വിഴിഞ്ഞം മീൻപിടിത്തതുറമുഖത്ത് നിരീക്ഷണ ക്യാമറയും അഗ്നിരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കുന്ന പദ്ധതി പാളി.

നിരീക്ഷണ ക്യാമറയില്ലാത്തതുകാരണം തുറമുഖത്തുമാത്രമല്ല, വിഴിഞ്ഞം വാർഫുകളിലെത്തുന്ന സൈനിക- ആഡംബര കപ്പലുകൾക്കും സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ല.

കടൽസുരക്ഷയുടെ ഭാഗമായി കൂടുതൽ സേനാകപ്പലുകൾ അടുപ്പിക്കുന്നതിന് തീരസംരക്ഷണസേന പുതിയ ജെട്ടിയും മുട്ടത്തറയിൽ നാവികസേനാ താവളവും നിർമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം കടലിൽ വിവിധ തരത്തിലുള്ള സൈനിക കപ്പലുകൾ അടുപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും നാവികസേന സജ്ജമാക്കും. ഇതെല്ലാം കണക്കിലെടുത്ത് തുറമുഖ വകുപ്പും സൈനിക ഉദ്യോഗസ്ഥരും തുറമുഖ എൻജിനീയറിങ് വിഭാഗവും സംയുക്തമായി കഴിഞ്ഞവർഷം യോഗം കൂടിയാണ് സുരക്ഷയ്ക്ക് നിരീക്ഷണ ക്യാമറകളും അഗ്നിരക്ഷാ ഉപകരണങ്ങളും സ്ഥാപിക്കാൻ തീരുമാനിച്ചത്. തുറമുഖ വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പാക്കേണ്ടിയിരുന്നത്. എന്നാൽ, ഭരണാനുമതിക്ക് സമർപ്പിച്ച പദ്ധതി ഇപ്പോഴും ഫയലിൽത്തന്നെ.

പ്രഖ്യാപനം കഴിഞ്ഞമഴയ്ക്കുമുമ്പ് സ്ഥാപിക്കുമെന്ന്

വിഴിഞ്ഞത്തെ മീൻപിടിത്തതുറമുഖത്തെ കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ള പഴയ ലീവേർഡ് വാർഫിലും 10 വർഷം മുൻപ് നിർമിച്ച സീവേർഡ് വാർഫിലും പരിസരത്തുമാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കേണ്ടത്. കഴിഞ്ഞ മഴക്കാലത്തിന് മുമ്പ് ക്യാമറകൾ സ്ഥാപിച്ച് ട്രയൽ റൺ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. രാത്രിദൃശ്യങ്ങൾവരെ പകർത്താനുള്ള ക്യാമറകളും അവ െറക്കോഡ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള കൺട്രോൾ റൂം അടക്കമുള്ളവയുമാണ് ലക്ഷ്യമിട്ടിരുന്നത്. ഒരുകോടി രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തീക്കരിക്കേണ്ടിയിരുന്നത്.

സുരക്ഷാപ്രശ്നങ്ങളുന്നയിച്ച് കൊല്ലം, ബേപ്പൂർ എന്നീ തുറമുഖങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതിന്റെത്തുടർച്ചയായാണ് ഇവിടെയും ഇവ സ്ഥാപിക്കാൻ തീരുമാനിച്ചത്.

വിഴിഞ്ഞം തീരത്തുനിന്ന് മീൻപിടിത്തത്തിനു പോകുന്ന വള്ളങ്ങൾ, ലീവേർഡ് വാർഫിൽ മാലദ്വീപിൽനിന്നു ചരക്ക് കയറ്റാനെത്തുന്ന കപ്പലുകൾ, വന്നുപോകുന്ന ആഢംബര കപ്പലുകൾ എന്നിവയെ നിരീക്ഷിക്കുന്നതിനും ഇവിടെനിന്നുപോകുന്ന മത്സ്യത്തൊഴിലാളികളുടെയും വള്ളങ്ങളുടെയും വിവരങ്ങൾ ഫിഷറീസ് വകുപ്പിന് കൈമാറാനും പദ്ധതികൊണ്ട് ഉദ്ദേശിച്ചിരുന്നു.

പ്രാദേശിക തർക്കങ്ങളും തടസ്സം

ഓഖി ദുരന്തസമയത്ത് ലീവേർഡ് വാർഫിന്റെ പിന്നിലുള്ള ചുറ്റുമതിൽ തകർന്നിരുന്നു. ഇതിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും മുകളിൽ കമ്പിവേലി കെട്ടാനുണ്ട്. ലീവേർഡ് വാർഫിനെ സുരക്ഷാസംവിധാനമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ നാട്ടുകാർ അനുവദിക്കുന്നില്ല. ഒരുവശത്തു കടലും മൂന്നുവശത്ത് മതിലുമാണുള്ളത്. വാർഫിന്റെ മുൻവശത്ത് ഗേറ്റ് സ്ഥാപിക്കുന്നതിനും നാട്ടുകാർ സമ്മതിക്കുന്നില്ല. കടലേറ്റമുണ്ടാകുമ്പോൾ വള്ളങ്ങളെല്ലാം കെട്ടിയിടുന്നത് ഈ വാർഫിലാണ്. ഇക്കാരണത്താലാണ് ക്യാമറ സ്ഥാപിക്കൽ വൈകിയെന്ന് തുറമുഖ വകുപ്പ് അധികൃതർ പറഞ്ഞു.