: നഗരത്തിലെ നിരവധി അപകടമേഖലകൾ (ബ്ലാക്ക് സ്പോട്ടുകൾ) ജീവനെടുക്കുന്ന മേഖലകളായി തുടരുകയാണ്‌. സ്ഥിരം അപകടമേഖലകൾക്ക് ബ്ലാക്ക് സ്പോട്ടുകളെന്ന വിശേഷണംചാർത്തി അധികൃതർ കൈയൊഴിയുന്നു. വെള്ളയമ്പലം-കവടിയാർ, കരമന -പ്രാവച്ചമ്പലം, വെള്ളയമ്പലം-ശാസ്തമംഗലം, കഴക്കൂട്ടം-മുക്കോല ദേശീയപാത എന്നിങ്ങനെ ജീവനെടുക്കുന്ന റോഡുകൾ നിരവധിയാണ്‌. 2019-ൽ 518 ജീവനുകളാണ് തലസ്ഥാന ജില്ലയിലെ റോഡുകളിൽ നഷ്ടമായത്. 2016 മുതൽ വെള്ളയമ്പലം -കവടിയാർ റോഡിലെ അപകടങ്ങൾ ഒഴിഞ്ഞ കാലമുണ്ടായിട്ടില്ല.

ജില്ലാ ഭരണകൂടത്തിന് പറയാം ‘ഇത് ഞങ്ങളുടെ പിഴ’

ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാ റോഡ് സേഫ്റ്റി കൗൺസിലിന് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വിപുലമായ അധികാരങ്ങളാണുള്ളത്. ഈ സമിതി കൃത്യമായി ചേരാറില്ല. എടുത്ത തീരുമാനങ്ങൾ നടപ്പാക്കാറുമില്ല.

പോലീസ്, പൊതുമരാമത്ത് വകുപ്പ്, റോഡ് ഫണ്ട് ബോർഡ്, മോട്ടോർവാഹനവകുപ്പ് എന്നിവയെ ഏകോപിപ്പിച്ച് നടപടി എടുക്കാൻ ജില്ലാ കളക്ടർക്ക് കഴിയും. ബിജുപ്രഭാകറിനുശേഷം വന്ന കളക്ടർമാരൊന്നും റോഡ് സുരക്ഷാ കൗൺസിലിന് പ്രാധാന്യം നൽകിയിട്ടില്ല.

ഓരോ യോഗങ്ങളിലും എടുക്കുന്ന തീരുമാനങ്ങൾ വിവിധ വകുപ്പുകൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കഴിഞ്ഞ യോഗ തീരുമാനങ്ങൾ ഭൂരിഭാഗവും നടപ്പാക്കിയിട്ടില്ല. ഗതാഗത പരിഷ്കരണങ്ങൾക്ക് അന്തിമരൂപം നൽകേണ്ടത് ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ്. മേയർ അധ്യക്ഷനായ ഗതാഗത ഉപദേശകസമിതിയും നഗരത്തിലുണ്ട്. ഈ രണ്ട് സമിതികൾ തമ്മിൽ ഏകോപനമില്ലാത്തതും വാഹനാപകടങ്ങൾ തുടർച്ചയാകുന്നു.

ബ്ലാക്ക് സ്‌പോട്ടുകൾക്ക് കണക്കെടുപ്പ് മാത്രമോ

ഒരുവർഷത്തിനിടെ അഞ്ച് വാഹനാപകടങ്ങൾ, അല്ലെങ്കിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ 10 മരണങ്ങൾ സംഭവിച്ച പ്രദേശങ്ങളെയാണ് ബ്ലാക്ക് സ്പോട്ടുകളായി പ്രഖ്യാപിക്കുന്നത്. റോഡ് സേഫ്റ്റി ആക്ട് പ്രകാരം ഇത്തരം മേഖലകൾ അപകടവിമുക്തമാക്കണം. അപകടകാരണത്തെക്കുറിച്ച് പഠനം നടത്തണം. ഒാരോ അപകടങ്ങളും തലനാരിഴകീറി പരിശോധിക്കണം. കാരണം കണ്ടെത്തണം. തുടർ അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികൾ ശുപാർശ ചെയ്യണം. പൊതുമരാമത്ത് വകുപ്പ്, ട്രാഫിക് പോലീസ്, മോട്ടോർവാഹനവകുപ്പ്, റോഡ് സേഫ്റ്റി കൗൺസിൽ അംഗങ്ങൾ എന്നിവരാണ് അംഗങ്ങൾ. ഇവർ തയ്യാറാക്കുന്ന റിപ്പോർട്ടുകളിൽ നടപടി ഉണ്ടാകുന്നെങ്കിൽ അപകടങ്ങൾ കുറയേണ്ടതുണ്ട്.

ഏകോപനമില്ലാതെ സർക്കാർ വകുപ്പുകൾ

റോഡ് രൂപകല്പനയിലെ പാളിച്ചയും ഗതാഗത പരിഷ്കരണത്തിലെ പിഴവും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. അപകടത്തിലേക്ക് നയിച്ച കാരണം കണ്ടെത്തിയാലും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം പരിഹരിക്കപ്പെടില്ല. റോഡിന്റെ ചുമതലയുള്ളവർ (പൊതുമരാമത്ത്, റോഡ് ഫണ്ട് ബോർഡ്, ദേശീയപാത വിഭാഗം, കോർപ്പറേഷൻ), ട്രാഫിക് പോലീസ്, മോട്ടോർവാഹനവകുപ്പ് എന്നിവരും റോഡ് ഉപയോഗിക്കുന്ന മറ്റുവകുപ്പുകളും തമ്മിലുള്ള ശീതസമരം മിക്കപ്പോഴും അപകട മുനമ്പുകളെ അതേപടി നിലനിർത്തുന്നു.

വഴിപാടിനൊരു റോഡ് സുരക്ഷാ ഓഡിറ്റ്

കരമന-കളിയിക്കാവിള റോഡിന്റെ ഒന്നാംഘട്ടം പൂർത്തീകരിച്ചതിനു പിന്നാലെ ആരംഭിച്ച അപകടപരമ്പര മൂന്നുവർഷം കഴിഞ്ഞിട്ടും കുറഞ്ഞിട്ടില്ല. ചെറുതും വലുതുമായ നാലിലധികം അപകടങ്ങൾ ദിവസവും ഉണ്ടാകുന്നുണ്ട്. ജീവൻ നഷ്ടമായതിലേറെയും കാൽനട യാത്രികർക്കും ഇരുചക്രവാഹന യാത്രക്കാർക്കുമാണ്.

റോഡ് നിർമിക്കുന്ന സമയത്തുതന്നെ ഭാവിയിലെ വാഹനാപകടങ്ങളുടെ സാധ്യതകൾ കണ്ടെത്തി ഒഴിവാക്കേണ്ടതുണ്ട്. ഇതിനായി റോഡിന്റെ നിർമാണ വേളയിൽ റോഡ് സേഫ്റ്റി ഓഡിറ്റ് നടത്തണം. റോഡ് നിർമാണം ഏറ്റെടുത്തിട്ടുള്ള കരാറുകാരാണ് ആദ്യ പഠനങ്ങൾ നടത്തുന്നത്. പഠന റിപ്പോർട്ട് പരിശോധിച്ച് നിർമാണ പ്രവർത്തനങ്ങളിൽ അത് പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം. എന്നാൽ, കരാറുകാർക്ക് നഷ്ടമുണ്ടാക്കുന്ന പരിഷ്കാരങ്ങൾക്കൊന്നും ഉദ്യോഗസ്ഥർ നിർദേശിക്കാറില്ല.

കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള ഭാഗം ഗതാഗതത്തിന് തുറന്നുകൊടുത്തതിനു ശേഷമാണ് അപകടമൊഴിവാക്കാൻ നടപടി തുടങ്ങിയത്. തുരുതുരെ അപകടങ്ങൾ. അധികൃതരുടെ കണക്കിൽ ബ്ലാക്ക് സ്പോട്ടുകളുടെ എണ്ണം നിറഞ്ഞു. നിരവധി ജീവനുകൾ നഷ്ടമായി. പക്ഷേ, എന്തുപരിഹാരമുണ്ടായി എന്നത് ഇപ്പോഴത്തെ അപകടനിരക്ക് പരിശോധിച്ചാൽ മനസ്സിലാകും.

ഇപ്പോഴും ദിവസവും മൂന്നുംനാലും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. അലക്ഷ്യമായ ഡ്രൈവിങ്, അമിതവേഗം, കാൽനടയാത്രികരുടെ റോഡ് മുറിച്ചുകടക്കലുകൾ, സിഗ്നൽ ലൈറ്റുകളുടെയും ബാരിക്കേഡുകളുടെയും തെരുവുവിളക്കുകളുടെയും അഭാവം എന്നിങ്ങനെ അപകടകാരണങ്ങൾ നിരവധി. ഇതിൽ എത്രയെണ്ണം പരിഹരിക്കാൻ കഴിഞ്ഞു.

വെളിച്ചമില്ലാത്ത കവലകൾ നിരവധി. അമിതവേഗം പിടികൂടാനുള്ള ക്യാമറകൾ എവിടെ. അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നത് ഒഴിവാക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കാനുള്ള ശുപാർശയും നടപ്പാക്കിയിട്ടില്ല. ഫണ്ടിന്റെ അപര്യാപ്തതയല്ല. റോഡ് സുരക്ഷാ അതോറിറ്റിക്ക് ഫണ്ട് ആവശ്യത്തിനുണ്ട്. പക്ഷേ, അതൊന്നും നിരത്തിലെത്തുന്നില്ല. വിവിധ വകുപ്പുകൾ തമ്മിലുള്ള ശീതസമരവും റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികൾ വൈകിപ്പിക്കുന്നു.

അപകടങ്ങൾ ഒഴിവാക്കാൻ കഴിയും

റോഡ് അപകടങ്ങളിൽ 80 ശതമാനത്തിനും കാരണം ഡ്രൈവർമാരുടെ പിഴവാണ്. റോഡ് ഘടന, ഗതാഗതപരിഷ്കരണത്തിലെ പാളിച്ച, തുടങ്ങിയവയാണ് ശേഷിക്കുന്ന അപകടങ്ങൾക്ക് കാരണം. മാനുഷിക പിഴവ് ഒഴിവാക്കാനുള്ള വഴി പഴുതടച്ച നിയമം നടപ്പാക്കലാണ്.

നിരീക്ഷണ ക്യാമറകൾ, തുടർച്ചയായുള്ള പരിശോധനകൾ എന്നിവയ്ക്ക് ഡ്രൈവർമാരെ നന്നാക്കാനാകും. റോഡിൽ പോലീസ്, മോട്ടോർവാഹനവകുപ്പ് പട്രോളിങ് വാഹനങ്ങളുടെ സാന്നിധ്യത്തിനും അപകടങ്ങൾ കുറയ്ക്കാനാകും. ഒരു പിഴപോലും ഈടാക്കാതെ ശബരിമല മണ്ഡലകാലത്ത് അപകടങ്ങൾ കുറച്ച ശബരിമല സേഫ് സോൺ പദ്ധതി ഇതിന് ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. റോഡ് ഡിസൈൻ, സിഗ്നലുകളുടെ അഭാവം എന്നിവ കാരണമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ശാസ്ത്രീയമാർഗങ്ങൾ ഏറെയുണ്ട്. എന്നിട്ടും നമ്മുടെ റോഡുകൾ അപകടക്കെണിയാക്കുന്നതിന്റെ കാരണം അധികൃതരുടെ വീഴ്ചയാണ്.

അപകടമരണങ്ങൾ(തിരുവനന്തപുരത്ത്‌)

2020 ജനുവരി 49

നഗരത്തിലെ അപകടമേഖലകൾ (2016-18),

അപകടങ്ങൾ, മരണം എന്നിവ ക്രമത്തിൽ

ഓവർബ്രിഡ്ജ്-കിഴക്കേക്കോട്ട ബസ് സ്റ്റാൻഡ്‌ 67, 10

വലിയതുറ-മുട്ടത്തറ റോഡ് 50, 3

വെള്ളയമ്പലം 42, 5

മണക്കാട്-വിഴിഞ്ഞം 42, 4

വട്ടിയൂർക്കാവ് ജങ്‌ഷൻ-തോപ്പുമുക്ക് 41, 4

മണ്ണന്തല-എസ്.ബി.ഐ. 41, 2

പേട്ട-പാളയം റോഡ് 34, 7

വേളി-ശംഖുംമുഖം 36, 3

വലിയതുറ-ബീമാപള്ളി-പൂന്തുറ 36, 2

പനവിള-എം.ജി. കോളേജ് 32, 4

വേളി-പെരുമാതുറ 29, 6

ഗാന്ധിപാർക്ക്-അട്ടക്കുളങ്ങര 70, 10

2016-18 നഗരത്തിലെ അപകടങ്ങൾ 15,881