കൊറോണ ബാധിതരെ കണ്ടെത്താനും രോഗം വ്യാപിക്കാതിരിക്കാനും കേരളം സ്വീകരിക്കുന്ന ജാഗ്രതയും കരുതലും വിവരിച്ച് ടെക്‌നോപാർക്ക് മുൻ സി.ഇ.ഒ.യും ഐ.ടി. വിദഗ്ധനുമായ ജി.വിജയരാഘവന്റെ അനുഭവക്കുറിപ്പ്
ഇന്ത്യയിൽ മറ്റൊരു വിമാനത്താവളത്തിലുമില്ലാത്ത കരുതൽനടപടിയും സുരക്ഷാപരിശോധനയുമാണ് കേരളത്തിലുള്ളതെന്നാണ് കുറിപ്പിലുള്ളത്. ആരോഗ്യവകുപ്പും എമിഗ്രേഷൻ വിഭാഗവും നടത്തുന്ന ഈ കൂട്ടായശ്രമത്തിനു നന്ദിയും അഭിനന്ദനവും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. 
രണ്ടുദിവസത്തെ ദുബായ് വാസത്തിനുശേഷം എമിറേറ്റ്‌സ് എയർലൈൻസിൽ തിരിച്ചെത്തിയെന്ന മുഖവുരയോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ചുരുക്കം ഇങ്ങനെ: വിമാനത്തിനുള്ളിൽ എയർഹോസ്റ്റസ് രണ്ട് ഫോറങ്ങൾ നൽകി. അതിലൊന്ന് ആരോഗ്യവകുപ്പിനുള്ളതും മറ്റൊന്ന് എമിഗ്രേഷൻ വിഭാഗത്തിനുള്ളതുമായിരുന്നു. ഫോറം പൂരിപ്പിക്കാൻ സഹായിക്കാൻ വിമാനത്താവളത്തിലും ഒരാളുണ്ടായിരുന്നു. ഇതിനുശേഷമെത്തുന്നത് മെഡിക്കൽ സംഘത്തിന്റെ അരികിലാണ്.
അവരിലൊരാൾ പൂരിപ്പിച്ച ഫോറം വാങ്ങും. അത് പരിശോധിക്കുകയും നമ്മളെ എപ്പോൾ വിളിച്ചാലും ലഭ്യമാകുന്ന ഒരു മൊബൈൽനമ്പർകൂടി അതിൽ ചേർക്കും. താമസിച്ചിരുന്ന സ്ഥലം, ജനുവരിക്കു ശേഷം പോയ രാജ്യങ്ങൾ എന്നിവയെല്ലാം ഇവർ ചോദിച്ചറിഞ്ഞു. തെർമോമീറ്റർവെച്ച് പരിശോധിച്ച് ശരീരോഷ്മാവ് ഫോറത്തിൽ രേഖപ്പെടുത്തി. 
മെഡിക്കൽ സംഘത്തിലെ താരതമ്യേന മുതിർന്ന ഉദ്യോഗസ്ഥനാണ് പിന്നീടുള്ള പരിശോധന. നേരത്തെ ചോദിച്ച ചോദ്യങ്ങൾ അദ്ദേഹവും ആവർത്തിക്കുന്നുണ്ട്. എന്നാൽ, അത് മറ്റു പല രീതിയിലാണെന്നുമാത്രം. ഇത്രയും നടപടിക്രമങ്ങൾ ഒരു മിനിറ്റിനുള്ളിൽ പൂർത്തിയായി. 
ഇതിനുശേഷമാണ് എമിഗ്രേഷൻ ഡസ്‌കിലേക്കു പോകുന്നത്. സാധാരണ പരിശോധനയ്ക്കു പുറമേ വിസയും പാസ്‌പോർട്ടും നോക്കുന്നുണ്ട്. ഏതൊക്കെ രാജ്യങ്ങളാണ് സന്ദർശിച്ചതെന്ന് ഉറപ്പുവരുത്താനാണിത്. യാത്രയ്ക്കു മുമ്പ് എവിടെയാണ് താമസിച്ചിരുന്നതെന്നും അവർ അന്വേഷിച്ച് ഉറപ്പുവരുത്തുന്നുണ്ട്. ഇതും കഴിഞ്ഞാണ് യാത്രക്കാരെ പുറത്തേക്കുവിടുന്നത്.  ആരോഗ്യപ്രവർത്തകരുടെ ഈ കൂട്ടായ പരിശ്രമം അഭിനന്ദനം അർഹിക്കുന്നതാണ്. നന്ദി... അഭിനന്ദനം.

അഭിനന്ദനമർഹിക്കുന്നു ഡൽഹിയിലെ സേവനങ്ങൾ

ഡള്ളാസ്‌, ന്യൂജെഴ്സി എന്നിവിടങ്ങളിലേയ്ക്ക്‌ പോയി മടങ്ങിവന്നപ്പോൾ ന്യൂഡെൽഹി വിമാനത്താവളത്തിലും കൃത്യമായ ആരോഗ്യപരിശോധന നടത്തി. വിമാനത്തിൽ നിന്ന്‌ പുറത്തിറങ്ങുമ്പോൾ തന്നെ പരിശോധിക്കാൻ മെഡിക്കൽസംഘം തയ്യാറായി നിൽപ്പുണ്ടായിരുന്നു. പരിശോധനകൾ കഴിഞ്ഞെത്തുമ്പോൾ യാത്രക്കാരുടെ ബാഗേജുകൾ പ്രത്യേകം മാറ്റിവച്ച്‌ വിമിനത്താവളത്തിലെ ജീവനക്കാർ നമ്മസെ കാത്ത്‌ നിൽപ്പുണ്ടാകും. ഫ്രാങ്ക്‌ഫർട്ടിലോ, ഡള്ളാസിലോ കാണാൻ സആധിക്കാത്ത സുരക്ഷാ മുൻകരുതലുകളും നടപടികളുമാണ്‌ ന്യൂഡൽഹി വിമാനത്താവളത്തിൽ കാണാൻ സാധിച്ചത്‌. 
യാത്രക്കാർക്ക്‌ ബുദ്ധിമുട്ടിക്കാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ പാലിച്ച്‌ സുരക്ഷ ഉറപ്പാക്കാനുള്ള സേവനങ്ങൾ അഭിനന്ദനാർഹമാണ്‌.