ആർദ്രഹൃദന്തവുമായി ഭക്തർ ആറ്റുകാലമ്മയെ ധ്യാനിച്ചു പാടി. പ്രാർഥനയുടെ പരമകോടിയിലെത്തിയ അവർ ക്ഷേത്രമുറ്റം പാർപ്പിടമാക്കി. വിശപ്പും ദാഹവും ആ പ്രാർഥനയ്ക്കു മുന്നിൽ അലിഞ്ഞില്ലാതായതു പോലെ. എല്ലാ കണ്ണിലും ഉൾക്കണ്ണിലും തിങ്കളാഴ്ച ദേവീഭക്തി മാത്രം. ഭഗവതിയും ഭക്തരും ഒന്നാകുന്ന ഭാവം.

കൈവല്യദായിനിയായ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങളെത്തുന്ന തലസ്ഥാനം ആഘോഷത്തിരയിലമർന്നു. വിദൂരദേശങ്ങളിൽനിന്നുള്ള ഭക്തർ പൊങ്കാലയ്ക്കായി ഞായറാഴ്ച തന്നെ നഗരത്തിലെത്തിത്തുടങ്ങി. രാവിലെ െട്രയിനിലും സ്വകാര്യവാഹനങ്ങളിലും കെ.എസ്.ആർ.ടി.സി. ബസിലുമായി എത്തിയ കുടുംബങ്ങൾ നിരവധിയാണ്. അവർ പതിവായി പൊങ്കാലയിടാറുള്ള വീടുകളിൽ തങ്ങി. ആ ഒഴുക്ക് രാത്രിയും തുടർന്നു, എല്ലാവരുടെ പക്കലും കൊതുമ്പും ചൂട്ടുമുൾപ്പെടെ പൊങ്കാലയ്ക്കുള്ള വസ്തുക്കൾ ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചയ്ക്ക് സമീപജില്ലകളിൽ നിന്നുള്ളവരുടെ പ്രവാഹമുണ്ടാകും. രാവിലെ എട്ടുമണിയോടെ പൊങ്കാലയുടെ ആർപ്പുവിളി ഉയരും.

നഗരത്തിന്റെ കാണാവുന്ന കോണിലെല്ലാം ഇഷ്ടികയും മൺകലങ്ങളും നിറഞ്ഞുകവിഞ്ഞു. എല്ലായിടത്തും ഇഷ്ടികയും കയറും കെട്ടി സ്ഥലം വേർതിരിക്കാനുള്ള തത്രപ്പാടായിരുന്നു. പതിവിൽനിന്ന് വ്യത്യസ്തമായി ഞായറാഴ്ച രാവിലെ മുതൽ നഗരത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങിയിരുന്നു. ബേക്കറി, വഞ്ചിയൂർ, ജഗതി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അവർ ഇടംപിടിച്ചിരുന്നു.

വാഴയില, തിരളിയില തുടങ്ങി അടുപ്പുകത്തിക്കാനുള്ള കൊതുമ്പ്, ചൂട്ട് എന്നിവയുടെ വിൽപ്പനയും തകൃതിയായിരുന്നു. തുണിക്കടകളിലും മറ്റ് കടകളിലും പൊങ്കാല വസ്തുക്കളുടെ വിൽപ്പന പൊടിപൊടിച്ചു. പ്ലാസ്റ്റിക് നിരോധം വിൽപ്പനകേന്ദ്രങ്ങളിൽ പ്രകടമായിരുന്നു. അലൂമിനിയം പാത്രങ്ങളും കമുകിൻപാള, പനനാരുവട്ടി, മുറം തുടങ്ങിയവയും വഴിയോരത്ത് വിൽപ്പനയ്ക്കുണ്ടായിരുന്നു.

ദൂരസ്ഥലത്തുനിന്ന്‌ എത്തിയവർ തലയിൽ പൊങ്കാലയ്ക്കുള്ള വസ്തുക്കൾ ചുമന്നാണ് എത്തിയത്. വടക്കൻ ജില്ലകളിൽനിന്നു തീവണ്ടിലെത്തിയവർ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി അടുപ്പുകൂട്ടി കാത്തിരുന്നു. ഞായറാഴ്ച രാവിലെ മുതൽ ക്ഷേത്രദർശനത്തിന് വൻതിരക്കായിരുന്നു. ഉച്ചയോടെ ദർശനത്തിനുള്ളവരുടെ നിര നീണ്ടു. മുൻകൂട്ടി എത്തിയവർ കാത്തുനിന്നു ദേവീദർശനം നടത്തി. ക്ഷേത്രട്രസ്റ്റും സമീപവാസികളും ഇവർക്ക് സൗകര്യങ്ങൾ ഒരുക്കി.

ശ്രീകണ്‌ഠേശ്വരം, വഞ്ചിയൂർ, സെക്രട്ടേറിയറ്റ്‌ പരിസരം, തമ്പാനൂർ, ബൈപ്പാസ്, കോട്ടയ്ക്കകം, പാളയം, എം.ജി. റോഡ്, തൈക്കാട് തുടങ്ങി ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിലെ 32 നഗരസഭാ വാർഡുകളാണ് പൊങ്കാല മേഖല. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിൽ പദ്മതീർഥക്കരയിൽ മുൻപ് നടത്തിയിരുന്ന പൊങ്കാലയ്ക്ക് ഇക്കുറിയും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. സ്വദേശി ദർശൻ പദ്ധതിയിൽ നവീകരിച്ച ക്ഷേത്രപരിസരത്ത് പൊങ്കാല അടുപ്പുകൾ നിരത്തുന്നത് നാശത്തിനും അപകടത്തിനും ഇടയാക്കുമെന്ന കാരണത്താലാണ് നിയന്ത്രണമുണ്ടായത്. പോലീസ്, ഫയർ ഫോഴ്‌സ്, ആരോഗ്യവകുപ്പ്, നഗരസഭ, കെ.എസ്.ആർ.ടി.സി., വാട്ടർ അതോറിട്ടി തുടങ്ങി എല്ലാ സംവിധാനവും പൊങ്കാല മേഖലയിലെ സേവനത്തിനു സജീവമായുണ്ടാകും.

ആതിഥേയത്വത്തിന്റെ ആഘോഷം 

​ആറ്റുകാൽ പൊങ്കാലയ്ക്കു തലസ്ഥാന നഗരം കോടിയുടുത്തു. എങ്ങും ആഘോഷത്തിന്റെ പൊലിമ മാത്രം. പൊങ്കാല നാടിന്റെ ഉത്സവമായി എല്ലാവരും ഏറ്റെടുത്ത പോലെ. കുടുംബങ്ങളും സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും കച്ചവടക്കാരും മറ്റ് ക്ഷേത്രങ്ങളും ആ കൂട്ടായ്മയിൽ പങ്കാളികളായി.

ശനിയാഴ്ചതന്നെ ദേവിയുടെ അലങ്കരിച്ച ചിത്രവുമായി എല്ലാ കവലകളിലും പൂജ ആരംഭിച്ചിരുന്നു. ഇതിനൊപ്പം വൈദ്യുതദീപാലങ്കാരങ്ങളും തെളിഞ്ഞു. സന്ധ്യയോടെ വൈദ്യുതത്തൂണുകളിൽനിന്നു തൂണുകളിലേക്കു നീളുന്ന ആലക്തികദീപങ്ങൾ മിഴിതുറന്നു. ഇടവിട്ട ദൂരത്ത് ഉച്ചഭാഷിണികളിൽനിന്നു ഭക്തിഗാനങ്ങളുടെ നാദപ്രവാഹം. ശബ്ദനിയന്ത്രണം ഉണ്ടെങ്കിലും ഭക്തിയുടെ ആഘോഷത്തിനു മുന്നിൽ അതെല്ലാം മറന്നപോലെ.

എല്ലാ കൊല്ലവുമെന്നപോലെ തലസ്ഥാനത്തിന്റെ സമൂഹമനസ്സ് ഇക്കൊല്ലവും ആറ്റുകാലമ്മയുടെ ഉത്സവത്തിനും അതിന് എത്തുന്ന പരസഹസ്രം ഭക്തർക്കും മനസ്സുനിറഞ്ഞ വരവേൽപ്പാണ് നൽകിയത്. ഉത്സവത്തിന്റെ ആദ്യനാളുകളിൽ തന്നെ നഗരം ആഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളും ഭക്തസംഘടനകളും ഉത്സവത്തിന്റെ വിളംബരമറിയിച്ച് ഫ്ളക്സുകളും പന്തലും വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയിരുന്നു. പൊങ്കാല അടുത്തപ്പോൾ ദേവിയുടെ ചിത്രവും പൂജയും ഒരുക്കി. പരിസരങ്ങളെല്ലാം ആവർത്തിച്ചു വൃത്തിയാക്കി. ഞായറാഴ്ച വൈകി എത്തുന്നവർക്കും തിങ്കളാഴ്ച പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന വരെയും ഭക്തർക്കു സംഘടനകളുടെ സേവനം ഉണ്ടായിരിക്കും. തിങ്കളാഴ്ച പ്രഭാതഭക്ഷണം, ഇടയ്ക്കു പാനീയവിതരണം, ഉച്ചയ്ക്കു ഭക്ഷണം തുടങ്ങി മറ്റ് അത്യാവശ്യസേവനത്തിനും വിവിധ സംഘടനകൾ രംഗത്തുണ്ടാകും. രാത്രിയിൽ ഉത്സവകേന്ദ്രങ്ങളിൽ ഗാനമേളയും മറ്റ് കലാപരിപാടികളും ഉണ്ടായിരുന്നു. പൊങ്കാലയ്ക്കെത്തുന്നവർക്കു സ്വന്തം വീടിന്റെ മുറ്റവും മറ്റ് സൗകര്യവും നൽകുന്ന കുടുംബങ്ങൾ നഗരത്തിലെങ്ങുമുണ്ട്. ദൂരസ്ഥലത്തുള്ള ബന്ധുക്കളും ഇവിടങ്ങളിൽ ഉണ്ടാകും. വീടുകൾ ആൾക്കൂട്ടത്തിന്റെ ആഘോഷമായി മാറും. വർഷങ്ങളായി ഒരു വീട്ടിൽത്തന്നെ സ്ഥിരമായി പൊങ്കാല അർപ്പിക്കുന്നവരും കുറവല്ല. വർഷത്തിൽ ഈ ദിവസം മാത്രമേ ഭക്തർ അവിടെ വരാറുള്ളൂ. ഒരാണ്ടിന്റെ പുണ്യം മനസ്സിൽ കുറിച്ചാവും മടക്കം. നിറഞ്ഞ മനസ്സോടെ വീട്ടുകാർ നൽകുന്ന ആതിഥ്യം ആറ്റുകാലമ്മയ്ക്കു നൽകുന്ന അർച്ചനയെന്നാണ് വിശ്വാസം. പതിറ്റാണ്ടിന്റെ ആ പാരമ്പര്യം നഗരത്തിന്റെ മുഖപ്രസാദമായി ഇക്കുറിയും തുടരുന്നു.