കുടിവെള്ളമെന്ന പേരിൽ മലിനജലം ടാങ്കർ ലോറികളിൽ വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം കണ്ടെത്തി. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ ഒരു ഹോട്ടലിൽ വെള്ളം എത്തിക്കുന്നതിനിടെയാണ് എ.കെ.ട്രാൻസ്പോർട്ട് എന്ന പേരിലുള്ള ടാങ്കർ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. തിരുവല്ലത്തെ വയലിനു സമീപം കുഴിയെടുത്താണ് ഇവർ വെള്ളം കൊണ്ടുവന്നിരുന്നതെന്ന് കണ്ടെത്തി. ഇതിനു സമീപം ഇത്തരത്തിൽ വെള്ളം എടുക്കുന്ന രണ്ട് സ്ഥലംകൂടി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പലതും വൃത്തിഹീനമായനിലയിലാണ്. പല ടാങ്കർ ഉടമകൾക്കും സ്വന്തമായി ഇത്തരത്തിൽ കിണറുകളും കുളങ്ങളുമുണ്ടെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. തിരുവല്ലത്തും പരിസരപ്രദേശങ്ങളിലും കൂടാതെ പോങ്ങുംമൂട്, ചന്തവിള എന്നിവിടങ്ങളിലും അനധികൃത ജലശേഖരണ കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

തട്ടുകടകളിൽ മുതൽ സ്റ്റാർ ഹോട്ടലുകളിൽ വരെ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് അടക്കമുള്ള സ്ഥലങ്ങളിലെ കടകളിലേക്ക് പുലർച്ചെ കുടിവെള്ളമെത്തിക്കുന്നത് ഇത്തരം ടാങ്കറുകളാണ്. കൂടാതെ ഹോസ്റ്റലുകൾ, ഫ്ളാറ്റുകൾ, സ്റ്റാർ ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഇത്തരത്തിൽ മലിനജലം എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം പിടിച്ച ടാങ്കറിൽ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും കോളേജ് ഹോസ്റ്റലിലേക്കും ഇതേ വെള്ളം എത്തിച്ചതായി ടാങ്കർ ജീവനക്കാർ സമ്മതിച്ചിരുന്നു.

തിരുവല്ലത്ത് കണ്ടെത്തിയ ഒരു കിണർ ഒരു സ്റ്റാർ ഹോട്ടലിലേക്കു വെള്ളം എത്തിക്കാനായി ഉപയോഗിക്കുന്നതാണെന്നു കണ്ടെത്തിയിരുന്നു. മറ്റൊരു കിണർ വേറെ ഒരു ടാങ്കർ ഗ്രൂപ്പ് വെള്ളം കൊണ്ടുപോകാൻ ഉപയോഗിക്കുന്നതാണെന്നും കണ്ടത്തി. തിങ്കളാഴ്ച മുതൽ ഇത്തരം കിണറുകൾ കണ്ടെത്താനുള്ള പരിശോധനകൾ കർശനമാക്കാനാണ്‌ കോർപ്പറേഷന്റെ തീരുമാനം.

തട്ടിപ്പ് ജല അതോറിറ്റി ടോക്കൺ കാണിച്ച്

ജല അതോറിറ്റിയിൽനിന്നു കുടിവെള്ളം ശേഖരിക്കാൻ എടുക്കുന്ന ടോക്കൺ കാണിച്ചാണ് സ്ഥാപനങ്ങളെ കബളിപ്പിക്കുന്നത്. ജല അതോറിറ്റിയിലെ വെള്ളം എന്നനിലയിലാണ് മലിനജലം വിതരണം ചെയ്യുന്നത്. ജല അതോറിറ്റിയിൽ ഒരു ടാങ്കിന് ആയിരം രൂപയ്ക്കടുത്ത് മാത്രം അടച്ചാൽ മതി. എന്നാൽ, ചിലപ്പോൾ സമയം കൂടുതൽ കാത്തുനിൽക്കേണ്ടി വരും. മാത്രമല്ല ജല അതോറിറ്റി ടാങ്കറുകൾക്കു വെള്ളം നൽകുന്നത് അരുവിക്കരയിലെയും ചൂഴാറ്റുകോട്ടയിലെയും വെൻഡിങ് സ്ഥലങ്ങളിൽനിന്നാണ്. നഗരത്തിൽനിന്ന്‌ ഇത്രയുംദൂരം പോകാനും വെള്ളം എടുക്കാനും മടിച്ചാണ് ഈ സംഘങ്ങൾ മലിനജലം വിതരണം ചെയ്യുന്നത്. എട്ടും പത്തും ലോഡ് വെള്ളമാണ് ഒരു ടാങ്കർ ഉപയോഗിച്ച് വിതരണം ചെയ്യുന്നത്. ജല അതോറിറ്റി വെള്ളം ശേഖരിച്ചാൽ ഇത്രയും ലോഡ് വിതരണം ചെയ്യാനാവില്ല. ഇതിനായിട്ടാണ് സ്വന്തം സ്രോതസ്സുകൾ ഉണ്ടാക്കുന്നത്. വെള്ളക്കെട്ടുകൾക്കും വയലുകൾക്കും സമീപമുള്ള സ്ഥലങ്ങളാണു കണ്ടെത്തുന്നത്. ഇത്തരം സ്ഥലങ്ങളിൽ വെള്ളത്തിനു ക്ഷാമമുണ്ടാകില്ലെന്നതാണ് ഗുണം. എന്നാൽ, കുടിക്കാൻ ഉപയോഗിക്കാനാവാത്ത ചെളിവെള്ളമാണ് മിക്ക സ്ഥലങ്ങളിലുമുള്ളത്.

ശരാശരി ജല അതോറിറ്റിയിൽ പണം അടയ്ക്കാതിരിക്കുന്ന വകയിൽത്തന്നെ ഒരു വാഹനത്തിന് ഏഴായിരം മുതൽ പതിനായിരംവരെ പ്രതിദിനം ലാഭിക്കാം. യാത്രച്ചെലവിലും വൻ തട്ടിപ്പാണ് നടത്തുന്നത്.

പകൽ മാത്രമാണ് ജല അതോറിറ്റിയിൽനിന്നു വെള്ളം ലഭിക്കുന്നത്. എന്നാൽ, രാത്രിയിലാണ് ടാങ്കറുകളുടെ ജലവിതരണ തട്ടിപ്പ് കൂടുതലും നടക്കുന്നത്. പുലർച്ചെ ജല അതോറിറ്റി വിതരണം ചെയ്യുന്നതിനു മുമ്പുതന്നെ നൂറുകണക്കിന് ടാങ്കർ വെള്ളമാണ് കുടിവെള്ളമെന്ന പേരിൽ നഗരത്തിലെത്തുന്നത്.

രജിസ്‌ട്രേഷനെടുക്കാതെ മാറിനിൽക്കാൻ നീക്കം

കുടിവെള്ള ടാങ്കറുകൾക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്താനുള്ള നീക്കത്തെ അട്ടിമറിക്കാനും ചില ടാങ്കർ കമ്പനികൾ രംഗത്തിറങ്ങിയിട്ടുണ്ട്. ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാതെ മാറിനിൽക്കാനാണ് പല കമ്പനികളുടെയും ശ്രമം. എന്നാൽ, ഒന്നാംതീയതി മുതൽ കോർപ്പറേഷൻ വഴി വരുന്ന ടാങ്കറുകൾക്കു മാത്രമേ വെള്ളം നൽകൂ എന്ന് ജല അതോറിറ്റി അറിയിച്ചതിനാൽ കുറച്ചുപേർ രജിസ്‌ട്രേഷനു തയ്യാറായി എത്തിയിട്ടുണ്ട്.

കോർപ്പറേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കുടിവെള്ളവിതരണം ഫെബ്രുവരി ആദ്യവാരം മുതൽ പ്രാബല്യത്തിൽ വരും. കോർപ്പറേഷനും ജല അതോറിറ്റിയും സംയുക്തമായാണ് ഈ സംരംഭം നടപ്പാക്കുന്നത്. ജലവിതരണം നടത്തുന്ന ടാങ്കറുകൾ ബുക്ക് ചെയ്യാവുന്നത് കോർപ്പറേഷനിലൂടെ മാത്രമായിരിക്കും. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് കോർപ്പറേഷൻ ടാങ്കറുകളെ നിയോഗിക്കും. ഇതിലേക്കായി കോർപ്പറേഷന്റെ സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പും വെബ് പോർട്ടലുമാണ് പ്രയോജനപ്പെടുത്തുന്നത്. ഹെൽത്ത് സർക്കിൾ ഓഫീസുകൾ, അക്ഷയ സെന്ററുകൾ, കോർപ്പറേഷൻ മുഖ്യകാര്യാലയത്തിലെ കോൾ സെന്ററുകൾ എന്നിവിടങ്ങളിലും ഈ സേവനം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ കുടിവെള്ള വിതരണവും മറ്റു വ്യാവസായിക നിർമാണ ആവശ്യങ്ങൾക്കായുള്ള ജലവിതരണം നടത്തുന്ന ടാങ്കറുകൾ 22-ന്‌ മുൻപ് കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യണം. ലൈസൻസ് എടുക്കാത്ത വാഹനങ്ങൾ അനധികൃത വാഹനങ്ങൾ ആയി കണക്കാക്കുകയും 25000 രൂപ മുതൽ 50000 രൂപ വരെ പിഴ ഏർപ്പെടുത്തുകയും ചെയ്യും. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കുന്നത് ജല അതോറിറ്റി ആയിരിക്കും.

വാഹനത്തിന്റെ ചെലവും വെള്ളച്ചെലവും അടക്കമുള്ള തുകയും കണക്കാക്കിയിട്ടുണ്ട്. 2000 ലിറ്ററിൽ താഴെയുള്ളവർക്ക് കുറഞ്ഞ തുകയ്ക്ക് വെള്ളം അളന്നുനൽകുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 500, 1000, 1500 ലിറ്ററുകൾക്ക് അതിനുവേണ്ട തുക നൽകിയാൽ മതിയാകും. പൊതുജനങ്ങളും വ്യാപാരി-വ്യവസായികളും ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും അനധികൃത ടാങ്കറുകളുടെ സേവനം ഉപയോഗിക്കരുതെന്നും മേയർ കെ.ശ്രീകുമാർ ആവശ്യപ്പെട്ടു.

കുടിവെള്ളം ഒഴികെ മറ്റു കൃഷി-വ്യാവസായിക ആവശ്യങ്ങൾക്കായുള്ള വെള്ളം മുട്ടത്തറയിൽ സെപ്‌റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്നും വൻകിട കെട്ടിടങ്ങൾ-ഫ്ളാറ്റുകൾ-വ്യാവസായിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ എസ്.ടി.പി.കളിൽ നിന്നും ലഭ്യമാക്കും.