കൊറോണ വൈറസ് ബാധയ്ക്കെതിരെയുള്ള ജാഗ്രത പുലർത്തിയാണ് ഇപ്പോൾ ജനജീവിതം. പ്രതിരോധ വാക്സിൻ ലഭ്യമല്ലാത്തതിനാലും രോഗത്തിന്റെ ഏതുഘട്ടത്തിലും പകരാൻ സാധ്യത ഉള്ളതിനാലും അതീവ ജാഗ്രത പുലർത്തേണ്ടത് ആവശ്യവുമാണ്.
പ്രമേഹം, മറ്റ് ജീവിതശൈലി രോഗങ്ങൾ, ആസ്ത്‌മ രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, കാൻസർ രോഗികൾ തുടങ്ങിയവർ കൂടുതൽ ശ്രദ്ധിതക്കണ്ട സമയമാണിത്. വ്യക്തിശുചിത്വവും ശ്വാസകോശ ശുചിത്വവും പാലിക്കുന്നതോടൊപ്പം പ്രതിരോധം വർധിപ്പിക്കുന്ന ഭക്ഷണം ശീലിക്കുക. വേനൽക്കാലമായതിനാലും ഈ സമയത്ത് ആരോഗ്യകരമായ ഭക്ഷണശീലം നമ്മളെ കൂടുതൽ പ്രതിരോധശേഷിയുള്ളവരാക്കും. വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം പ്രതിരോധശേഷി കൂട്ടുന്ന ഭക്ഷണവിഭവങ്ങൾ നിത്യാഹാരത്തിൽ ഉൾപ്പെടുത്തുക.
- രോഗബാധിതർ വേഗത്തിൽ ദഹിക്കുന്ന ഇഡ്ഢലി, ദോശ, കഞ്ഞി തുടങ്ങിയ ഭക്ഷണം ശീലമാക്കുക.
- പ്രോട്ടീൻ അടങ്ങിയ പയർ, കടല, പരിപ്പ്, മീൻ, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
- പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തുക.
- ചൂടുകാലമായതിനാൽ ധാരാളം (ചെറുചൂടുവെള്ളം) കുടിക്കുക.
- ദിവസം മൂന്നര ലിറ്റർ വെള്ളം കുടിക്കുക.
- വെള്ളം കുറഞ്ഞത് 10 മിനിട്ട് വെട്ടിത്തിളപ്പിച്ച് ഉപയോഗിക്കുക.
- പുറത്ത് നിന്നുള്ള ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുക.
- ആവശ്യമുള്ള ഭക്ഷണം മാത്രം പാകം ചെയ്യുക. അധികഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ച് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- ഫ്രിഡ്ജിൽ മാംസാഹാരം മറ്റ് ഭക്ഷണപദാർഥങ്ങളോടൊപ്പം ഒരുകാരണവശാലും സൂക്ഷിക്കരുത്. മുട്ട, മീൻ എന്നിവ കഴുകി വൃത്തിയാക്കിയശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക.
- തൈര്, യോഗർട്ട് തുടങ്ങിയവ കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുന്നതിനൊപ്പം പ്രതിരോധശേഷിയും വർധിപ്പിക്കും.
- മുഴുധാന്യങ്ങളിലെ തവിടിൽ അടങ്ങിയ സിങ്ക്, കോപ്പർ, സെലേനിയം, ബി വൈറ്റമിൻ എന്നിവ പ്രതിരോധശേഷി വർധിപ്പിക്കുന്നു. ചെറുപയർ മുളപ്പിച്ചത് ഒരുപിടിവീതം ആഴ്ചയിൽ 3-4 ദിവസം ശീലമാക്കുക.
- ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വൈറ്റമിൻ സിയും ആന്റിഓക്സിഡന്റ്‌സും രോഗങ്ങളെ അകറ്റിനിർത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
- ഇലക്കറികൾ കൂടുതലായി ഉൾപ്പെടുത്തുക.
- പച്ചക്കറികളും പഴങ്ങളും 10-15 മിനിറ്റ് ഉപ്പും പുളിയും ചേർത്ത വെള്ളത്തിൽ മുക്കിവെച്ചതിനുശേഷം ഉപയോഗിക്കുക.
- ദിവസവും 15-20 ഗ്രാം നട്ട്‌സ് കഴിക്കുക. എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ കൂടാൻ സഹായിക്കുന്നതിനോടൊപ്പം മഗ്നീഷ്യം, സെലേനിയം, വൈറ്റമിൻ ഇ, നാരുകൾ എന്നിവ ദഹനം സുഗമമാക്കുകയും പ്രതിരോധം വർധിപ്പിക്കുകയും ചെയ്യുന്നു.
- ഒരേതരം നട്ട്‌സ് കഴിക്കുന്നതിനേക്കാൾ മിക്സഡ് നട്ട്‌സ് ആണ് നല്ലത്.
- നട്ട്‌സിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, വൈറ്റമിൻ ഇ, നാരുകൾ എന്നിവ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ഹൃദയാരോഗ്യവും സംരക്ഷിക്കുന്നു. ദിവസവും 15-20 ഗ്രാം നട്ട്‌സ് (മിക്സഡ് നട്ട്‌സ്) ഉൾപ്പെടുത്തുക.
- നോൺവെജ് വിഭവങ്ങൾ നന്നായി വേകിച്ചുമാത്രം ഉപയോഗിക്കുക.
- ഇറച്ചിവർഗങ്ങൾക്കു പകരം ഒമേഗ 3, പ്രോട്ടീൻ, കാൽസിയം ധാരാളം അടങ്ങിയ ചെറിയ മീൻ കറിവച്ച് ഉപയോഗിക്കുക.
- ദിവസവും രണ്ട് മുട്ടയുടെ വെള്ള ഉപയോഗിക്കാം.
- ഇറച്ചി വിഭവങ്ങൾ, മസാല കൂടിയ കറികൾ, തണുത്ത ഭക്ഷണം, എണ്ണയിൽ വറുത്ത ഭക്ഷണം, ബേക്കറി പലഹാരങ്ങൾ എന്നിവ പൂർണമായി ഒഴിവാക്കുക.
- മാസ്‌ക് ധരിക്കുന്നവർ മാസ്‌ക്കിൽ തൊട്ടശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകിയശേഷം മാത്രം ഭക്ഷണം കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക.
സൗമ്യ എസ്.നായർ ഡയറ്റീഷ്യൻ, ഇ.എസ്.ഐ.സി. ആശുപത്രി എഴുകോൺ, കൊല്ലം (കൺവീനർ, ഐ.ഡി.എ. കേരള ചാപ്‌റ്റർ)