തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന് ഊർജം പകർന്ന് ജില്ലയിലെ ഫീൽഡ് ലെവൽ വൊളന്റിയർമാർ. ജില്ലയിലെ 73 പഞ്ചായത്തുകൾ, നാല് മുനിസിപ്പാലിറ്റികൾ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽനിന്നുമായി പതിനാറായിരത്തോളം വൊളന്റിയർമാരാണ് നിലവിൽ ഉള്ളത്. അതാത് മേഖലകളിലെ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഇവർക്ക് പരിശീലനവും നൽകിയിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഒരോ വാർഡിൽനിന്ന്‌ 10 പേരെ വീതവും കോർപ്പറേഷനിൽ ഓരോ വാർഡിൽ നിന്ന്‌ 20 പേരെ വീതവുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

ഒരു വൊളന്റിയർ, ഒരു ഹെൽത്ത് വർക്കർ, ഒരു ജനമൈത്രി പോലീസ് എന്നിവരടങ്ങുന്ന അഞ്ച് സംഘങ്ങളാണ് ഒരോ വാർഡിലും പ്രവർത്തിക്കുന്നത്. ക്വാറന്റൈനിലുള്ള വ്യക്തികൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് സംഘത്തിന്റെ പ്രധാന ദൗത്യം. നിർദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരെക്കുറിച്ചുള്ള വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കും. ഇത്തരക്കാർക്കെതിരേ കർശന നടപടിയാണ് എടുക്കുക. നിരീക്ഷണത്തിൽ ഉള്ളവർക്ക് ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ ആവശ്യമെങ്കിൽ എത്തിച്ചുകൊടുക്കുകയും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും. നിരീക്ഷണത്തിലുള്ളവരുമായി ബന്ധപ്പെടുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംഘത്തിലുള്ളവർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

പരിശോധന കർശനമാക്കി ആഭ്യന്തര വിമാനത്താവളം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി. കോവിഡ് ബാധിത രാജ്യങ്ങളിൽനിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുമായി വിമാനത്തിൽ എത്തുന്ന മുഴുവൻ പേരെയും പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്.

ജനുവരി 31-ന് ആരംഭിച്ച നിരീക്ഷണവും പരിശോധനയും കൂടുതൽ കർശനമാക്കിയത് മാർച്ച് 13 മുതൽക്കാണ്. ജനുവരി 31 മുതൽ മാർച്ച് 22 ഉച്ചയ്ക്ക് രണ്ട് മണിവരെയുള്ള കണക്കനുസരിച്ച് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ 3530 പേരെ പരിശോധനയ്ക്കു വിധേയരാക്കുകയും 37 പേരെ വിദഗ്ധ പരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

ഫ്ളാഷ് തെർമോമീറ്റർ ഉപയോഗിച്ചാണ് ശരീരോഷ്മാവ്‌ പരിശോധിക്കുന്നത്. ഡോക്ടർമാരുടെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തിൽ യാത്രക്കാർക്ക് ബോധവത്‌കരണം നൽകുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്യുന്നു. സർക്കാർ ഹെൽത്ത് സർവീസിലെ ഡോക്ടർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, നാഷണൽ ഹെൽത്ത് മിഷൻ സ്റ്റാഫ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, കേരള പോലീസ് എന്നിവർ അടങ്ങുന്ന സംഘം രാവിലെ ഏഴുമണി മുതൽ രാത്രി അവസാന വിമാനം കണ്ണൂരിൽ നിന്നെത്തുന്നതുവരെ കർമനിരതരാണ്.

യാത്രാവിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് റിപ്പോർട്ടിങ് ഫോം, ഹോം ക്വാറന്റയിൻ നിർദേശിച്ചിട്ടുള്ളവർ പൂരിപ്പിക്കേണ്ട സമ്മതപത്രം എന്നിവ ഹെൽപ്പ്‌ ഡെസ്‌ക് മുഖേന വിതരണം ചെയ്യുന്നു.

കർഫ്യൂദിനത്തിൽ പൊതുയിടങ്ങൾ അണുവിമുക്തമാക്കി  അഗ്നിശമനസേന  

ജനതാ കർഫ്യൂ ദിനത്തിൽ തിരക്കൊഴിഞ്ഞ പൊതുയിടങ്ങൾ വൃത്തിയാക്കി അണിവിമുക്തമാക്കാനുള്ള ശ്രമത്തിലായിരുന്നു അഗ്നിശമന സേന. സംസ്ഥാനത്തെ 126 സ്റ്റേഷനുകളിൽ നിന്നായി 2000 സേനാംഗങ്ങൾ രംഗത്തിറങ്ങി. അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങേണ്ട ഉദ്യോഗസ്ഥർ മാത്രമാണ് സ്റ്റേഷനുകളിൽ ജോലിക്കുണ്ടായിരുന്നത്.  
രാവിലെ ആറുമുതൽ സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡുകൾ, പാർക്കുകൾ, നടപ്പാതകൾ തുടങ്ങി പൊതുജനങ്ങൾ കൂടി നിൽക്കാറുള്ള സ്ഥലങ്ങളിലെല്ലാം അണുനാശിനി തളിച്ചു തുടങ്ങി. ബസ് സ്‌റ്റേഷനുകളിലെയും, റെയിൽവേ സ്‌റ്റേഷനുകളിലെയും ഇരിപ്പിടങ്ങൾ, ടിക്കറ്റ് കൗണ്ടറുകളുടെ മുൻവശം, പ്ലാറ്റ്‌ഫോമുകൾ, യാത്രക്കാർക്ക് ക്യൂ പാലിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കമ്പിയഴികൾ, ശൗചാലയങ്ങൾ, സ്റ്റേഷനുകളുടെ പൂമുഖം, മുറ്റം, പ്രീ പെയ്ഡ് ടാക്‌സി കൗണ്ടറുകൾ, മാർക്കറ്റുകൾ, ട്രാഫിക് സിഗ്‌നലുകൾ, സീബ്രാ ലൈനുകൾ, ഫുട്പാത്തുകൾ, കാൽനട മേൽപ്പാലങ്ങൾ, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം അണുനാശിനി തളിച്ച് വൃത്തിയാക്കി. പോലീസ് സ്‌റ്റേഷനുകളിൽ പരാതി സ്വീകരിക്കുന്ന സ്ഥലങ്ങളും അണുവിമുക്തമാക്കി. കോറോണ ബാധ കൂടുതലുള്ള പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകിയിരുന്നു.
കർഫ്യൂദിനം പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. അണുനാശിനികൾ ശേഖരിച്ചു. അണുവിമുക്തമാക്കേണ്ട സ്ഥലങ്ങളുടെ പട്ടിക ആരോഗ്യവകുപ്പുമായി ചേർന്ന് തയാറാക്കി. ഇതിനാവശ്യമായ അംഗങ്ങളെ പ്രത്യേകം ടീമുകളായി നിയോഗിച്ചു. 
 സോഡിയം ഹൈപ്പോക്ലോറൈറ്റാണ് വ്യാപകമായി ഉപയോഗിച്ചത്. തീ അണയ്ക്കാൻ ഉപയോഗിക്കുന്ന മിനി വാട്ടർമിസ്റ്റുകളാണ് അണുനാശിനി കലർത്തിയ വെള്ളം തളിക്കാൻ ഉപയോഗിച്ചത്. 
സേനയുടെ കൈവശമുള്ള 72 വാട്ടർ മിസ്റ്റുകളും, മോട്ടോർ ബൈക്കുകളിൽ ഘടിപ്പിച്ചിട്ടുള്ള 82 സ്‌പ്രേ സംവിധാനങ്ങളും രംഗത്തിറക്കി. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അഗ്നിശമന സേനാമേധാവി എ.ഹേമചന്ദ്രനും, ടെക്‌നിക്കൽ ഡയറക്ടർ ആർ.പ്രസാദും നേതൃത്വം നൽകി.
സിവിൽ ഡിഫൻസിൽപ്പെട്ട സന്നദ്ധ സേവകരും അഗ്നിശമന ഉദ്യോഗസ്ഥരുടെ സഹായത്തിനെത്തി. അഗ്നിശമന സേനയുടെ വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഉച്ചഭാഷിണി സംവിധാനവും ബോധവത്കരണത്തിനായി ഉപയോഗിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ ആരോഗ്യസുരക്ഷാ സന്ദേശങ്ങൾ നൽകുന്ന ബോർഡുകളും സ്ഥാപിച്ചു.