ചിറക്കുളം റോഡ്‌ റസിഡന്റ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. വനിതാവേദി ചെയർപേഴ്‌സൺ രാധാമണി അമ്മാൾ അധ്യക്ഷയായി. ഡോ. അഞ്ജു ദീപക്‌ ഉണ്ണിത്താൻ ഉദ്‌ഘാടനം നിർവഹിച്ചു. സെക്രട്ടറി രമാഗോപാലകൃഷ്ണൻ, വിജയലക്ഷ്മി മേനോൻ, അസോസിയേഷൻ വൈസ്‌ പ്രസിഡന്റ്‌ രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വനിതാവേദി ചെയർപേഴ്‌സൺ രാധാമണി അമ്മാളിനെ ആദരിക്കുകയും ചെയ്തു.

ഫ്രാസ്‌

ശ്രീകാര്യം മേഖലയിലേയും സമീപപ്രദേശങ്ങളിലേയും റസിഡന്റ്‌സ്‌ അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ്‌ റസിഡന്റ്‌സ്‌ അസോസിയേഷൻസ്‌, ശ്രീകാര്യം (ഫ്രാസ്‌), മെഡിക്കൽ കോളേജ്‌ ഹെൽത്ത്‌ യൂണിറ്റ്‌ പാങ്ങപ്പാറ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊറോണ വൈറസ്‌ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്‌കരണവും സംഘടിപ്പിക്കുന്നു. മെഡിക്കൽ കോളേജ്‌ ഹെൽത്ത്‌ യൂണിറ്റ്‌ പാങ്ങപ്പാറ എ.എം.ഒ. ഡോ. അനീഷ്‌ ടി.എസ്‌. വിളിച്ചു ചേർത്ത യോഗത്തിൽ ഫ്രാസ്‌ പ്രസിഡന്റ്‌ കെ.ജി.ബാബു വട്ടപ്പറമ്പിൽ, സെക്രട്ടറിമാരായ കരിയം ബി.ചന്ദ്രൻ, ഞാണ്ടൂർക്കോണം വിൽഫ്രഡ്‌, സുരേഷ്‌ സാരഥി തുടങ്ങിയവർ പങ്കെടുത്തു.

ഫ്രാസിന്റെയും ഹെൽത്ത്‌ യൂണിറ്റിന്റെയും പരിധിയിൽ വരുന്ന ഇരുന്നൂറിൽപ്പരം റസിഡന്റ്‌സ്‌ അസോസിയേഷനുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രചാരണ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിച്ചു. കൊറോണ പ്രതിരോധ പ്രവർത്തന മാർഗനിർദ്ദേശങ്ങൾ തുടങ്ങിയ നോട്ടീസ്‌ വിതരണം ചെയ്തു. പ്രതിരോധ നിർദേശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ എല്ലാ റസിഡന്റ്‌സ്‌ അസോസിയേഷനുകളിലുമുള്ള കുടുംബങ്ങളിലും പ്രചരിപ്പിച്ചു. പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ, ബസ്‌ സ്റ്റാൻഡുകൾ, മറ്റ്‌ തിരക്കേറിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ദിവസേന പ്രതിരോധ മാർഗ്ഗങ്ങളുടെ ഭാഗമായി ഇ-സോപ്പ്‌ ഉപയോഗിച്ചുള്ള കൈകഴുകി വൃത്തിയാക്കൽ ഡെമോ പ്രദർശിപ്പിച്ചു.

ചെല്ലമംഗലം ജനതാ

ചെല്ലമംഗലം ജനതാ റസിഡന്റ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ കൊറോണ പ്രതിരോധ പ്രചാരണവും ബോധവത്‌കരണവും നടത്തി. മൈക്ക്‌ അനൗൺസ്‌മെന്റും ബോധവത്‌കരണ നോട്ടീസ്‌ വിതരണവും നടത്തി. ഹെൽത്ത്‌ ഉദ്യോഗസ്ഥന്മാർ, ജനമൈത്രി പോലീസ്‌ ഉദ്യോഗസ്ഥന്മാർ, ജെ.ആർ.എ. ഭാരവാഹികൾ എന്നിവർ പ്രചാരണത്തിന്‌ നേതൃത്വം നൽകി. ഭാരവാഹികളായ കെ.ധർമ്മരാജൻ, കെ.ജി.ബാബു വട്ടപ്പറമ്പിൽ, ശകുന്തളാ ശിവാനന്ദൻ, എം.അബിക, കെ.ജി.മത്തായിക്കുട്ടി, ടി.എ.ഭാസ്കരൻ, മധുബാൽ, കുർഷിദാബീവി എന്നിവർ പ്രതിരോധപ്രവർത്തനങ്ങൾ നിയന്ത്രിച്ചു.