ബാലചലച്ചിത്രമേളയുടെ സമാപനദിവസമായ വ്യാഴാഴ്ച കുട്ടികൾക്കൊപ്പം സിനിമ കാണാൻ ഗവർണർ പി.സദാശിവം എത്തി. ഭാര്യ സരസ്വതി സദാശിവത്തിനൊപ്പമെത്തിയാണ് കലാഭവൻ തിയേറ്ററിൽ അദ്ദേഹം ത്രീ ഡി ചിത്രമായ ‘അക്വാമാൻ’ കണ്ടത്. പത്തു വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഒരു വിനോദപരിപാടി ആസ്വദിക്കാൻ കുടുംബസമേതം എത്തുന്നതെന്ന് ഗവർണർ പറഞ്ഞു.

ഭാവിതലമുറയുടെ ഒരു പരിച്ഛേദമാണ് ഈ മേളയിൽ കാണാൻ കഴിഞ്ഞതെന്ന് ഗവർണർ പറഞ്ഞു. മേള അവസാനിച്ചാലും ഇവിടെ പ്രദർശിപ്പിച്ച സിനിമകൾ നൽകുന്ന സന്ദേശം എന്നും കുട്ടികളുടെ മനസ്സിലുണ്ടാകും. വിവിധ സാമൂഹികസാഹചര്യങ്ങളിൽനിന്നുള്ള കുട്ടികൾ മേളയുടെ ഭാഗമായതായി അറിയാൻ കഴിഞ്ഞു. അതു വളരെ സന്തോഷമുള്ള കാര്യമാണ്. മേളയുടെ ഉദ്ഘാടന, സമാപന ചടങ്ങുകളിലേക്ക് ഗവർണറെ ക്ഷണിച്ചിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകൾ കാരണം എത്താൻ കഴിഞ്ഞിരുന്നില്ല.

സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ്.പി.ദീപക്, കെ.ടി.ഡി.സി. ചെയർമാൻ എം.വിജയകുമാർ, സമിതി ഭാരവാഹികളായ രാധാകൃഷ്ണൻ, അഴീക്കോടൻ ചന്ദ്രൻ തുടങ്ങിയവരും ഗവർണർക്കൊപ്പമുണ്ടായിരുന്നു. നിറഞ്ഞ സദസ്സിലായിരുന്നു സിനിമ പ്രദർശിപ്പിച്ചത്. സീറ്റുകിട്ടാതെ പല കുട്ടികളും നിരാശരായി മടങ്ങി.