ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും ലക്ഷം ദീപങ്ങളുടെ പ്രഭയിൽ തിളങ്ങാൻ ഇനി രണ്ടുദിവസം മാത്രം. ആറു വർഷത്തിലൊരിക്കൽ നടത്തുന്ന, 56 ദിവസം നീണ്ടുനിൽക്കുന്ന മുറജപത്തിന് സമാപനം കുറിച്ച് മകര സംക്രാന്തി ദിനമായ 15-നാണ് ലക്ഷദീപം. പദ്മതീർഥക്കരയും പരിസരവും ദീപമേന്താൻ ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിന്റെ മുഖപ്രസാദമായ കുംഭഗോപുരത്തിൽ വൈദ്യുതവിളക്കുകൾ മാലകോർക്കുകയാണ്. ദീപക്കാഴ്ചയും പൊന്നും ശീവേലിയും കാണാൻ ഭക്തർ കാത്തിരിക്കുന്നു. ദേശനാഥന്റെ മഹനീയാചാരത്തിന് പുരാതനമായ രാജകീയാസ്ഥാനം കോടിയുടുത്തു കഴിഞ്ഞു.

ശീവേലിപ്പുരയുടെ ചുമരുകളിലെ സാലഭഞ്ജികകൾ, ശ്രീകോവിലിനുള്ളിലെ വിവിധ മണ്ഡപങ്ങൾ, ശീവേലി ദർശിക്കാനെത്തുന്ന ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ക്ഷേത്രത്തിനുൾവശം എന്നിവിടങ്ങളിലാണ് പ്രധാനമായും ദീപങ്ങൾ തെളിയിക്കുന്നത്. മതിലകത്തിന് പുറത്തെ ചുമരുകളും ദീപപ്രഭയിൽ ആറാടും.

ബ്രാഹ്മണ സമാജം വനിതാ സമാജം, തിരുവോണ സമിതി, ഭക്തജനസഭ എന്നീ സംഘടനകളിൽ നിന്നു തിരഞ്ഞെടുത്ത നൂറു ഭക്തരെയാണ് എണ്ണവിളക്കുകൾ കത്തിക്കാനായി നിയോഗിച്ചിട്ടുള്ളത്. ഇവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകും. അത്യാവശ്യ സന്ദർഭങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഭക്തർക്കും ഇതിൽ പങ്കു ചേരാം. അര മണിക്കൂറിനുള്ളിൽ വിളക്കുകളെല്ലാം തെളിയിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനായി 14-ന് പരിശീലന ദീപക്കാഴ്ച നടത്തും. ലക്ഷദീപം ദർശിക്കാൻ 15-നു എത്താൻ കഴിയാത്ത ഭക്തർക്കു വേണ്ടി അടുത്ത ദിവസവും ദീപങ്ങൾ തെളിക്കും.

അധികവും മൺചെരാതുകളിൽ തിരിയിട്ട എണ്ണവിളക്കുകൾ തെളിയിക്കാനാണ് ശ്രമിക്കുന്നത്. ഗോപുരത്തിലും മറ്റ് ചുമരുകളിലും വൈദ്യുത ദീപങ്ങൾ ഘടിപ്പിക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി. രതീശൻ അറിയിച്ചു.

പല ദിശകളിൽ കറങ്ങുന്ന വിളക്കു ഗോപുരം സജ്ജീകരിക്കുന്നതാണ് മറ്റൊരു പ്രത്യേകത. എണ്ണയിൽ എരിയുന്ന ദീപങ്ങളാണ് ഇതിൽ ഉപയോഗിക്കുക. മംഗലാപുരം വെങ്കിടേശ്വര ക്ഷേത്ര സമിതിയാണ് നേതൃത്വം നൽകുന്നത്. ഇതു കൂടാതെ ക്ഷേത്രത്തിനു നാലു വശത്തേയും വീഥികൾ വിവിധ ഭക്തജന സംഘങ്ങളുടേയും വ്യാപാരി വ്യവസായികളുടേയും നേതൃത്വത്തിൽ അലങ്കരിക്കുന്നുണ്ട്.

മതിലകത്ത് ദർശനം 21,000 പേർക്ക്

ലക്ഷദീപദിവസം ശീവേലി സമയത്ത് 21,000 പേർക്കാണ് ദർശനം അനുവദിച്ചിട്ടുള്ളത്. ഇവർക്കുള്ള പാസ് വിതരണം പൂർത്തിയായിട്ടുണ്ട്. ബാർ കോഡ് ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളുള്ള തിരിച്ചറിയൽ കാർഡാണ് ഭക്തർക്ക് വിതരണം ചെയ്യുന്നത്. അതിനാൽ പാസ് കൈമാറാൻ കഴിയില്ല. ബുധനാഴ്ച രാത്രി 8.30-നാണ് പൊന്നുംശീവേലി. സ്വർണനിർമിതമായ ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയെയും വെള്ളിയിലുള്ള ഗരുഡവാഹനങ്ങളിൽ തെക്കേടം നരസിംഹമൂർത്തിയെയും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും എഴുന്നള്ളിക്കും. ദർശനത്തിന് സന്ധ്യയ്ക്ക് 7 മണി മുതൽ ഭക്തരെ കടത്തിവിടും.

തെക്കുഭാഗത്തെ പ്രത്യേക കവാടം വഴി രാജകുടുംബാംഗങ്ങളെ പ്രവേശിപ്പിക്കും. ഭക്തർ കയറേണ്ട വാതിലുകളെക്കുറിച്ച് പാസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ശീവേലി ഉൾപ്പെടെയുള്ള ചടങ്ങുകൾ എല്ലാ ഭക്തർക്കും കാണാനായി 8 വീഡിയോ വാളുകളും സജ്ജീകരിക്കും. പാസ് ഇല്ലാത്തവർക്ക് ശീവേലി ദർശിക്കുന്നതിന് പ്രത്യേക സംവിധാനവും ഒരുക്കും. ശീവേലിപ്പുരയ്ക്ക് സമാന്തരമായി പ്രത്യേക ക്യൂ സംവിധാനമാണ് ഒരുക്കുക. ഇതുവഴി അകത്തു പ്രവേശിക്കുന്നവർക്ക് ക്ഷേത്രത്തിൽ തങ്ങാൻ കഴിയില്ല. തെക്കേനട വഴി അകത്തു കയറുന്നവരെ പടിഞ്ഞാറേനട വഴിയും പടിഞ്ഞാറേനട വഴി പ്രവേശിക്കുന്നവരെ വടക്കേനട വഴിയും വടക്കേനട വഴി കയറുന്നവരെ തിരുവമ്പാടി നട വഴിയും തിരിച്ചിറക്കും. കിഴക്കേനടയിൽ ക്യൂ സംവിധാനം സജ്ജീകരിക്കില്ല.

പുത്തരിക്കണ്ടം, ഫോർട്ട് ഹൈസ്‌കൂൾ, ഫോർട്ടിലെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്‌, ശ്രീകണ്‌ഠേശ്വരം പാർക്ക് തുടങ്ങി 27 സ്ഥലങ്ങൾ പാർക്കിങ്ങിനായി കണ്ടെത്തിയിട്ടുണ്ട്.

ക്ഷേത്രത്തിനുൾവശത്ത് ലക്ഷദീപ ദിവസം ഭക്തർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. മെഡിക്കൽ സംഘം ഓരോ നടകളിലുമുണ്ടാകും. വോളന്റിയർമാരുടെ സേവനം എല്ലായിടത്തും ലഭ്യമാക്കും. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ നിരീക്ഷണ ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് മാനേജർ ബി.ശ്രീകുമാർ അറിയിച്ചു.

മതിലകം മണൽപ്പരപ്പാകും

ലക്ഷദീപത്തോടനുബന്ധിച്ച് ക്ഷേത്രമതിലകം പഞ്ചാരമണൽപ്പരപ്പാകും. ഇതിനായി 50 ലോഡ് മണൽ നാലുനടകൾക്ക് മുന്നിലും എത്തിച്ചിട്ടുണ്ട്. മണൽ ഉള്ളിലേക്ക് കൊണ്ടുപോയി നിരത്തുന്ന ജോലി പുരോഗമിക്കുകയാണ്. ഇതിനായി ക്ഷേത്രം അധികൃതർ വിവിധ സംഘടനകളുടെയും സി.ആർ.പി.എഫ്, എയർ ഫോഴ്സ്, കരസേന എന്നിവയുടെയും സഹായം തേടിയിരുന്നു. ഞായറാഴ്ച സി.ആർ.പി.എഫ്, ബി.എസ്. എഫ്. എന്നിവയുടെ ജവാന്മാരും സേവാഭാരതിയുടെ പ്രവർത്തകരുമുൾപ്പെടെ 200 ഓളം പേർ പരിശ്രമിച്ചു. ഈ കർമത്തിൽ ഭക്തർക്കും സംഘടനകൾക്കും പങ്കു ചേരാമെന്ന് അധികൃതർ അറിയിച്ചു. അടുത്ത ദിവസം മണൽ വിരിക്കാൻ കൂടുതൽ സന്നദ്ധപ്രവർത്തകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.