കോവളം: വിഴിഞ്ഞം മീൻപിടിത്ത തുറമുഖത്തെ സീവേർഡ്, ലീവേർഡ് എന്നീ രണ്ട് വാർഫുകളെയും കടലേറ്റത്തിൽനിന്നു സംരക്ഷിക്കുന്നതിന് കോൺക്രീറ്റിൽ നിർമിച്ച ടെട്രാപോഡുകൾ അടുക്കിത്തുടങ്ങി. സീവേർഡ് വാർഫിന്റെ ഏറ്റവും അവസാനത്തെ ഭാഗത്ത് കൂറ്റൻ ക്രെയിനുപയോഗിച്ചാണ് ഇവ അടുക്കിത്തുടങ്ങിയത്.

1303 എണ്ണമാണ് സീവേർഡിനെ സംരക്ഷിക്കുന്നതിനു സ്ഥാപിക്കുക. ഇതിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയ 397 ടെട്രാപോഡുകളാണ് ഇപ്പോൾ അടുക്കുക. തുറമുഖ എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ടെട്രാപോഡുകൾ നിർമിക്കുന്നത്.

രണ്ടു തവണയുണ്ടായ വെള്ളപ്പൊക്കത്തിലും ഓഖിയിലുമുണ്ടായ ശക്തമായ തിരയേറ്റ് സീവേർഡ് വാർഫിന്റെ ഒന്നരക്കിലോമീറ്ററോളം നീളത്തിൽ സ്ഥാപിച്ചിരുന്ന ടെട്രാപോഡുകൾ അടുക്കിൽനിന്നു മിക്കതും സ്ഥാനംതെറ്റി കടലിൽ താഴ്ന്നിരുന്നു. കടലേറ്റത്തിൽ നിലവിലെ 15 അടിയോളം പൊക്കമുള്ള പുലിമുട്ട് കടന്ന് വാർഫിലേക്കു തിരയടിച്ച് വെള്ളം കയറുന്ന സ്ഥിതിയുമുണ്ടായെന്ന് തുറമുഖ എൻജിനീയറിങ് വകുപ്പ് അധികൃതർ പറഞ്ഞു.

ഇത് തടയുന്നതിനാണ് എട്ട് ടൺ ഭാരമുള്ള 1303 ടെട്രാപോഡുകൾ സീവേർഡ് വാർഫിൽ നിരത്തുന്നത്. വിഴിഞ്ഞം തുറമുഖാധികൃതർ നൽകിയ 74 ലക്ഷം രൂപയുപയോഗിച്ചാണ് സീവേർഡ് വാർഫിൽ അടുക്കുന്നതിനുള്ള ടെട്രാപോഡുകൾ നിർമിക്കുന്നത്. കപ്പലുകളും ബോട്ടുകളുമടുക്കുന്ന രണ്ട് വാർഫുകളിലും ഇവയടുക്കിയില്ലെങ്കിൽ വാർഫ് തകരാൻ ഇടയുണ്ട്. സീവേർഡ് വാർഫിൽ അടുക്കിയശേഷം ലീവേർഡ് വാർഫിലും ടെട്രാപോഡുകളടുക്കണം. ഇതിനായി പുതിയ ടെൻഡർ വിളിക്കുമെന്ന് തുറമുഖ എൻജിനീയറിങ് വിഭാഗം പറഞ്ഞു.