: അഞ്ച്‌ കിലോമീറ്ററോളം ദൂരമുള്ള അടിമലത്തുറ കടൽത്തീരത്ത് സുരക്ഷാസംവിധാനങ്ങളൊരുക്കാതെ അധികൃതർ. അപ്രതീക്ഷിതമായി കടൽച്ചുഴി രൂപപ്പെടുന്ന തീരത്ത്‌ അപകടങ്ങൾ കൂടുകയാണ്‌. ദുരന്തം പതിയിരിക്കുന്നത് തിരിച്ചറിയാതെ കടലിറങ്ങുന്നതാണ് അപകടത്തിനു കാരണമാകുന്നതെന്ന്‌ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ദിവസം അടിമലത്തുറ കൺവെൻഷൻ സെന്ററിന് സമീപം കടൽത്തീരത്തെത്തിയ മൂന്ന് വിദ്യാർഥിനികൾ തിരയിൽപ്പെട്ട് മരിക്കാൻ കാരണമായതും കടൽച്ചുഴിയാണെന്നാണ്‌ പ്രദേശവാസികളുടെ വിലയിരുത്തൽ.

കോവിഡ്-19-വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തീരത്ത് ഇപ്പോൾ വിദേശികളടക്കമുള്ളവർ ഒഴിഞ്ഞനിലയിലാണ്. വിദേശ-സ്വദേശ സഞ്ചാരികൾ വന്നുപോകുന്ന തീരത്ത് യാതൊരു സുരക്ഷാസംവിധാനങ്ങളിലെന്നു നാട്ടുകാരും പറയുന്നു. പെട്ടെന്ന് കടൽപ്രക്ഷുബ്ദമാകുന്ന സാഹചര്യമാണ് ഇവിടെ കടലിനുള്ളതെന്നും മത്സ്യത്തൊഴിലാളികളും പറയുന്നു. അതിനാൽ അതീവ ശ്രദ്ധവേണ്ട തീരമാണ് അടിമലത്തുറയെന്ന്‌ ഇവിടെ ജോലിനോക്കുന്ന സ്ഥലവാസിയും കോസ്റ്റൽ വാർഡനുമായ സിൽവയ്യൻ പറഞ്ഞു.

ആകെയുള്ളത് ഒരു ഹൈമാസ്റ്റ് ലൈറ്റ്: ക്യാമറകൾ ഇല്ല

: ജില്ലയിലെ കടൽത്തീരങ്ങളിൽ പുൽമേടും തീരവും സമന്വയിച്ചുള്ളതാണ് അടിമലത്തുറ കടൽത്തീരം. അവധി ദിവസങ്ങളിൽ കുടുംബങ്ങളായും അയൽസംസ്ഥാനങ്ങളിൽനിന്നുമായി നൂറുകണക്കിന് വിനോദസഞ്ചാരികൾ വന്നുപോകുന്ന ഇടവുമാണിത്.

വൻകിട സ്വകാര്യ റിസോട്ടുകൾ തീരത്തിന്റെ ഒരുവശത്തായി അവരുടെ അതിഥികൾക്കുള്ള സൗകര്യങ്ങൾക്കായി കടൽത്തീരത്ത് വിശ്രമിക്കുന്നതിനുള്ള കുടയും കട്ടിലും കസേരകളടക്കമുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ഈ ഭാഗത്തേത്ത് സ്വദേശികളായ വിനോദസഞ്ചാരികൾ അധികം കടന്നുചെല്ലാറില്ല. ഇതിന് ഇപ്പുറത്തുളള തീരത്താണ് സ്വദേശികളായ നാട്ടുകാർ വന്നുപോകുന്നത്.

ഇവിടെ ആര് വന്നുപോകുന്നുവെന്ന് കണ്ടെത്തുന്നതിനോ നിരീക്ഷിക്കുന്നതിനോ ഒരു സുരക്ഷാസംവിധാനങ്ങളുമില്ല. തീരത്ത് അടിമലത്തുറ പള്ളിയുടെ കുരിശ്ശടിക്ക് മുന്നിലായി ആകെയുള്ളത് ഒരു ഹൈമാസ്റ്റ് ലൈറ്റുമാത്രമാണ്. ഇവിെട സർക്കാരിന്റെയോ പോലീസിന്റെയോ നിരീക്ഷണ ക്യാമറകളൊന്നും സ്ഥാപിച്ചിട്ടില്ല.

ലൈഫ് ഗാർഡുകളില്ല

: സ്വകാര്യ റിസോർട്ടുകാർ അവരുടെ അതിഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന ലൈഫ് ഗാർഡുകൾ അല്ലാതെ വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ലൈഫ് ഗാർഡുകൾ ഇവിടില്ല. ഇത്തരത്തിലുള്ള ലൈഫ് ഗാർഡുകളുടെ സേവനം ഇവിടെയുണ്ടായിരുവെങ്കിൽ കഴിഞ്ഞ വെള്ളിയാഴ്ച കടലിൽ തിരയിൽപ്പെട്ട വിദ്യാർഥിനികളെ രക്ഷപ്പെടുത്താനാകുമായിരുന്നുവെന്നും നാട്ടുകാരിൽ അഭിപ്രായമുയർന്നിട്ടുണ്ട്. ടൂറിസം വകുപ്പ് നടപ്പാക്കുന്ന കോവളം-വിഴിഞ്ഞം-പൂവാർ കോറിഡോർ മാസ്റ്റർ പ്ലാനിൽ അടിമലത്തുറ തീരത്ത് സുരക്ഷാമാനദണ്ഡങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.