ചേരിപരിഷ്‌കരണത്തിന് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. എന്നാൽ, ആറ്റുകാൽ ക്ഷേത്രത്തിനു സമീപമുള്ള ശിങ്കാരത്തോപ്പ് കോളനിയിൽ ദുരിതമൊഴിയുന്നില്ല.

പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, നിർമാണം പൂർത്തിയായിട്ടും തുറന്നുകൊടുക്കാത്ത കെട്ടിടങ്ങൾ, അശാസ്ത്രീയമായി നിർമിച്ച ഓടകൾ എന്നിവ ഇവിടെയെത്തിയ വികലമായ വികസനത്തിന്റെ കാഴ്ചകളാണ്.

നിർമിച്ച അങ്കണവാടി കെട്ടിടങ്ങൾ പൂട്ടിയനിലയിലാണ്. മാലിന്യസംസ്‌കരണത്തിനായി നിർമിച്ച ബയോഗ്യാസ് പ്ലാന്റ് ഉപയോഗശൂന്യമായി. ശ്വാസകോശ രോഗമുള്ളവർ ഒട്ടേറെയുണ്ട് ഈ കോളനിയിൽ. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളും കുറവ്.

അരനൂറ്റാണ്ടിന് മുമ്പ് അട്ടക്കുളങ്ങര കരിമഠം കോളനിയിൽനിന്നുള്ള 92 കുടുംബങ്ങളെ ചേരിപരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ എം.എസ്.കെ. നഗറെന്ന ശിങ്കാരത്തോപ്പിൽ പാർപ്പിച്ചത്. ആദ്യത്തെ സെറ്റിൽമെന്റ് കോളനികളിലൊന്നാണിത്.

പട്ടികജാതിക്കാരായ 92 കുടുംബങ്ങൾക്ക് പുറമേ എട്ട് ഇതര സമുദായത്തിൽപ്പെട്ട നിർധന കുടുംബങ്ങളുമുണ്ടിവിടെ.

350 ചതുരശ്ര അടിയിൽ പണിത വീടുകളിൽ ഒരു കിടക്കമുറിയും ചെറിയ അടുക്കളയും വരാന്തയുമാണുള്ളത്. കാലം കഴിഞ്ഞതോടെ ശിങ്കാരത്തോപ്പ് അവഗണനയിലായി.

കമ്യൂണിറ്റിഹാളും അങ്കണവാടിയും പൂട്ടി

കോളനിയിലെ പെൺകുട്ടികളുടെ വിവാഹം നടത്തിക്കുന്നതിനായാണ് നഗരസഭ ഇവിടെ കമ്യൂണിറ്റിഹാൾ നിർമിച്ചത്. കെട്ടിടം സൗജന്യമായി നൽകുന്നതാണ് പദ്ധതി. ലക്ഷങ്ങൾ മുടക്കി നിർമിച്ച കമ്യൂണിറ്റി ഹാളിലെ അന്തേവാസികളിപ്പോൾ മരപ്പട്ടിയും പൂച്ചകളുമാണ്. മാറാല അടിഞ്ഞ് നശിക്കുകയാണിത്. ടൈലുകളെല്ലാം തകർന്നു. പാമ്പുകളുമേറെ.

കമ്യൂണിറ്റി ഹാൾ കെട്ടിടം തുറന്നുകൊടുക്കണമെന്ന് കോളനിനിവാസികൾ ഏറെക്കാലമായി ആവശ്യപ്പെടുന്നു. നഗരസഭ മൗനം പാലിക്കുകയാണ്. വൈദ്യുതിബന്ധം ഇല്ലാതായി.

കെട്ടിടത്തിന്റെ പിന്നിലായാണ് അങ്കണവാടി. ഇതും പൂട്ടിക്കിടക്കുകയാണ്. അസ്തിവാരം ഇളകിയ നിലയിലാണ്. അടിഭാഗം ഇളകി മറിയുന്ന സ്ഥതിയിലാണ്.

വായനശാലക്കെട്ടിടവും

അടഞ്ഞുതന്നെ

വായനശാല പണിതെങ്കിലും പുസ്തകങ്ങളോ പത്രങ്ങളോ ഒന്നും ഇവിടെ നൽകിയിട്ടില്ല. ഇവിടെയും വൈദ്യുതിയില്ല. കെട്ടിടത്തിന്റെ കണ്ണാടിച്ചില്ലുകൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചു.

പുതുക്കി പണിത തിരുവിതാംകൂർ രാജകുടുംബത്തിന്റെ പഴയ കൊട്ടാരത്തിനും താഴിട്ടു.

പത്തുവർഷം മുൻപ് പഴയ കൊട്ടാരത്തിന്റെ തനിമ നിലനിർത്തിയാണ് കൊട്ടാരം പുതുക്കി പണിതത്. കോളനിവാസികളുടെ മീറ്റിങ്ങുകൾ,

തയ്യൽവേല, കുടനിർമാണം അടക്കമുള്ള പരിശീലനം നടത്തുന്നതിനാണ് കെട്ടിടം പുതുക്കി പണിതത്. ഇതും തുറന്നുകൊടുത്തില്ല. ഇവിടുത്തെ വൈദ്യുതിബന്ധവും വിച്ഛേദിച്ചു.

റോഡ് തകർന്നടിഞ്ഞു; സ്വീവേജ് സംവിധാനവും ഇല്ല

കോളനിയിലെ റോഡുകൾ 35 വർഷം മുമ്പാണ് ആദ്യമായി ടാറിട്ടത്. റോഡുകൾ തകർന്നടിഞ്ഞു.

പൊട്ടിപ്പൊളിഞ്ഞ റോഡുകളിലെ യാത്ര ദുരിതമാണെന്ന് കോളനിവാസികൾ പറയുന്നു.

എട്ടുമാസം മുൻപ് റോഡ് ടാറ് ചെയ്യാനായി ചല്ലിയും ടാറും യന്ത്രവും എത്തിച്ചിരുന്നു. ടാറ് സൂക്ഷിച്ചിട്ടുള്ള വീപ്പകളിൽ കാടുകയറി. ടാറിങ്ങിനായി കൊണ്ടിട്ട ചല്ലി റോഡിൽ നിറഞ്ഞു. ഇപ്പോൾ ഇതുവഴി

നടക്കാനും കഴിയുന്നില്ല. സ്വീവേജ് സംവിധാനം ഇതുവരെയും ഒരുക്കിയിട്ടില്ല.

കെട്ടിടങ്ങൾ പണിതുകൊടുത്ത കാലം മുതലുള്ള വാഗ്ദാനമാണിത്. കുര്യാത്തി അമ്മൻ കോവിൽ ജങ്ഷൻ വരെ സ്വീവേജ് ലൈനുണ്ട്.

പമ്പിങ് സ്റ്റേഷന് ആവശ്യമായ സ്ഥലവും ഇവിടെയുണ്ട്. കുഴികക്കൂസ് രൂപത്തിലുള്ള ശൗചാലയങ്ങളാണ് ഇവിടെയുള്ളത്. കാലം ഇത്രയൊക്കെയായിട്ടും ഇവിടെ തുണിമറച്ച കക്കൂസുകളാണ് ഉള്ളത്. ചില കുടുംബങ്ങൾക്ക് ഇപ്പോഴും കക്കൂസില്ല. ഉള്ളവർക്കാണെങ്കിൽ കക്കൂസ് മാലിന്യം നീക്കം ചെയ്യാനുള്ള സൗകര്യവുമില്ല.