തിരുവനന്തപുരം: തീയിൽക്കുരുത്ത രാഷ്ട്രീയവീര്യം വെയിലേറ്റുവാടുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പുകാലത്ത് എല്ലായിടത്തും കാണാൻ കഴിയുന്നത്. കടുത്ത ചൂടിനെ അതിജീവിച്ച് പ്രചാരണക്കരുത്ത് കാട്ടാൻ രാഷ്ട്രീയ പ്രവർത്തകർ തയ്യാറാകുന്നില്ലെന്നാണ് പൊതുേവയുള്ള കാഴ്ച. വീറും വാശിയും മുദ്രാവാക്യത്തിലൊതുക്കി ആരോഗ്യംകാത്താണ് ഇത്തവണത്തെ പ്രചാരണം. കടുത്ത ചൂട് കുറയാതെ നിൽക്കുന്നതോടെ പ്രവർത്തകരുടെ ആവേശം ഇപ്പോൾ വാനോളം ഉയരുന്നില്ലെന്നതാണ് സത്യം. സൂര്യൻ കത്തിനിൽക്കുന്ന പകലിൽ തണുത്തുറഞ്ഞ രാഷ്ട്രീയപ്രവർത്തനമാണ് നഗരത്തിലും പരിസരത്തും.

നേരത്തേയൊക്കെ വേനൽക്കാലത്താണ് തിരഞ്ഞെടുപ്പെങ്കിലും പ്രവർത്തകർ ചൂടിനെ വകവയ്ക്കാതെ കൈമെയ് മറന്ന് പ്രചാരണത്തിലായിരിക്കും. എന്നാൽ, ഇത്തവണ ചൂടിന്റെ കാഠിന്യത്തിൽ പോരാട്ടവീര്യത്തിന് അൽപ്പം കുറവു വന്നിട്ടുണ്ട്. നേതാക്കളെ മാത്രമല്ല താഴെത്തട്ടിലെ പ്രവർത്തകരെയും ചൂട് ബാധിച്ചിരിക്കുകയാണ്.

നേരത്തേ പോസ്റ്റർ ഒട്ടിക്കാനും ചുമരെഴുതാനും ആളുകൾ പകലൊക്കെ എത്തിയിരുന്നു. എന്നാൽ, ചൂട് കനത്ത ഇപ്പോൾ ഇതെല്ലാം പുലർച്ചെയോ രാത്രിയിലോ ആണ് ചെയ്യുന്നത്. പലയിടത്തും കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ചൂട് പ്രചാരണമേഖലയിൽ കാണാനില്ലെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.

നേരംപുലരുമ്പോൾ എത്തുന്ന നോട്ടീസ്

ഇപ്പോൾ പുലർച്ചെയാണ് വീടുകളിൽ രാഷ്ട്രീയപ്പാർട്ടികളുടെ അഭ്യർഥനയുമായി പ്രവർത്തകർ എത്തുന്നത്. ചിലയിടങ്ങളിൽ വീട്ടുകാർ ഉണർന്നെണീക്കുമ്പോൾ അഭ്യർഥനയാണ് കണികാണുന്നത്. പോസ്റ്റർ ഒട്ടിക്കലും ബോർഡുകൾ സ്ഥാപിക്കുന്നതും ഈ സമയത്തുതന്നെ. വെയിലുറയ്ക്കും മുൻപ് പരമാവധി വീടുകളിലെത്തി പ്രചാരണം പൂർത്തിയാക്കാനാണ് പ്രവർത്തകരുടെ ശ്രമം. രാവിലെ ഏഴുമണിക്കുതന്നെ പലയിടത്തും പ്രവർത്തകർ ‘വോട്ടുപിടിക്കാൻ’ തുടങ്ങുന്നു. പത്തു മണിക്കുതന്നെ രാവിലത്തെ പ്രവർത്തനം അവസാനിപ്പിച്ച് വീടെത്താനാണ് ഇവരുടെ ലക്ഷ്യം. പൊള്ളുന്ന ചൂട് തുടങ്ങുന്നതിനു മുൻപ് ഇവർ ‘ഫീൽഡ്’ വിടുന്നു. വിശ്രമം കഴിഞ്ഞ് പിന്നീട് വൈകീട്ട് മൂന്നുമണിക്കുശേഷമാണ് പ്രവർത്തനം. അത് രാത്രിവരെ നീളും.

ചൂട് സ്ഥാനാർഥികളെയും വെള്ളംകുടിപ്പിക്കുന്നു

ചൂടിൽ തളരാതെനോക്കുന്നത് പ്രവർത്തകർ മാത്രമല്ല സ്ഥാനാർഥികളുമാണ്. പ്രചാരണത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയാണ് തുറന്ന വാഹനത്തിൽ സ്ഥാനാർഥികളുടെ വരവ്. ചിലയിടത്ത് പുലർച്ചെ ആറുമണിക്കുതന്നെ സ്ഥാനാർഥി പര്യടനം തുടങ്ങിയിരുന്നു. പാലും പത്രവുംവരുന്ന സമയത്ത് സ്ഥാനാർഥികളെയും കണ്ട് പലരും അദ്ഭുതപ്പെട്ടു. എന്നാൽ, പ്രിയപ്പെട്ട സ്ഥാനാർഥികളെ വരവേൽക്കാൻ പലയിടത്തും പുലർച്ചെതന്നെ ആളുകൾ തയ്യാറായി നിൽക്കുന്നതും ഈ തിരഞ്ഞെടുപ്പിന്റെ കാഴ്ചകളിലൊന്നാണ്. രാവിലെ 11, 12-വരെ മാത്രമേ സ്ഥാനാർഥികൾ പര്യടനം നടത്തുന്നുള്ളൂ. ചൂടുകാരണം ധാരാളം വെള്ളം കുടിക്കുന്നതായി സ്ഥാനാർഥികളും പറയുന്നു. ഉച്ചയ്ക്കുശേഷം മൂന്നുമണിവരെ സ്ഥാനാർഥികൾക്ക് നിർബന്ധിത വിശ്രമമാണ്. മൂന്നുമണിക്കുശേഷം തുടരുന്ന പ്രചാരണം രാത്രി വൈകുംവരെയുണ്ടാകും.

പാർട്ടി ഓഫീസുകളും വിജനം

തിരഞ്ഞെടുപ്പുകാലത്ത് സജീവമാകുന്ന ഇടമാണ് എല്ലായിടത്തെയും പാർട്ടി ഓഫീസുകൾ. എന്നാൽ, ഇത്തവണ പാർട്ടി ഓഫീസുകൾ പകൽസമയത്ത് വിജനമാണ്. എല്ലാ പാർട്ടിക്കാരും ബൂത്തുതലത്തിൽ ഓഫീസുകൾ തുറന്നിട്ടുണ്ട്. ടാർപോളിനും മറ്റും കൊണ്ടു നിർമിച്ചതിനാൽ ഇതിനുള്ളിൽ ചൂട് കൂടുതലാണെന്നും പ്രവർത്തകർ പറയുന്നു. സാധാരണ ഫാനിനുപോലും തണുപ്പിക്കാനാകാത്ത ചൂടാണ് ഇപ്പോഴത്തേതെന്നും ഇവർ പറയുന്നു. എന്നാൽ, പകൽ ഇവിടെയിരിക്കാനോ രാഷ്ട്രീയ കണക്കുകൂട്ടലുകൾ നടത്താനോ പ്രവർത്തകർ തയ്യാറാകുന്നില്ല. കനത്ത ചൂടുതന്നെ കാരണം. താത്കാലികമായി നിർമിച്ച ഓഫീസുകളിൽ ചൂട് കനത്തതോടെ പ്രവർത്തകർ പകൽ ഇങ്ങോട്ട് വരാതെയായി. ചിലയിടങ്ങളിൽ രാവിലെയും വൈകീട്ടും മാത്രമേ ബൂത്തുതല ഓഫീസുകൾ തുറക്കാറുള്ളൂ. കനത്ത ചൂടിൽ അസുഖങ്ങൾ വരാെത തിരഞ്ഞെടുപ്പുവരെ കഴിച്ചുകൂട്ടാൻ പെടാപ്പാടുപെടുകയാണ് പ്രവർത്തകരും നേതാക്കളും.

തിരഞ്ഞെടുപ്പിൽ ഏറ്റവും സജീവമാകുന്ന ബൂത്തുതല പ്രവർത്തനമാണ് ഇങ്ങനെ താളംതെറ്റുന്നതെന്ന ആശങ്ക നേതാക്കൾക്കുണ്ട്. എന്നാൽ, എല്ലാ കക്ഷികളും ഇക്കാര്യത്തിൽ ഇതേ അവസ്ഥയിലാണ്.

ചൂട് കൂടിയതോടെ പ്രവർത്തകരോട് പ്രചാരണസമയത്തിൽ മാറ്റംവരുത്താൻ നിർദേശം നൽകിയിട്ടുണ്ട്. രാവിലെ ഏഴുമണിക്കുതന്നെ പ്രചാരണം തുടങ്ങി ഏകദേശം 11.30, 12 മണിക്ക്‌ അവസാനിപ്പിച്ചശേഷം വൈകീട്ട് വീണ്ടും തുടങ്ങാനാണ് നിർദേശം നൽകിയിരിക്കുന്നത്. ചൂടുകൂടുന്ന കാലാവസ്ഥയ്ക്കനുസരിച്ച് സ്ഥാനാർഥികളുടെ പര്യടനസമയത്തിലും ക്രമീകരണം വരുത്തിയിട്ടുണ്ട്.

തമ്പാനൂർ രവി, കെ.പി.സി.സി. ജനറൽ സെക്രട്ടറി

ചൂടുസമയത്ത് പരസ്യപ്രചാരണത്തിന് അവധി നൽകാൻ പ്രവർത്തകരോട് നിർദേശിച്ചിട്ടുണ്ട്. പ്രചാരണം രാവിലെ 11-ന് അവസാനിപ്പിക്കും. വൈകീട്ട് 3-ന് ശേഷം വീണ്ടും തുടങ്ങുന്ന പ്രചാരണം രാത്രിവരെ തുടരും. ചൂടിനനുസരിച്ച് പ്രവർത്തനത്തിൽ മാറ്റംവരുത്താൻ നിർദേശം നൽകിയിട്ടുണ്ട്.

എം.വിജയകുമാർ, സി.പി.എം. സംസ്ഥാന സമിതിയംഗം

പരമാവധി സമയം പ്രചാരണം നടത്താനാണ് പ്രവർത്തകരോട് നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ചൂട് കനക്കുന്ന ഉച്ചസമയത്ത് വിശ്രമം ആവശ്യമാണ്. ചൂടുകുറയുന്ന സമയത്ത് പ്രചാരണം ശക്തമാക്കി കൂടുതൽ വോട്ടുകൾ സമാഹരിക്കുകയെന്നതാണ് ലക്ഷ്യം.

ജെ.പദ്മകുമാർ, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി