: 2019-ൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ പേർ വാഹനാപകടങ്ങളിൽ മരിച്ചത് തലസ്ഥാനത്താണ്. 545 ജീവനുകളാണ് ജില്ലയിലെ റോഡുകളിൽ കഴിഞ്ഞവർഷം പൊലിഞ്ഞത്. റോഡ് സുരക്ഷാനടപടികളുമായി അധികൃതർ മുന്നോട്ടു പോകുമ്പോഴും അപകടമരണങ്ങൾ ഉയരുകയാണ്. കഴിഞ്ഞവർഷം മുൻവർഷങ്ങളെക്കാൾ 5.1 ശതമാനം അപകടങ്ങൾ കുറഞ്ഞെങ്കിലും മരണനിരക്ക് കുറയാത്തതാണ് ആശങ്കയ്ക്ക് ഇടനൽകുന്നത്.

2019 സെപ്‌റ്റംബർവരെ 1508 അപകടങ്ങളിൽ നഗരപ്രദേശത്ത്‌ മാത്രം 150 ജീവനുകൾ നഷ്ടമായി. 1353 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടതീവ്രത കൂടുന്നതിനു പിന്നിൽ അമിതവേഗവും സുരക്ഷാക്രമീകരണങ്ങളിലെ പാളിച്ചയുമാണെന്ന് അധികൃതർ പറയുന്നു. സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് ഉപയോഗം കൂടിയിട്ടുണ്ടെങ്കിലും മരണനിരക്ക് കുറയുന്നില്ലെന്നാണ് സൂചന. അമിതവേഗത, അലക്ഷ്യമായ ഡ്രൈവിങ്, മദ്യപിച്ചുള്ള വാഹനമോടിക്കൽ എന്നിവയാണ് മരണനിരക്ക് കൂട്ടുന്നതെന്ന് റോഡ് സുരക്ഷാ അധികൃതർ പറയുന്നു.

ഈ അവസ്ഥയ്ക്ക് പോലീസും മോട്ടോർവാഹനവകുപ്പും ജില്ലാഭരണകൂടവും ഒരു പരിധിവരെ കാരണക്കാരാണ്.

പോലീസ് മറന്ന ലേൻ ട്രാഫിക്

നഗരപാതകളിൽ ലേൻ ട്രാഫിക് ഏർപ്പെടുത്താൻ ജില്ലാഭരണകൂടവും ട്രാഫിക് പോലീസും തീരുമാനിച്ചിട്ട് രണ്ടുവർഷത്തോളമായി. പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള ട്രാഫിക് പോലീസ് രണ്ടുവർഷം കഴിഞ്ഞിട്ടും ഇതേക്കുറിച്ച് നിശ്ശബ്ദരാണ്. പകൽ സമയങ്ങളിലെ അപകടങ്ങളേറെയും ലേൻ ട്രാഫിക്കിലെ അപാകമാണ്. തിരക്കിൽ റോഡ് തിങ്ങിനിറഞ്ഞ് നീങ്ങുന്ന വലിയ വാഹനങ്ങൾക്കിടയിൽക്കൂടി മറികടക്കുന്ന ഇരുചക്രവാഹനങ്ങൾ അകപ്പെടും. സ്ത്രീകൾ ഓടിക്കുന്ന ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപെടുന്നതിലേറെയും. മൂന്നുവരി പാതകളിൽ പാലിക്കേണ്ട സുരക്ഷിത ട്രാഫിക് വ്യവസ്ഥകൾ പാലിക്കാത്തതാണ് അപകടകാരണം.

വേഗതയ്ക്കും ട്രാഫിക് നിയന്ത്രണത്തിനും അനുസരിച്ച് ട്രാക്ക് മാറുമ്പോൾ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങളുണ്ട്. കൃത്യമായ സിഗ്നലുകൾ നൽകി ട്രാക്ക് മാറിയില്ലെങ്കിൽ വലിയ വാഹനങ്ങൾക്ക് അടിയിൽപ്പെടും. റോഡിന്റെ മധ്യത്തെ ഡിവൈഡറിനോടു ചേർന്ന് വേഗതകുറച്ച് ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നതും അപകടത്തിനിടയാക്കും. വലിയ വാഹനങ്ങൾ ഇവയുടെ ഇടതുവശത്തുകൂടി മറികടക്കേണ്ടിവരും. ചെറുതായി ബാലൻസ് തെറ്റിയാൽ അപകടത്തിനിടയാക്കും.

സിഗ്നലുകളിലെ മറികടക്കൽ

സുഗമമായ ഗതാഗതത്തിനാണ് ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചിട്ടുള്ളതെങ്കിലും നമ്മുടെ നഗരത്തിലെ സിഗ്നലുകൾ അപകടമുനമ്പുകളാണ്. ഇതൊഴിവാക്കാൻ സിഗ്നലുകൾക്ക് 100 മീറ്റർ അടുത്ത് മറ്റുവാഹനങ്ങളെ മറികടക്കുന്നത് നിരോധിക്കാൻ തീരുമാനിച്ചിരുന്നു. ഗതാഗത പരിഷ്‌കരണസമിതി എടുത്ത ഈ തീരുമാനം നടപ്പാക്കിയിട്ടില്ല. സിഗ്നലുകൾക്കു സമീപത്ത് പാർക്കിങ് ഒഴിവാക്കാനുള്ള തീരുമാനവും നടപ്പാക്കിയിട്ടില്ല.

സിഗ്നലിൽ മഞ്ഞ ലൈറ്റ് തെളിയുന്ന സമയത്താണ് അപകടങ്ങളേറെയും. ചുവപ്പ് ലൈറ്റ് തെളിയുന്നതിനു മുമ്പേ കടന്നുപോകാൻ ഒരുവശത്ത് നിന്നുള്ളവർ ശ്രമിക്കുമ്പോൾ പച്ച തെളിയുന്നതിന് മുമ്പേ നീങ്ങിത്തുടങ്ങാൻ എതിർവശത്തുള്ള ഡ്രൈവർമാർ ശ്രമിക്കും. സിഗ്നലുകളിൽ കൂട്ടിയിടിച്ച് വീഴും. മഞ്ഞ തെളിഞ്ഞാൽ സ്റ്റോപ്പ് ലൈനിനു മുന്നേ വാഹനം നിർത്തണമെന്നതാണ് നിയമം. ചുവപ്പ് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ മഞ്ഞ തെളിയുമ്പോൾ പുറപ്പെടാൻ തയ്യാറാകണം. എന്നാൽ, പച്ച തെളിയാതെ നീങ്ങിത്തുടങ്ങരുത്. ഇത് വ്യാപകമായി ലംഘിക്കുന്നുണ്ട്.

പാവം കാൽനടയാത്രികർ

സീബ്രാലൈനുകൾ റോഡ് മുറിച്ചുകടക്കുന്നതിനു വേണ്ടിയാണ്. എന്നാൽ, നഗരത്തിലെ മിക്ക സീബ്രാലൈനുകളും അപകടമുനമ്പിൽത്തന്നെയാണ്. സീബ്രാലൈനിൽ കയറ്റി വാഹനങ്ങൾ നിർത്തിയിടുക. റോഡ് മുറിച്ചുകടക്കുന്നവർ സീബ്രാലൈനിലുള്ളപ്പോൾ വാഹനം ഇരപ്പിച്ച് ഹോണടിച്ച് ഓടിച്ചെത്തുക തുടങ്ങിയവ ഡ്രൈവർമാരുടെ വിനോദങ്ങളാണ്. ഇത് തടയാൻ പോലീസിനു കഴിയുന്നില്ല. ടൈൽപാകിയ ഫുട്പാത്തുകൾ കച്ചവടക്കാർ കൈയേറി. ചാല, കിഴക്കേക്കോട്ട, തമ്പാനൂർ, പട്ടം, കേശവദാസപുരം, തുടങ്ങി പ്രധാന വാണിജ്യ കേന്ദ്രങ്ങളിലെ ഫുട്പാത്തുകളെല്ലാം അനധികൃത കച്ചവടക്കാർ കൈയേറിയിട്ടുണ്ട്. കാൽനടക്കാർ റോഡിൽ ഇറങ്ങി നടക്കുന്നതും അപകടത്തിനിടയാക്കുന്നുണ്ട്.

ചോരമണക്കുന്ന രാത്രികാലം

രാത്രി എട്ടിനും 12-നും ഇടയിലെ അപകടങ്ങളാണ് ഏറെ ജീവനുകൾ അപഹരിക്കുന്നത്. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവയാണ് പ്രധാന കാരണങ്ങൾ. നഗരറോഡ് വികസന പദ്ധതിയുടെ ഭാഗമായി വീതികൂട്ടി ആറുവരി പാതയാക്കിയിട്ടുള്ള ഭാഗങ്ങളിലാണ് ഇത്തരം അപകടങ്ങളേറെയും ഉണ്ടാകുന്നത്. തിരക്കൊഴിയുമ്പോൾ വിജനമാകുന്ന റോഡുകൾ വേഗമാർജിക്കാനുള്ള വഴിയാകും. കവടിയാർ, വെള്ളയമ്പലം, ശാസ്തമംഗലം പ്രദേശങ്ങളിൽ തുടർച്ചയായി അപകടങ്ങളുണ്ടായി. പലതവണ പോലീസിന് നേരേ വിമർശനം ഉയർന്നു. എന്നിട്ടും വാഹനങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ല.

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹാനാപകടത്തിനുശേഷം വാഹനപരിശോധന കർശനമാക്കിയെങ്കിലും പിന്നീട് പിൻവലിച്ചു. മദ്യം വിളമ്പാൻ അനുമതിയുള്ള ചില ക്ലബ്ബുകളിൽനിന്നു രാത്രി പുറത്തേക്ക്‌ ഇറങ്ങുന്ന വാഹനങ്ങൾ നിരവധി അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ബാറുകളിൽനിന്ന്‌ ഇറങ്ങുന്ന വാഹനങ്ങളുടെ ഡ്രൈവർസീറ്റിലുള്ളവർ മദ്യപിച്ചിട്ടില്ലെന്ന്‌ ഉറപ്പുവരുത്തിയാൽ രാത്രി അപകടങ്ങൾ പകുതി കുറയ്ക്കാനാകും. പക്ഷേ, ഇതിൽ പലരും ഉന്നതരായതിനാൽ പോലീസിന് അതിനുള്ള ധൈര്യമില്ല.

സ്പീഡ് ബ്രേക്കറുകൾ

രാത്രിയിൽ വിജനമാകുന്ന നഗരപാതകളാണ് അമിതവേഗത്തിന്റെ മറ്റൊരു കാരണം. എടുത്തുമാറ്റാൻ പറ്റുന്ന സ്പീഡ് ബ്രേക്കറുകളാണ് ഇതിനു പരിഹാരം. രാത്രി റോഡിൽ വാഹനങ്ങൾ കുറയുമ്പോൾ സ്പീഡ് ബ്രേക്കറുകൾ വയ്ക്കുകയും രാവിലെ എടുത്തുമാറ്റുകയും വേണം. നിശ്ചിത ദൂരത്തിനുള്ളിൽ സ്പീഡ്‌ ബ്രേക്കറുകളുണ്ടെങ്കിൽ വേഗമെടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും.

പണക്കൊഴുപ്പിനു മുന്നിൽ പോലീസ് കീഴടങ്ങി

കവടിയാർ-വെള്ളയമ്പലം റോഡിൽ പോലീസും മോട്ടോർവാഹന വകുപ്പും ആരംഭിച്ച പരിശോധനകൾക്ക് ഏറെ ആയുസ് ഉണ്ടാകാറാല്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നിലയ്ക്കും. വീണ്ടുമൊരു അപകടമുണ്ടാകുമ്പോൾ വിമർശനം ഒഴിവാക്കാൻ വീണ്ടും പരിശോധന നടത്തും. കാറുകളിലും ബൈക്കിലും പാഞ്ഞെത്തുന്നവരിൽ ഭൂരിഭാഗവും ഉന്നതരാണ്. മദ്യലഹരിയിൽ വളയം പിടിക്കുന്ന ചിലരെ സല്യൂട്ട് ചെയ്ത് വീട്ടിൽ എത്തിക്കേണ്ട അവസ്ഥയിലാണ് പോലീസ്.

രൂപമാറ്റംവരുത്തിയ വാഹനങ്ങൾ പിടികൂടാൻ നടത്തിയ പരിശോധനകളും ഫലം കണ്ടില്ല. മത്സരയോട്ടത്തിനുള്ള വാഹനങ്ങൾ രാത്രി നിർബാധം റോഡിലിറങ്ങുന്നുണ്ട്. സൈലൻസറിൽ മാറ്റം വരുത്തി വലിയ ഒച്ചയുണ്ടാക്കുന്ന ബൈക്കുകളും കാറുകളും മ്യൂസിയം വെള്ളയമ്പലം റോഡിലൂടെ രാത്രി പായുന്നുണ്ട്.

സംസ്ഥാനത്തെ വാഹനാപകടങ്ങൾ:

2019-ൽ ദിവസം ശരാശരി 11 മരണം

2018-ൽ അപകടങ്ങൾ 40,181

2019-ൽ അപകടങ്ങൾ 41,153

അപകടമരണം

2018-ൽ 4,303

2019-ൽ 4,408

2019-ൽ തിരുവനന്തപുരം 545 മരണം

മാതൃഭൂമിക്ക് പറയാനുള്ളത്  

വാഹനാപകടങ്ങൾ ഒഴിവാക്കാൻ ആവിഷ്‌കരിച്ച പദ്ധതികളൊന്നും വിജയത്തിലെത്തുന്നില്ല. എവിടെയാണ് പരാജയമെന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. ആവശ്യത്തിന് പോലീസുകാരും പട്രോളിങ് വാഹനങ്ങളുമുണ്ട്. എന്നിട്ടും നഗരപാതകളിൽ രാത്രി സുരക്ഷിതമായി ഇറങ്ങാൻ കഴിയുന്നില്ല. അലക്ഷ്യമായി പാഞ്ഞെത്തുന്ന വാഹനങ്ങൾ എപ്പോൾ വേണമെങ്കിലും ജീവനെടുക്കാം. ഇത്തരം വാഹനങ്ങൾ തടയാനുള്ള ആർജ്ജവം നമ്മുടെ ഉദ്യോഗസ്ഥർക്കുണ്ട്. പക്ഷേ എവിടെയാണ് പിഴയ്ക്കുന്നത്. മുഖം നോക്കാതെയുള്ള നടപടികളാണ് നിയമലംഘനങ്ങൾ തടയാൻ ആവശ്യം. മദ്യപിച്ചുള്ള ഡ്രൈവിങ്, അമിതവേഗം എന്നിവ പൂർണമായും ഒഴിവാക്കിയാൽ നമ്മുടെ നഗരവീഥികൾ സുരക്ഷിതമാക്കാനാകും. അതിനുള്ള നടപടികളാണ് വേണ്ടത്.