അറിവിനുപുറമേ ആരോഗ്യവും അച്ചടക്കവുമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെ ആറ് ദിവസത്തെ പരിശീലന ക്യാമ്പിന് വഴുതക്കാട് കോട്ടൺഹിൽ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. തിരുവനന്തപുരം സിറ്റിപോലീസിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്.

225 ആൺകുട്ടികളും 375 പെൺകുട്ടികളുമടക്കം 600 പേരാണ് ക്യാമ്പിലുള്ളത്. സ്വയംപ്രതിരോധത്തിനുള്ള പരിശീലനത്തിനുപുറമേ കളരി, യോഗയും ഇവരെ പ്രത്യേകമായി പരിശീലിപ്പിക്കുന്നുണ്ട്. നാലാംദിവസമായ ക്യാമ്പിൽ നാട്ടറിവിന്റെ കലവറയായ ലക്ഷ്മിക്കുട്ടി, കുട്ടികൾക്ക് അമൂല്യ ഔഷങ്ങളുടെ പ്രാധാന്യം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള അറിവുകൾ പകർന്നുനൽകി. നാട്ടിലുള്ള പച്ചിലകളുപയോഗിച്ച് എളുപ്പം മുറിവുറണക്കാനുള്ള വിദ്യകളും അവർ പറഞ്ഞുകൊടുത്തു.

പ്രതിസന്ധികളെ തരണം ചെയ്യാനുള്ള വ്യക്തിത്വവികസനം ക്യാമ്പിലെ പ്രധാന വിഷയമാണ്. കളരി, യോഗ എന്നിവയും ഇവരെ പരിശീലിപ്പിക്കുന്നുണ്ട്. ആറ് ദിവസവും ക്യാമ്പിൽ താമസിച്ചാണ് ഇവർ പങ്കെടുക്കുക. ചരിത്രം, ശാസ്ത്രം, സിനിമ എന്നിവയെക്കുറിച്ച് അറിയുന്നതിനുമായി സന്ദർശനങ്ങളും സംഘടിപ്പിച്ചു. വി.എസ്.എസ്.സി.യിലെ ശാസ്ത്ര മ്യൂസിയവും കുതിരമാളികയിലെ ചരിത്രാവശേഷിപ്പുകൾ, സിനിമയ്ക്കായി ആദ്യമായി ഉപയോഗിച്ച ക്യാമറകളും സിനിമാ ചിത്രീകരണത്തെയുംക്കുറിച്ച് അറിയുന്നതിനായി ചിത്രാഞ്ജലി സ്റ്റുഡിയോ എന്നിവയും കേഡറ്റുകൾ സന്ദർശിച്ചു.

ക്യാമ്പിന്റെ ഭാഗമായി വ്യാഴാഴ്ച സെക്രട്ടേറിയറ്റിലെ പഴയ അസംബ്ലി ഹാളിൽ കേഡറ്റുകൾക്കായി മോക്ക് അസംബ്ലി സംഘടിപ്പിച്ചു. മന്ത്രി കെ.ടി.ജലീൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബില്ലവതരണത്തെക്കുറിച്ചുള്ളതായിരുന്നു വിഷയം. 18-ന് രാവിലെ 7.30-ന്‌ നടക്കുന്ന കേഡറ്റുകളുടെ പാസിങ് ഔട്ട് നടക്കും. ഗവർണർ പി.സദാശിവം സല്യൂട്ട് സ്വീകരിക്കും. തുടർന്ന് ഉച്ചയോടെ ക്യാമ്പ് അവസാനിക്കും. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണറും എസ്.പി.സി.യുടെ ജില്ലാ നോഡൽഓഫീസറുമായ ആർ.പ്രദീപ് കുമാറിന്റെ നിയന്ത്രണത്തിലാണ് ക്യാമ്പ്‌ സംഘടിപ്പിച്ചത്. എ.എസ്.ഐ. ഗോപകുമാർ, സി.പി.ഒ. സുബാഷ് എന്നിവർ കോ-ഒാർഡിനേറ്ററുമാണ്.