സ്വദേശി ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള നാടൻ വിപണനമേളയിൽ താരങ്ങളാകുന്നത് ചക്ക, പുളിഞ്ചിക്ക, ജാതിക്ക ഉത്പന്നങ്ങൾ. കൊളസ്ട്രോൾ നിവാരണി, ജാതിക്ക ടോൺ, ചക്ക ടോൺ എന്നിവയുടെ ഔഷധഗുണം തേടി നിരവധിപ്പേർ മേളയ്ക്കെത്തുന്നു. സെക്രട്ടേറിയറ്റിനുസമീപം വൈ.എം.സി.എ. ഹാളിലാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. 24 വരെയാണ് പ്രദർശനം.

ഇതിന്റെ ഭാഗമായുള്ള ‘ഗാന്ധിജി 150-ാം ജയന്തി ആഘോഷ പരിപാടികൾ’ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. പ്രദർശനം കണ്ടശേഷമാണ് അദ്ദേഹം മടങ്ങിയത്. നാടൻ സോപ്പ് നിർമാണം, ദൈനംദിനാവശ്യങ്ങൾക്കുള്ള ഉത്പന്നങ്ങളുടെ നിർമാണം, കടലാസ് സഞ്ചി നിർമാണം എന്നിവയിൽ നിരവധിപ്പേർക്ക് പരിശീലനം നൽകി. 9, 10, 11 തീയതികളിലായി കേക്ക് നിർമാണത്തിൽ പരിശീലനം നൽകും. കുട, ചക്ക ഉത്‌പന്നം, മാസലപ്പൊടി എന്നിവയുടെ നിർമാണത്തിലും പ്രകൃതിക്കൃഷിയിലുമുള്ള പരിശീലനവും ഉത്സവത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്.

പ്രമേഹബാധിതർക്കുള്ള പുനാർപുളി പാനീയം, മാതളം, പാഷൻഫ്രൂട്ട്, ലമൺ ജിഞ്ചർ, അത്തിപ്പഴം, നറുെനണ്ടി സ്‌ക്വാഷ് ഉത്‌പന്നങ്ങൾ, ചക്ക കൊണ്ടുള്ള പേഡ, വരട്ടി, അച്ചാർ, സ്‌ക്വാഷ്, ചക്കക്കുരു അവലോസ് പൊടി തുടങ്ങി വൈവിധ്യമാർന്ന നാടൻ ഉത്‌പന്നങ്ങൾ മേളയിലുണ്ട്. പ്രമേഹമുള്ളവർക്ക് കഴിക്കാനാകുന്ന ഉണക്കച്ചക്കച്ചുളയ്ക്കും ആവശ്യക്കാരേറെയെത്തുന്നു. നാടൻ അച്ചാറുകൾ, ചമ്മന്തിപ്പൊടികൾ, മരച്ചീനി കൊണ്ടുള്ള ഉത്പന്നങ്ങൾ, വാട്ടുകപ്പ, ചക്കക്കുരു ഉണ്ണിയപ്പം, തേൻ ജാതിക്ക ചിപ്‌സ് എന്നിവയുമുണ്ട്. പ്രകൃതിവിഭവങ്ങൾ കൊണ്ട് നാടൻ രീതിയിൽ തയ്യാറാക്കിയ സോപ്പ് ഉത്പന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയും പ്രത്യേക ശ്രദ്ധ നേടുന്നു.