ഇത്‌ ഒരു സമരമുറയാണ്‌. പൊതു ഇടങ്ങളിൽ നിന്നും കൂട്ടായ്മകളിൽ നിന്നും ഒഴിഞ്ഞുനിന്നുള്ള പോരാട്ടം. ലോകം അഭിമുഖീകരിക്കുന്ന മഹാവിപത്തിനെ ചെറുക്കാനുള്ള നമ്മുടെ  ഐക്യദാർഢ്യമാണ്‌ ഞായറാഴ്ച തലസ്ഥാനത്തും ദൃശ്യമായത്‌.  തെരുവുകളിലിറങ്ങാതെ വീട്ടിലിരുന്ന്‌ നാം െകാറോണ വൈറസിനെതിരേയുള്ള പോരാട്ടത്തിന്റെ കണ്ണികളായി. എല്ലാ ആവശ്യങ്ങളും മാറ്റിവച്ച്‌ വീട്ടിലിരുന്ന്‌ നാം വൈറസ്‌ ബാധയ്ക്കെതിരേയുള്ള േബ്രക്ക്‌ ദ ചെയിൻ കാമ്പയിന്റെ ഭാഗമായി. തിരുവനന്തപുരത്ത്‌ പൂർണമായും സർക്കാർ നിർദേശമനുസരിച്ച്‌ ജനങ്ങൾ വീട്ടിനുള്ളിൽത്തന്നെയിരുന്നു. ആർക്കും ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാതെയുള്ള കർഫ്യൂവാണ്‌ കഴിഞ്ഞുപോയത്‌. റസിഡന്റ്‌സ്‌ അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ ഇതിന്റെ ആവശ്യകതയെക്കുറിച്ച്‌ ജനങ്ങളെ ബോധവത്‌കരിച്ചിരുന്നു. കൂടാതെ അവശ്യവസ്തുക്കളും മറ്റും തലേദിവസംതന്നെ വാങ്ങിവയ്ക്കാനും നാട്ടുകാർക്ക്‌ കഴിഞ്ഞു. കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന്‌ മനോഹരമായ ദിവസത്തിന്റെ സന്തോഷത്തിലുമായിരുന്നു കൂടുതൽപേരും.

നല്ലനാളെയ്ക്കുള്ള കർഫ്യൂ 

രാജ്യംനേരിടുന്ന വലിയ വിപത്തിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി ആഹ്വാനംചെയ്ത 'ജനതാ കർഫ്യൂ' നഗരവാസികളും ഒറ്റക്കെട്ടായി ഏറ്റെടുത്തു. നമ്മുടെയും സമൂഹത്തിന്റെയും നന്മയ്ക്കും വേണ്ടിയാണിതെന്ന് ഓരോരുത്തരും സ്വയം തിരിച്ചറിഞ്ഞു. പുറത്തിറങ്ങിയില്ല, വീട്ടിലിരിക്കാം എന്ന പ്രതിജ്ഞ ഏറ്റെടുത്തും ആവശ്യങ്ങൾ വേണ്ടെന്നു വെച്ചും രാജ്യത്തിനുവേണ്ടി ഒരുദിവസം സമർപ്പിച്ച് നഗരവാസികളും കൊറോണയെ പ്രതിരോധിക്കാൻ ഒപ്പംനിന്നു.  
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം നടപ്പിലാക്കിയ ജനതാ കർഫ്യൂവിനോട് നഗരവാസികൾ അനുകൂലമായാണ് പ്രതികരിച്ചത്. രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി ബുദ്ധിമുട്ടുകൾ സഹിക്കാൻ സ്വയം തയ്യാറായി. ഓരോരുത്തരുടെയും സ്വയം നിയന്ത്രണം സമൂഹത്തിന്റെ പൊതുനന്മക്കുവേണ്ടിയാണെന്ന തിരിച്ചറിവ് ഉണ്ടായപ്പോൾ ഇതൊരു ബുദ്ധിമുട്ടായി പലർക്കും തോന്നിയില്ല. ഒരേ മനസ്സോടെ ഒറ്റക്കെട്ടായി നിന്നാൽ മാത്രമെ കോവിഡ് എന്ന മഹാമാരിയെ നേരിടാനാകുവെന്ന തിരിച്ചറിവിലാണ് നഗരവും.
നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളായ പാളയം, സ്റ്റാച്യു, പുളിമൂട്, കിഴക്കേക്കോട്ട, തമ്പാനൂർ, വെള്ളയമ്പലം, കവടിയാർ തുടങ്ങിയ ഇടങ്ങൾ വിജനമായിരുന്നു. വാഹനങ്ങൾ അപൂർവമായി മാത്രമാണ് നിരത്തിൽ ഇറങ്ങിയത്‌. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങിയവരെ മാത്രമാണ് കാണാനായത്‌. സ്വകാര്യ വാഹനങ്ങൾ ഓടുന്നതിൽ തടസ്സമില്ലെങ്കിലും ജനങ്ങൾ സ്വയം ഒഴിവാക്കി. കടകൾ, ഹോട്ടലുകൾ, ബേക്കറികൾ, മദ്യശാലകൾ തുടങ്ങിയവ ഉടമകൾ സ്വയം അടച്ചിട്ടു. വെള്ളയമ്പലത്തെ സിവിൽ സപ്ലൈസ് പെട്രോൾ പമ്പ് തുറന്നെങ്കിലും മറ്റ് സ്വകാര്യ പമ്പുകൾ അപൂർവമായിട്ടാണ് തുറന്നത്. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ ചില മെഡിക്കൽ സ്‌റ്റോറുകൾ മാത്രമാണ് തുറന്നത്. 
തെരുവിലേക്ക്‌ ഇറങ്ങേണ്ടതില്ലെന്ന്‌ ജനം സ്വയം തീരുമാനിച്ചതോടെ നഗരം വിജനമായി. വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് സ്വാശ്രയത്വം നേടി. രാജ്യം നേരിടുന്ന വലിയ വിപത്തിനെ പ്രതിരോധിക്കാനുള്ള ചെറിയ നടപടിയുടെ ഭാഗമായി ഇവരും കൂടെനിന്നു.

അസോസിയേഷനുകളെല്ലാം ജനതാ കർഫ്യൂവിനെ ഏറ്റെടുത്തു 

ജനങ്ങൾ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അസോസിയേഷന്റെ കീഴിലുള്ള അംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നെന്ന് ഫ്രാറ്റ് ചെയർമാൻ എം.എസ്.വേണുഗോപാൽ പറഞ്ഞു. വീടും പരിസരവും വൃത്തിയാക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ സൂക്ഷിക്കാൻ ചാക്കുകൾ നൽകിയിട്ടുണ്ട്. ഈ മാലിന്യങ്ങൾ ശേഖരിച്ച് ഇതിൽ നിക്ഷേപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 
മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്റെ ഔദ്യോഗിക വസതിയായ തൈക്കാട് ഹൗസും പരിസരവും ശുചീകരിച്ചു. കളക്ടർ കെ.ഗോപാലകൃഷ്ണൻ, വി.കെ.പ്രശാന്ത് എം.എൽ.എ, മേയർ കെ.ശ്രീകുമാർ, ഗായകൻ ജി.വേണുഗോപാൽ ഉൾപ്പെടെയുള്ള രാഷ്ട്രീയ, സാംസ്‌കാരിക പ്രവർത്തകർ തങ്ങളുടെ വീടും പരിസരവും ശുചീകരിച്ചു. 

ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു 

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ട് വൈകീട്ട് അഞ്ചിന് കൈകൾ കൊട്ടി ജനങ്ങൾ സന്തോഷ പ്രകടനം നടത്തി. സ്വന്തം ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്ന സഹജീവികൾക്കുള്ള ആദരം എന്ന നിലയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷ പ്രകടനം നടത്തി. വിവിധ ഫ്ലാറ്റുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവർ ഇതിൽ പങ്കാളികളായി.

വീടുകൾ ശുചീകരിച്ചു

ജനതാ കർഫ്യൂവിന്റെ ഭാഗമായി വീടുകളിൽ വെറുതെ ഇരിക്കാതെ ജനങ്ങൾ വീടും പരിസരവും ശുചീകരിച്ചു. നഗരവാസികളിൽ ഭൂരിഭാഗവും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വിവിധ റസിഡന്റ്‌സ് അസോസിയേഷനുകൾ വീടും പരിസരവും വൃത്തിയാക്കണമെന്ന് കർശന നിർദേശവും നൽകിയിരുന്നു. 

പൊതുസ്ഥലങ്ങൾ വൃത്തിയാക്കി കോർപ്പറേഷൻ

കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ, പാളയം മാർക്കറ്റ്, ചാല കമ്പോളം ഉൾപ്പെടെയുള്ള പൊതുയിടങ്ങൾ വൃത്തിയാക്കി. ബ്ലീച്ചിങ് പൗഡറുകൾ ഉപയോഗിച്ച് അണുനശീകരണവും നടത്തി. 25 സർക്കിളുകളിലായി ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ 100 ജീവനക്കാരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്. കൗൺസിലർമാർ, ആശാവർക്കർമാർ, ദുരന്തനിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദേശത്തു നിന്ന് എത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചു