മെഡിക്കൽ കോളേജിന്‌ മുന്നിലെ റോഡിലേയും നടപ്പാതയിലേയും അനധികൃത കച്ചവടം അപകടഭീഷണിയാകുന്നു. മെഡിക്കൽ കോളേജ്‌ ആശുപത്രിക്കു മുന്നിലെ പ്രധാന റോഡിലും കവാടത്തിന്‌ സമീപവുമാണ്‌ നടപ്പാത കൈയേറി കച്ചവടം നടക്കുന്നത്‌. കടകളിലെ കച്ചവടസാധനങ്ങൾ നടപ്പാതയിലേക്ക്‌ ഇറക്കി വച്ചിരിക്കുന്നതിൽ വാഹനത്തിരക്കേറിയ റോഡിലൂടെ നടക്കേണ്ട അവസ്ഥയിലാണ്‌ കാൽനടക്കാർ.

രണ്ടുവരിപ്പാതയുടെ ഇരുവശത്തും അനധികൃതമായി വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതും ഗതാഗത തടസ്സം രൂക്ഷമാക്കുന്നു. രോഗികളുമായി വരുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെ കുടുങ്ങുന്നത്‌ പതിവാണ്‌.

ആശുപത്രിയുടെ പഴയ അത്യാഹിതവിഭാഗത്തിനു മുന്നിലെ നടപ്പാതയിൽ പാചകവാതകമുപയോഗിച്ച്‌ ഭക്ഷണം പാകം ചെയ്യുന്നതും ഇതിനടുത്ത്‌ റോഡിൽ വാഹനങ്ങൾ നിർത്തി ഭക്ഷണപ്പൊതികൾ വിൽക്കുന്നതും യാത്രക്കാർക്ക്‌ അപകടഭീഷണിയും ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. നടപ്പാതയിൽ പാകിയ ടൈലുകൾ പലയിടത്തും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ആശുപത്രിക്കെതിർവശത്തുള്ള ഭക്ഷണശാലകളും മറ്റുകടകളും നടപ്പാതയിൽ വച്ചിരിക്കുന്ന പരസ്യബോർഡുകളിൽ തട്ടി യാത്രക്കാർ വീഴുന്നത്‌ പതിവാണ്‌.

ദിവസവും ആയിരക്കണക്കിന്‌ ആളുകൾ എത്തുന്ന മെഡിക്കൽ കോളേജ്‌ ആശുപത്രിക്കു സമീപം നടക്കുന്ന നിയമലംഘനങ്ങൾ പരിഹരിക്കാൻ മെഡിക്കൽ കോളേജ്‌ പോലീസും കൗൺസിലറടക്കമുള്ള ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.