ചൂട് കനത്തതോടെ തിരുവനന്തപുരം മൃഗശാലയിൽ പക്ഷി മൃഗാദികളെ തണുപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ വർഷം മാർച്ച് പകുതിയോടെയാണ് മൃഗങ്ങളെ തണുപ്പിക്കാനുള്ള പ്രവർത്തികൾ തുടങ്ങിയത്. എന്നാൽ ഇത്തവണ ചൂട് ശക്തമായതോടെയാണ് തണുപ്പിക്കൽ നടപടികൾ നേരത്തെ ആരംഭിച്ചത്.

ചൂട് കൂടിയതോടെ പുതിയ രീതികളാണ് മൃഗശാലാ അധികൃതർ അവലംബിച്ചിരിക്കുന്നത്. കൂടുകളിൽ ചെറിയ കുളങ്ങൾ ഒരുക്കിയും ഫാനുകൾ സ്ഥാപിച്ചും ഭക്ഷണങ്ങൾ ക്രമീകരിച്ചും നിശ്ചിത ഇടവേളകളിൽ ശരീരം തണുപ്പിക്കാൻ വെള്ളം ഒഴിച്ചുമാണ് ചൂടിനെ പ്രതിരോധിക്കുന്നത്.

മ്ലാവ്, മാൻ എന്നിവയുടെ ആവാസസ്ഥലങ്ങളിൽ മരങ്ങൾ കുറവാണ്. അതിനാൽ ശക്തമായ ചൂട് ഇവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇത് മറികടക്കാൻ ഇവയുടെ വാസസ്ഥലങ്ങളിൽ ചെറിയ കുളങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുരങ്ങ്, കരടി, കാണ്ടാമൃഗം, കാട്ടുപോത്ത്, നീലക്കാള, റിയപ്പക്ഷി തുടങ്ങിയവയുടെ കൂടുകളിൽ കുളങ്ങൾ ഒരുക്കി വെള്ളം നിറച്ചിട്ടുണ്ട്.

കേഴമാൻ, റിയാപ്പക്ഷികൾ എന്നിവയ്ക്ക് വെള്ളം ചീറ്റുന്ന സ്‌പ്രിങ്ക്‌ളർ വെച്ചിട്ടുണ്ട്.

കടുവയുടെ കൂടുകളിൽ ഷവറും ഒട്ടകപ്പക്ഷിക്ക്‌ ഓലകൊണ്ടുള്ള മേൽക്കൂരയും ഒരുക്കി. കടുവ, നീലക്കാള, പാമ്പ് എന്നിവയുടെ കൂടുകളിലും മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഫാനുകൾ സ്ഥാപിച്ചു.

പാമ്പുകളിൽ അനാക്കോണ്ടയ്ക്കും രാജവെമ്പാലയ്ക്കുമായി കൂടുതൽ പരിചരണം. ശീതീകരണ സംവിധാനമാണ് ഇവയുടെ കൂടുകളിൽ ഒരുക്കിയിരിക്കുന്നത്.

കുരങ്ങുകൾ, പക്ഷികൾ എന്നിവയുടെ ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയാതിരിക്കാൻ പഴങ്ങൾ കൂടുതലായി നൽകുന്നുണ്ട്.

ജലാംശം കൂടുതലുള്ള തണ്ണിമത്തൻ ഉൾപ്പെടെയുള്ള പഴവർഗങ്ങൾ ഐസ് കട്ടകളാക്കി തണുപ്പിച്ചാണ് ഹിമാലയൻ കരടികൾക്ക് നൽകുന്നത്. കൃത്യമായ ഇടവേളകളിൽ മൃഗങ്ങളെ കുളിപ്പിക്കുന്നുണ്ട്. ഇതിനായി പ്രത്യേകം ജീവനക്കാരുണ്ട്. കൂടിന്റെ വിവിധ ഭാഗങ്ങളിലായി ഭക്ഷണത്തോടൊപ്പം വെള്ളവും ഒരുക്കി.

പക്ഷികൾക്ക് വെള്ളത്തിൽ വൈറ്റമിൻസും മിനറൽസും ചേർത്ത് നൽകുന്നു. വേനൽക്കാലം കഴിയുന്നതുവരെ മൃഗങ്ങൾക്കും പക്ഷികൾക്കും പ്രത്യേക പരിചരണം തുടരുമെന്ന് മൃഗശാലാ സൂപ്രണ്ട് പി.വി.അനിൽകുമാർ പറഞ്ഞു.

മ്ലാവുകൾക്കും കാണ്ടാമൃഗങ്ങൾക്കും ചെളിക്കുളം

കാണ്ടാമൃഗം, മ്ലാവ് എന്നിവയ്ക്ക് കുളങ്ങൾക്ക് പുറമേ ചെളിക്കുളവും ഒരുക്കിയിട്ടുണ്ട്. മ്ലാവുകളെയും കാണ്ടാമൃഗങ്ങളെയും പാർപ്പിച്ചിരിക്കുന്നിടത്ത് ഉണ്ടായിരുന്ന മരങ്ങൾ പലതും കരിഞ്ഞുപോയി. അതിനാൽ അവയ്ക്ക് ചൂടിൽ നിന്ന് ആശ്വാസം പകരുന്നതിനാണ് ചെളിക്കുളം നിർമിച്ചത്. മ്ലാവുകളുടെ സ്വഭാവരീതി അനുസരിച്ച് ചൂടുകാലത്ത് ഇവ ചെളിവെള്ളത്തിൽ മുങ്ങി ഉരുളാറുണ്ട്. അതിനാൽ ഇവയുടെ കൂടിനകത്ത് വെള്ളം സ്‌പ്രേ ചെയ്യാറുമുണ്ട്.