻ നവീകരണത്തിനും തടസ്സം

മൂന്ന് പതിറ്റാണ്ടായി തുറമുഖവകുപ്പിന്റെ സ്ഥലത്താണ് അഗ്നിരക്ഷാസേനയുടെ വിഴിഞ്ഞം സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഫിഷറീസ് വകുപ്പിനും ഈ സ്ഥലത്ത് പങ്കാളിത്തമുണ്ട്. അഗ്നിരക്ഷാസേനയ്ക്ക് കെട്ടിടമടക്കമുള്ള പുതിയ സൗകര്യങ്ങൾ ഒരുക്കാൻ ഇനിയും സ്ഥലംവേണം. എന്നാൽ, ഫിഷറീസ് വകുപ്പ് സ്ഥലം നൽകുന്നതിന് തടസ്സവാദമുന്നയിച്ചിരിക്കുകയാണ്. ഇക്കാരണത്താൽ സേനയുടെ വിഴിഞ്ഞം സ്റ്റേഷന്റെ നവീകരണം മുടങ്ങി. ഫിഷറീസ് വകുപ്പിന്റെ അംഗീകാരം കൂടി കിട്ടിയാലെ തുറമുഖവകുപ്പിന് അഗ്നിരക്ഷാസേനയ്ക്ക് സ്ഥലം നൽകാനാവു.