കോവളം-ബേക്കൽ ജലപാതയുടെ തുടക്കമായ പാർവതീപുത്തനാർ നവീകരിക്കുന്നു. കോവളം-ആക്കുളം ജലപാത പദ്ധതിയുടെ മൂന്നാംഘട്ട ശുചീകരണം ഫെബ്രുവരിയിൽ വീണ്ടും തുടക്കമാകും. ഇതോടൊപ്പം ജലപാത കടന്നുപോകുന്ന വർക്കലയിലെ നിലവിലെ തുരങ്കപാതയ്ക്ക് അനുബന്ധമായി കണ്ടെയ്‌നർ കടന്നുപോകുന്നതിനുള്ള പുതിയ തുരങ്കപാതയും നിർമിക്കും.

പുത്തനാറിന്റെ ഇരുകരകളിൽ നടപ്പാത, പൂന്തോട്ടം, അഞ്ചിടങ്ങളിൽ ബോട്ട് ജെട്ടികൾ, കാർഗോ ടെർമിനൽ എന്നിവ പണിയും. ആറിന്റെ വീതി വർധിപ്പിച്ച്‌ ആഴംകൂട്ടൽ അടക്കമുള്ള നിരവധി പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. പദ്ധതികളുടെ പൂർത്തീകരണത്തിനാവശ്യമായ 54 കോടി രൂപയുടെ പുതിയ രൂപരേഖ കിഫ്ബിക്കു സമർപ്പിച്ചിട്ടുണ്ട്‌. സംസ്ഥാന ഉൾനാടൻ ജലഗതാഗത വകുപ്പ്, കേരള വാട്ടർവേയസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡുമാണ് പദ്ധതി സമർപ്പിച്ചിരിക്കുന്നത്.

ശുചീകരണം വെല്ലുവിളി

പാർവതീപുത്തനാറിൽ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന പാലങ്ങളുടെ നിർമാണം പദ്ധതിക്കു താത്‌കാലിക തടസ്സമുണ്ടാക്കിയിട്ടുണ്ട്. വള്ളക്കടവു മുതൽ മുട്ടത്തറ-പൊന്നറ പാലം വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരം വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെട്ടത് ശുചീകരണ പ്രവർത്തനങ്ങൾ നിലയ്ക്കാൻ ഇടയാക്കി. 2018-ലായിരുന്നു ഒന്നാംഘട്ട ശുചീകരണം തുടങ്ങിയത്. ആക്കുളം മുതൽ പനത്തുറവരെയുള്ള 13 കിലോമീറ്റർ ദൂരമാണ് ആദ്യം ശുചീകരിച്ചത്. രണ്ടാംഘട്ടത്തിൽ ആക്കുളം മുതൽ വള്ളക്കടവു വരെയും ശുചീകരിച്ചു. മുട്ടത്തറയിലെ പാലംപണി പൂർത്തിയാകാത്തതും വള്ളക്കടവിൽ താത്‌കാലിക പാലത്തിനുള്ള ബണ്ട് നിർമാണം എന്നിവകാരണം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ബണ്ട് നിർമിക്കുന്നതോടൊപ്പം ബോട്ട് കടന്നുപോകുന്നതിനായി അഞ്ച് മീറ്റർ വീതിയിലും മൂന്ന്‌ മീറ്റർ ഉയരത്തിലുമുള്ള സൗകര്യമൊരുക്കണമെന്ന് ക്വിൽ അധികൃതർ പി.ഡബ്ല്യു.ഡി. അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശുചീകരിച്ച ഇടങ്ങളിലെല്ലാം വീണ്ടും മാലിന്യംതള്ളുന്നത് പദ്ധതിക്കു കടുത്ത വെല്ലുവിളിയായി. ജനുവരിയോടെ മുട്ടത്തറയിൽ നിർമിച്ചിട്ടുള്ള താത്‌കാലിക ബണ്ട് പൊളിച്ച് വെള്ളമൊഴുകാനുള്ള തടസ്സം മാറ്റുമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗം അറിയിച്ചു. നാലുകോടി രൂപമുടക്കിയാണ് രണ്ട് ഘട്ടങ്ങളിലായി ആറ് ശുചീകരിച്ചത്. പൊതുജനങ്ങൾ വീണ്ടും മാലിന്യമിട്ടതും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതും പദ്ധതിയെ പിന്നോട്ടാക്കി.

ഇരുകരകളിലും ഇരുമ്പുവേലി; എങ്ങുമെത്തിയില്ല

പാർവതീപുത്തനാറിന്റെ കരിക്കകം മുതൽ തിരുവല്ലം വരെയുള്ള ഇരുകരകളിലും രണ്ടര മീറ്റർ ഉയരത്തിൽ മാലിന്യമെറിയുന്നതു തടയുന്നതിനായുള്ള ഇരുമ്പുവേലി പദ്ധതി എങ്ങുമെത്തിയല്ല. ഇപ്പോഴും മാംസമാലിന്യമുൾപ്പെടെയുള്ളവ പുത്തനാറിൽ കൊണ്ടിടുന്നത് തടയാനുള്ള ഒരു സംവിധാനവും നഗരസഭ ഏർപ്പെടുത്തിയിട്ടില്ല

സ്ഥലമേറ്റെടുപ്പ് പാളി; സ്വിവറേജ്‌ പദ്ധതിയും

കരിക്കകം മുതൽ തിരുവല്ലം-പനത്തുറ വരെയുള്ള പുത്തനാറിന്റെ ഇരുകരകളിലുമുള്ള വീടുകളിൽനിന്ന് കക്കൂസ് മാലിന്യം ആറിലേക്ക് ഒഴുക്കുന്നത് തടയാനായി ആവിഷ്‌കരിച്ച സ്വിവറേജ് പദ്ധതിയും എങ്ങുമെത്തിയില്ല. സ്വിവറേജ് ലൈൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് ഇതുവരെ അനക്കം െവച്ചിട്ടില്ല. നഗരസഭ, ശുചിത്വമിഷൻ, പി.ഡബ്ല്യു.ഡി. എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥരെയാണ് ഇത് നടപ്പാക്കുന്നതിനു നിയോഗിച്ചത്. സിയാലിന്റെ സാമുഹിക പ്രതിബദ്ധതാ പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് വള്ളക്കടവ് ഭാഗത്തെ 26 വീടുകളെ ഉൾപ്പെടുത്തി ഒൻപത് ടാങ്കുകൾ സ്ഥാപിച്ച് ആ മേഖലയിലെ മാലിന്യപ്രശ്നം പരിഹരിച്ചു.

54 കോടിയുടെ പദ്ധതി

പാർവതീപുത്തനാറിൻെ തുടക്കമായ കോവളം മുതൽ ആക്കുളം-കഠിനംകുളം കായൽവരെയുള്ള പതിനാറര കിലോമീറ്റർ ദൂരം നവീകരിക്കും.

*ഇരുകരകളിലും പുതിയ പാർശ്വഭിത്തികൾ, നടപ്പാത, പൂന്തോട്ടം എന്നിവ നിർമിക്കും

*കോവളം, തിരുവല്ലം, വള്ളക്കടവ്, ചാക്ക, ആക്കുളം എന്നിവിടങ്ങളിൽ ബോട്ട് ജെട്ടികൾ നിർമിക്കും

*ആക്കുളം, കോവളം എന്നിവിടങ്ങളിൽ അത്യാധുനിക കാർഗോ ടെർമിനിലുകളും നിർമിക്കും

*വർക്കലയിലെ തുരങ്കപാതയിൽ ലൈറ്റ് ആൻഡ് പെയിന്റ്‌ ഷോ

* കണ്ടെയ്‌നറുകൾ കടന്നുപോകാൻ വർക്കലയിൽ പുതിയ തുരങ്കപാത

*വർക്കല അരിവാളം ബീച്ചുമുതൽ തുരങ്കപാത കടന്നുപോകുന്ന നടയറൽ കായലിനെയും ബന്ധിപ്പിച്ചുള്ള വിനോദസഞ്ചാര

വികസനം

വർക്കലയിലെ നിലവിലെ പൈതൃക തുരങ്കപാതയിൽ അടിഞ്ഞുകിടക്കുന്ന ചെളിയും മണ്ണും നീക്കംചെയ്യുന്ന ജോലികൾക്കും തുടക്കമായി. 4.8 മീറ്റർ വീതിയുള്ള തുരങ്കപാത 1972-ലെ വെള്ളപ്പൊക്കത്തെ തുടർന്നായിരുന്നു ചെളിയും മണ്ണും നിറഞ്ഞത്. യന്ത്രസംവിധാനത്തിലൂടെയാണ് ഇപ്പോൾ ഇതു നീക്കംചെയ്യുന്നത്. വിനോദസഞ്ചാരം ലക്ഷ്യമിട്ട് ഇതിലൂടെ ചെറു ബോട്ടുകൾക്കു കടന്നുപോകുന്നതിനുള്ള പാതയൊരുക്കും.