അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ച് സൗഹൃദാന്തരീക്ഷമൊരുക്കാൻ ജനറൽ ആശുപത്രിയിൽ സമഗ്ര വികസനം. സ്ഥലപരിമിതികളും അസൗകര്യങ്ങളും അവസാനിപ്പിക്കുന്നതിനുള്ള മാസ്റ്റർപ്ലാനിന്റെ ആദ്യഘട്ടത്തിന് അംഗീകാരമായി. 143.06 കോടി രൂപയുടെ അനുമതിയാണ് ആദ്യഘട്ടത്തിൽ ലഭിച്ചിരിക്കുന്നത്. കിഫ്ബി വഴിയാണ് തുക ലഭ്യമാക്കുക. ആശുപത്രി അധികൃതർ സമർപ്പിച്ച വിശദമായ ഡി.പി.ആർ. ആരോഗ്യ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്.

സ്ഥലപരിമിതി

ഒരു മെഡിക്കൽ കോളേജിനുള്ള ചികിത്സാസൗകര്യങ്ങളുണ്ടെങ്കിലും സ്ഥലപരിമിതിയിൽ ഏറെ ബുദ്ധിമുട്ടാണ് ആശുപത്രിയിൽ അനുഭവപ്പെടുന്നത്. ഒ.പി. ടിക്കറ്റ് കൗണ്ടർ മുതൽ ആ പരിമിതി തുടങ്ങും. അത്യാഹിത വിഭാഗവും ഒ.പി.യും ലാബും എല്ലാം പരിമിതിയിൽ വീർപ്പുമുട്ടുകയാണ്. രോഗികൾക്ക് ആനുപാതികമായ ഇരിപ്പിടം, ശൗചാലയം എന്നിവയൊന്നും ആശുപത്രിയിലില്ല.

ലാബ്, മെഡിക്കൽ ഒ.പി. എന്നിവിടങ്ങളിൽ നിൽക്കാനും ഇരിക്കാനും സ്ഥലമില്ലാതെ രോഗികളെല്ലാം വീർപ്പുമുട്ടുന്ന അവസ്ഥയാണ്.

സമഗ്ര വികസനം

പൈതൃകക്കെട്ടിടത്തിൽ വലിയ മാറ്റങ്ങളുണ്ടാവില്ലെങ്കിലും അത്യാഹിത വിഭാഗം, അസ്ഥിരോഗ വിഭാഗം, സർജറി, ടിക്കറ്റ് കൗണ്ടർ എന്നിവ സ്ഥിതിചെയ്യുന്ന കെട്ടിടത്തിനാണ് പ്രധാന മാറ്റംവരുക. ഒ.പി. വിഭാഗങ്ങളിലാണ് മാസ്റ്റർപ്ലാനിന്റെ കൂടുതൽ വികസനങ്ങൾ വരിക. ട്രോമാകെയറും ഡയഗ്നോസ്റ്റിക് സൗകര്യങ്ങളും കൂടും. ആശുപത്രിക്കുള്ളിലെ റോഡുകളും നവീകരിക്കും.

സോളാർ വാട്ടർ ഹീറ്ററും ആശുപത്രിയിൽ സ്ഥാപിക്കും. കൂടാതെ മഴവെള്ള സംഭരണികളും സമഗ്രവികസനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരത്തിൽ ജലവിതരണം തടസ്സപ്പെടുന്ന ദിവസങ്ങളിൽ ആശുപത്രിയിലെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനാണ് മഴവെള്ള സംഭരണികൾ. ജലവിതരണത്തിനും മാലിന്യ നീക്കത്തിനുമുള്ള പൈപ്പ് ലൈനുകളും കൂടുതലായി സ്ഥാപിക്കും.

ശൗചാലയങ്ങൾ, ട്രോമാ കെയർ, റിസപ്ഷൻ എന്നിവയും പുതുതായി ഒരുക്കും. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ പരിശോധനാമുറിയും വിശാലമാക്കും.

13 പേർക്ക് സഞ്ചരിക്കാവുന്നതും 20 പേർക്ക് സഞ്ചരിക്കാവുന്നതുമായ പാസഞ്ചർ ലിഫ്റ്റ് സജ്ജീകരിക്കും. 20 ടൺ ശേഷിയുള്ള ഗുഡ്‌സ് ലിഫ്റ്റും സ്ഥാപിക്കും. 13 പേർക്ക് സഞ്ചരിക്കാവുന്ന ലിഫ്റ്റ് ഒരു സെക്കൻഡിൽ ഒരു മീറ്റർ വേഗതയിൽ സഞ്ചരിക്കും.

എല്ലാം നിരീക്ഷണത്തിൽ

ആശുപത്രി മുഴുവൻ നിരീക്ഷണവലയത്തിലാകും. നൂറിലേറെ സി.സി.ടി.വി. ക്യാമറകളാണ് സ്ഥാപിക്കുക. കൂടാതെ സുരക്ഷാ ജീവനക്കാരുടെ കൈയിൽ ഉൾപ്പെടെ ഇന്റർകോം സേവനങ്ങളും ലഭ്യമാക്കും. രോഗികളുടെ കിടക്കയ്ക്കരികിൽ നഴ്‌സുമാരെ വിളിക്കുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. മെഡിക്കൽ ഗ്യാസും ഓരോ കിടക്കയ്ക്കും ലഭ്യമാക്കും. ആദ്യഘട്ട അനുമതി മാത്രമാണ് ലഭ്യമായിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വിശദമായ പദ്ധതിരേഖയ്ക്ക് അംഗീകാരം ലഭിച്ചു. കിഫ്ബിയുടെ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രമേ അന്തിമ അംഗീകാരം ലഭിക്കൂവെന്നും അധികൃതർ അറിയിച്ചു.

മെഡിക്കൽ കോളേജ്‌

ജനറൽ ആശുപത്രിയിൽ മെഡിക്കൽ കോളേജ് ആരംഭിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല.

ജനറൽ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും യോജിപ്പിച്ച് മെഡിക്കൽ കോളേജ് ആരംഭിക്കാൻ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കെട്ടിടം സ്ഥാപിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ്‌ എന്ന പേരു നൽകിയ സ്ഥാപനത്തിൽ നൂറ് സീറ്റിലേക്കു പ്രവേശനം നൽകാൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരവും ലഭിച്ചു.

എന്നാൽ, എൽ.ഡി.എഫ്‌. സർക്കാർ പുതിയ മെഡിക്കൽ കോളേജ് വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

മെഡിക്കൽ കോളേജിനായി 8 കെട്ടിടം നിർമിച്ച്‌ ഉദ്ഘാടനം കഴിഞ്ഞ് നാലുവർഷം പിന്നിടുമ്പോൾ കെട്ടിടത്തിന്റെ ആദ്യത്തെ രണ്ടു നിലകളിൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ സിമുലേഷൻ ലാബ് ആരംഭിക്കാനുള്ള അനുമതി നൽകിയിരിക്കുകയാണ് സർക്കാർ. ഇതിനായുള്ള നിർമാണപ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.

സമഗ്ര വികസനം പൂർത്തീകരിക്കുമ്പോൾ അടിസ്ഥാനസൗകര്യങ്ങളിലും ജനറൽ ആശുപത്രി മെഡിക്കൽ കോളേജിന്റെ നിലവാരത്തിലെത്തുമെന്നാണ്‌ അധികൃതരുടെ വാദം. മികച്ച ചികിത്സാസൗകര്യങ്ങൾക്കൊപ്പം മെഡിക്കൽ വിദ്യാർഥികൾക്കു പഠിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

സ്വാഗതാർഹം

ജനറൽ ആശുപത്രിയിൽ സമഗ്ര വികസനത്തിനു തുക അനുവദിച്ചത് സ്വാഗതാർഹമാണ്. ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഇതിലൂടെ ലഭിക്കും. മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്തത് കുട്ടികളോടു കാണിക്കുന്ന അവഗണനയാണ്. സർക്കാർ ഫീസിൽ കുട്ടികൾക്കു പഠിക്കാനുള്ള അവസരം നഷ്ടപ്പെടുകയാണ്. അടുത്ത അധ്യയന വർഷമെങ്കിലും പ്രവേശനം ആരംഭിക്കാൻ മുഖ്യമന്ത്രി ഇടപെട്ട് നടപടി സ്വീകരിക്കണം.
വി.എസ്.ശിവകുമാർ എം.എൽ.എ.

മെഡിക്കൽ കോളേജിന്റെ ഭാരം കുറയും

മെഡിക്കൽ കോളേജിന്റെ ഭാരംകുറയ്ക്കുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആവശ്യത്തിന് പാർക്കിങ് സൗകര്യം, കൂട്ടിരിപ്പുകാർക്കുള്ള വിശ്രമസ്ഥലം എന്നിവയും സജ്ജീകരിക്കും. 
വി.കെ.പ്രശാന്ത്, എം.എൽ.എ.