സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ നഗരസഭ. അജൈവ മാലിന്യമായ ഇവ ശേഖരിച്ചു സംസ്കരിക്കുന്നതിനുള്ള സംവിധാനമാണ് നഗരസഭയുടെ ആരോഗ്യവിഭാഗം ഒരുക്കുന്നത്. നഗരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ നാലുശതമാനവും സാനിറ്ററി മാലിന്യങ്ങളായ പാഡുകളും ഡയപ്പറുകളുമാണ്. ഇവ സംസ്കരിക്കാൻ കഴിയാതെ റോഡിൽ ഉപേക്ഷിക്കുന്നതു പതിവാണ്. ഓഫീസുകൾ, സ്കൂളുകൾ, ഇ-ടോയ്‌ലറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് ഇൻസിനറേറ്റുകൾ സ്ഥാപിച്ചെങ്കിലും നല്ലൊരു വിഭാഗത്തിലേക്ക് ഈ സൗകര്യമെത്തിയില്ല.

നഗരസഭയുടെ 25 ഹെൽത്ത് സോണുകൾ കേന്ദ്രീകരിച്ചാണ് സംസ്കരണ സംവിധാനം ഒരുക്കുന്നത്. ഓരോ സ്ഥലത്തും മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ഇൻസിനറേറ്റർ സ്ഥാപിക്കും. ഫോൺ വിളിച്ചാൽ സ്ഥലത്തെത്തി മാലിന്യം ശേഖരിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്. മാലിന്യം ശേഖരിക്കാൻ നേരത്തെ ബുക്ക് ചെയ്യുകയും ചെയ്യാം. ഇതിനുള്ള സംവിധാനം ഗ്രീൻ ട്രിവാൻഡ്രം മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. മാലിന്യം സംസ്കരിക്കുന്നതിനു ചെറിയൊരു തുക ഫീസായി നൽകണം.

നഗരവീഥികളിൽ ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങളിലും പാഡുകൾ കാണാറുണ്ട്. കൂടാതെ ഡ്രയിനേജുകളിൽ തടസ്സമുണ്ടാകുന്നതിലും പ്രധാന വില്ലൻ പാഡുകളാണ്. തലസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ നാലുശതമാനത്തോളം സാനിറ്ററി പാഡുകളും ഡയപ്പറുകളുമാണ്. വലിയ തോതിലുള്ള സാനിറ്ററി മാലിന്യം സംസ്കരിക്കുന്നതിനു ശാസ്ത്രീയ മാർഗങ്ങൾ ഒന്നുംതന്നെ നിലവിലില്ലായിരുന്നു. പുതിയ പദ്ധതി നടപ്പാകുന്നതോടെ സാനിറ്ററി മാലിന്യങ്ങൾ തൊണ്ണൂറുശതമാനവും ശാസ്ത്രീയമായി സംസ്കരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.