വെള്ളായണി കായലിൽ താമരയിലയും കുളവാഴയും നിറഞ്ഞതോടെ കായൽ മത്സ്യങ്ങളുടെ രുചിയറിഞ്ഞവർക്ക് കരിമീൻ ഉൾപ്പെടെ കിട്ടാതെയായി. വിവിധ നാടൻ മീനുകളുടെ കലവറയായിരുന്നു വെള്ളായണി കായൽ. മീൻ കുറഞ്ഞതു കാരണം മീൻപിടിത്തക്കാരുടെ ഉപജീവനവും വഴിമുട്ടി.

താമരയിലയും കുളവാഴയും നിറഞ്ഞതിനാൽ വള്ളത്തിൽ പോയി വലയെറിഞ്ഞ് മീൻ പിടിക്കാനാകുന്നില്ലെന്ന് മീൻപിടിത്തക്കാർ പറയുന്നു. മുമ്പ് വെള്ളായണി കായലിലെ കരിമീനിനായിരുന്നു ആവശ്യക്കാരേറെയുണ്ടായിരുന്നത്. ഇന്ന് കരിമീൻ ഒഴിച്ച് മറ്റു ചില മത്സ്യങ്ങൾ കിട്ടാതായി. കായലിൽനിന്നു പിടിക്കുന്ന മീൻ വെള്ളായണി കായൽ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണസംഘത്തിന്റെ മത്സ്യവിപണന സ്റ്റാളിലെത്തിച്ചാണ് വിൽക്കുന്നത്. മുമ്പ് എല്ലാ ദിവസവും മീനുമായി വരുന്ന തോണികളെയും കാത്ത് പുലർച്ചെ മുതൽ കാക്കമൂല ബണ്ട് റോഡിൽ മത്സ്യം വാങ്ങാനെത്തുന്നവരുടെ തിരക്കായിരുന്നു. അവധി ദിവസങ്ങളിൽ കായൽ മീനിനായി മറുനാടൻതൊഴിലാളികളുടെ തിരക്കുമുണ്ടായിരുന്നു. നഗരത്തിലെ വലിയ ഹോട്ടലുകളിലേക്കും ഇവിടെനിന്നു മീൻ വാങ്ങുമായിരുന്നു.

കായലിലെ മലിനീകരണം കാരണം ചില നാടൻ മീനുകൾക്കും വംശനാശം നേരിട്ടിട്ടുണ്ട്. ഉടതല, കുറുവ, ആറ്റുവാള, ചെങ്കാലി, പൂന്തി, നാടൻ കൊഞ്ച് തുടങ്ങിയ നാടൻ ഇനം മീനുകളെ കാണാനില്ലെന്ന് മീൻപിടിത്തക്കാർ പറയുന്നു. മീൻ കുറഞ്ഞതോടെ തൊഴിലാളികൾ മറ്റു ജോലികൾക്കു പോയിത്തുടങ്ങി. മത്സ്യസങ്കേതമായി വെള്ളായണി കായലിനെ സർക്കാർ അംഗീകരിച്ചിട്ടുണ്ടെങ്കിലും മത്സ്യസമ്പത്ത് നിലനിർത്താനുള്ള പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. നാടൻമത്സ്യങ്ങളുടെ പ്രജനനത്തിനായുള്ള പദ്ധതി കൂടി കായലിൽ നടപ്പാക്കണമെന്ന ആവശ്യമുണ്ട്. കട്‌ല, രോഹു, മൃഗാൾ, ലേവിയ തുടങ്ങിയ മത്സ്യങ്ങൾ നിലനിൽക്കേണ്ടത് കായലിലെ ജല ശുദ്ധീകരണത്തിനും ആവശ്യമാണ്. സ്ഥിരമായി അഡാക്കിന്റെ നേതൃത്വത്തിലാണ് കായലിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.