കളക്ടറേറ്റ് മാലിന്യക്കാട്

ഇരുവശവും മാലിന്യം തള്ളുന്ന കാട്. ദുർഘടമായ റോഡു താണ്ടി കെട്ടിടത്തിലെത്തിയാൽ നിങ്ങളെ വരവേൽക്കുക പരാധീനതകളുടെ ദയനീയ കാഴ്ചകളാണ്. ജനാലകളിലേക്കു പടർന്നുപന്തലിച്ചു കിടക്കുന്ന വള്ളിപ്പടർപ്പുകൾ. കളക്ടറേറ്റ് ഉൾപ്പടെ നിരവധി സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷന്റെ ദുരവസ്ഥയാണിത്.

ഇഴജന്തുക്കളുടെയും മറ്റ് ജീവികളുടെയും വാസസ്ഥലമാണ് കെട്ടിടത്തിന്റെ പരിസരം. നാല് ഏക്കറിനുള്ളിൽ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷന് ഒരു ചുറ്റുമതിൽ പോലുമില്ല. പ്രധാനകവാടത്തിൽ ഗേറ്റുമില്ല. കാവൽക്കാരുമില്ല. കെട്ടിടത്തിന്റെ സൺഷെയ്ഡിലും വള്ളിച്ചെടികളും ചവറും നിറഞ്ഞു കിടക്കുകയാണ്. ഉള്ളിൽ പലയിടത്തും തേനീച്ചക്കൂടുകളും ആവശ്യത്തിനുണ്ട്. രാത്രിയായാൽ ഇഴജന്തുക്കളുടെയും കീരിയുടെയും കേന്ദ്രമാണിവിടെ. പകൽസമയത്ത് ആളനക്കം ഉള്ളതിനാൽ ഇവയെ പുറത്തുകാണില്ലെന്നു മാത്രം. മതിയായ സുരക്ഷാസംവിധാനമില്ലാത്തതിനാൽ മാലിന്യം തള്ളലും സാമൂഹിക വിരുദ്ധരുടെയും അഴിഞ്ഞാട്ടമാണിവിടെ. കെട്ടിടത്തിന്റെ പിന്നിലാണ് പ്രധാനമായും മാലിന്യനിക്ഷേപം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പുറത്തുനിന്ന് ഇവിടെ കൊണ്ടിടുന്നത്. ഈ മാലിന്യം ഭക്ഷിക്കാൻ എത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. മദ്യപസംഘങ്ങളും ഇവിടെ തമ്പടിക്കുന്നുണ്ട്. പിൻവശത്തെ പാർക്കിങ് സ്ഥലത്തുപോലും മദ്യക്കുപ്പികൾ കാണാം.

കരമനയിൽ കാടുപിടിച്ച ഡിസ്‌പെൻസറി

ചുറ്റുമതിലിനു പകരം വള്ളിച്ചെടികളും കുറ്റിച്ചെടികളും പടർന്ന കാടുകൾ. അവയ്ക്കിടയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ആശുപത്രി മാലിന്യങ്ങൾ. നിരവധി ആളുകൾ ദിവസവും എത്തുന്ന കരമന ഇ.എസ്.ഐ. ഡിസ്പെൻസറിയിലെ ദയനീയ കാഴ്ചയാണിത്.

ഇഴജന്തുക്കളെ ഭയന്ന് കെട്ടിടത്തിന്റെ പിൻവശത്തെ ജനാലകളും വാതിലുകളും തുറന്നിട്ട് മാസങ്ങളായി. കാടുമൂടിയ സ്ഥലങ്ങളിൽ ഡിസ്പെൻസറിയിലെ ചില്ല് അലമാരയുടെയും ഇരുമ്പുകട്ടിലിന്റെയും ഭാഗങ്ങൾ ഉപേക്ഷിച്ചനിലയിൽ കാണാം. ഡിസ്പെൻസറി വളപ്പ് വൃത്തിയാക്കുന്നതു സംബന്ധിച്ച് ഇ.എസ്.ഐ. ഡയറക്ടർ ഇ.എസ്.ഐ. കോർപ്പറേഷനു നിർദേശം നൽകണം. ഇ.എസ്.ഐ. കോർപ്പറേഷനാണ് ശുചീകരണത്തിനുള്ള കരാർ വിളിക്കേണ്ടത്. ദേശീയ പാതയിലെ പ്രധാന ജങ്ഷനിലാണ് നാട്ടുകാർക്ക് അപകടകരമായരീതിയിൽ ഈ സ്ഥലം കാടുപിടിച്ചു കിടക്കുന്നത്.

പ്രസ് റോഡിൽ മാലിന്യംതള്ളാനും കാടുകൾ

എസ്.എം.എസ്.എം. ഇൻസ്റ്റിറ്റ്യൂട്ടിനു പിൻവശത്തെ റോ മെറ്റീരിയിൽ ബാങ്ക് ഫോർ വുഡ്ക്രാഫ്‌റ്റിനു സമീപവും കാടുമൂടിയനിലയിലാണ്. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ വള്ളിപ്പടർപ്പുകളും മറ്റു മാലിന്യങ്ങളും കാണാം. വള്ളിപ്പടർപ്പുകൾ ഉണങ്ങിയനിലയിലാണ്. സമീപത്ത് അലുമിനിയം ഷീറ്റുകൊണ്ടു നിർമിച്ച താത്കാലിക കെട്ടിടവുമുണ്ട്. അതിനുള്ളിലും മാലിന്യങ്ങൾ നിറഞ്ഞുതന്നെയാണ്. കൂടാതെ തടിയുടെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും. സമീപത്തെ റോഡിലൂടെ സഞ്ചരിക്കുന്നവർ മാലിന്യപ്പൊതികൾ ഇവിടേക്കു വലിച്ചെറിയാറുണ്ട്. കാടുമൂടിയനിലയിലായതിനാൽ വലിച്ചെറിയുന്ന മാലിന്യം ആരുടെയും ശ്രദ്ധയിൽപ്പെടാറില്ല. ദുർഗന്ധം വമിക്കുമ്പോഴാണ് പലപ്പോഴും മാലിന്യമുള്ളതായി അധികൃതർപോലും അറിയുന്നത്.

അംബുജവിലാസം റോഡിലെ പഴയ ധന്വന്തരിമഠം

പുളിമൂട്ടിൽനിന്ന് അംബുജവിലാസം റോഡിലിറങ്ങുമ്പോൾ പഴയ ധന്വന്തരിമഠം പ്രവർത്തിച്ചിരുന്ന കെട്ടിടവും പ്രദേശവും നാട്ടുകാർക്കു ഭീതിയുണർത്തി ചെറിയ കാടിനുസമാനമാണ്. തലസ്ഥാനത്തെ പഴക്കം ചെന്ന വൈദ്യശാലകളിൽ ഒന്നായിരുന്നു അംബുജവിലാസം റോഡിലെ ധന്വന്തരിമഠം. ആയുർവേദ കോേളജിലെ ഡോക്ടറായിരുന്ന കുമരകം പരമേശ്വരൻ നായരായിരുന്നു വൈദ്യശാലയുടെ സ്ഥാപകൻ.

വൈദ്യശാലയുടെ പ്രവർത്തനം നിർത്തിയശേഷം കെട്ടിടം വർഷങ്ങളായി അടച്ചിട്ടനിലയിലാണ്. ജനാലകളുടെ വാതിലുകൾ പകുതി പൊളിഞ്ഞും ചില്ലുകൾ തകർന്നനിലയിലുമാണ്. കെട്ടിടത്തിന്റെ ഭിത്തികളിൽ വള്ളിച്ചെടികൾ വളർന്നുകയറിയത്‌ റോഡിലൂടെ സഞ്ചരിക്കുന്നവർക്കുപോലും കാണാം. ഈ കെട്ടിടത്തിനു സമീപം മഹാത്മജിയുടെ പാദസ്പർശമേറ്റ പുണ്യഭൂമിയുമുണ്ട്. ഗാന്ധിജിയുടെ സന്ദർശനത്തിന്റെ ഭാഗമായി സ്ഥാപിച്ച അർധകായ പ്രതിമയും ഇതിനു സമീപമുണ്ട്. എന്നാൽ, ഇന്ന് ആരുമറിയാതെ കാടുകയറി നാശത്തിന്റെ പാതയിലാണ് ഇവിടം.

വികാസ് ഭവനു പിന്നിലെ കാടുകൾ

വികാസ് ഭവനു പിൻവശത്തുള്ള പറമ്പും കാടുമൂടിയനിലയിലാണ്. മതിലുകളെക്കാൾ ഉയരത്തിലാണു കാടുകൾ വളർന്നുനിൽക്കുന്നത്. വികാസ് ഭവൻ കാന്റീന്റെ പിൻവശമുള്ള സ്ഥലമായതിനാൽ ഈ പ്രദേശം ആരുടെയും ശ്രദ്ധയിൽപ്പെടാറില്ലെന്നു മാത്രം. പ്രധാനപ്പെട്ട പല ഓഫീസുകളും ഡയറക്ടറേറ്റുകളും സ്ഥിതിചെയ്യുന്ന ഓഫീസനടുത്താണ് കാടുവളരുന്നത്‌. പോലീസ് ക്വാർട്ടേഴ്‌സിലേക്കുള്ള വഴിയരികിലുള്ള മതിലിനോടു ചേർന്നാണ് വള്ളിപ്പടർപ്പുകളുൾപ്പെടെ കാട്. ഇഴജന്തുക്കളുൾപ്പെടെയുള്ളവ ഇവിടെ ജനങ്ങൾക്കു ഭീഷണിയാകുന്നു.

ആളൊഴിഞ്ഞ പുരയിടങ്ങൾ

ആൾത്താമസമില്ലാത്ത വീടുകളും പറമ്പുകളും കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറുന്നുവെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സാമൂഹികവിരുദ്ധരുടെ കേന്ദ്രങ്ങളാണ് ഈ സ്ഥലങ്ങളിൽ ഭൂരിഭാഗവും. പുറത്തുനിന്ന് എളുപ്പത്തിൽ നോട്ടമെത്താത്തതും എന്നാൽ, പുറത്തുനടക്കുന്ന എല്ലാകാര്യങ്ങളും കൃതമായി അറിയാൻ സാധിക്കുന്നതുമാണ് ഈ സ്ഥലങ്ങളെ ഇത്തരക്കാരുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. കേസിൽപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളാണ് അധികവും താമസമില്ലാതെ കാടുമൂടിക്കിടക്കുന്നത്.

പരാതിയുണ്ടെങ്കിൽ അധികൃതർക്കു നടപടിയെടുക്കാം

പരിപാലിക്കാത്ത സ്ഥലങ്ങളും കെട്ടിടങ്ങളും ശല്യമാകുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടാൽ നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. കേരള മുനിസിപ്പാലിറ്റി നിയമം 426 പ്രകാരം ഉപയോഗിക്കാത്ത സ്ഥലവും കെട്ടിടവും സാമൂഹികവിരുദ്ധരുടെ കേന്ദ്രമായാൽ ഉടമയ്ക്ക് നോട്ടീസ് നൽകാൻ തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക്‌ അധികാരമുണ്ട്. ഉടമയ്ക്കാണ് നോട്ടീസ് നൽകുക.

വകുപ്പ് 427 പ്രകാരം സംരക്ഷിക്കപ്പെടാതെ കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളെക്കുറിച്ച് പരാതി ലഭിച്ചാൽ 48 മണിക്കൂറിനകം വൃത്തിയാക്കാൻ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക്‌ ആവശ്യപ്പെടാം. വകുപ്പ് 430 പ്രകാരം ഉടമയുടെ ഭാഗത്തുനിന്ന് നടപടിയെടുത്തില്ലെങ്കിൽ തദ്ദേശ സ്ഥാപന സെക്രട്ടറി ഇടപെട്ട് വൃത്തിയാക്കിയശേഷം ഉടമയിൽനിന്നു പണം ഈടാക്കാം.

മാതൃഭൂമിക്കു പറയാനുള്ളത്

ചോദിക്കാനും പറയാനും ആരുമില്ലാത്ത ഇടങ്ങൾ മാലിന്യക്കൂമ്പാരമായി മാറുകയാണ്. ഇവിടങ്ങൾ വൻകാടുകളായി മാറുന്നതോടെ സാമൂഹികവിരുദ്ധരുടെ താവളമാകുന്നു. കുറ്റകൃത്യങ്ങളുടെ കൂടാരമായി കൈമനത്തെ ആളൊഴിഞ്ഞ പറമ്പ് മാറിയത് ഇതിനൊരുദാഹരണമാണ്.

നഗരഹൃദയത്തിൽ റോഡരികിൽ കാടുവളരുന്നത് വേനൽക്കാലത്ത് തീപിടിത്തത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് നാം ക്ഷണിച്ചുവരുത്തുന്ന അപകടമായിരിക്കും. ഇത്തരത്തിലുള്ള പൊതുസ്ഥലങ്ങൾ ജനങ്ങൾക്ക് ഉപകാരമുള്ള ഇടങ്ങളാക്കി മാറ്റിയെടുക്കാൻ അധികൃതർ നടപടിയെടുക്കണം. ചെറിയ ശ്രമം നടത്തിയാൽ ഇവിടങ്ങൾ പരിപാലിച്ച് നല്ല കൃഷിയിടങ്ങളാക്കി മാറ്റാവുന്നതാണ്. വൈവിധ്യങ്ങളായ മരങ്ങൾ നട്ടു പരിപാലിക്കാനും കഴിയും.