പഞ്ചലോഹത്തിൽ തീർത്ത കൂറ്റൻ ഇന്ത്യൻ മണി തൂങ്ങുന്ന മച്ച്. അതിനു കീഴെ പല നാടുകളുടെ സംസ്‌കാരവും ചരിത്രവും മണിമുഴക്കുന്നൊരു മ്യൂസിയം. രാജ്യത്തെ ആദ്യ ബെൽ മ്യൂസിയമാണ് തിരുമല ശ്രീകൃഷ്ണ നഗറിൽ വിസ്‌മയക്കാഴ്ച ഒരുക്കുന്നത്. പ്രമുഖ ആർക്കിടെക്ട് മഹേഷ് അയ്യരുടെ കനേഡിയൻ തടി ഉപയോഗിച്ചുള്ള സുന്ദര നിർമിതിയാണ് ആദ്യ ആകർഷണം. അതിനുള്ളിൽ നിറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യ ലതാ മഹേഷ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച 7000-ൽപരം മണികൾ.

വീട്ടമ്മയായ ലതാ മഹേഷിന് മണിയൊച്ചകളോടു തോന്നിയ കൗതുകം വളർന്നുവളർന്നാണ് ഇപ്പോൾ ബെൽ മ്യൂസിയം എന്ന വിപുലമായ പദ്ധതിയിലേക്കെത്തിയത്. 30 വർഷംമുൻപ് ആരംഭിച്ചതാണ് ഈ സ്വകാര്യ ശേഖരം. പുരാതന ഇന്ത്യൻ മണികളും പൂജാ മണികളുമായിരുന്നു ആദ്യ ശേഖരത്തിലുണ്ടായിരുന്നത്. പതിയെപ്പതിയെ വഴുതക്കാട്ടെ ആദ്യവീട്ടിൽ മണിയൊച്ച പെരുകി. വിദേശ യാത്രകളെല്ലാം ആ നാട്ടിലെ മണികൾ തേടിപ്പിടിക്കാനും കൂടിയായി. ഡെൻമാർക്കും കോപ്പൺഹേഗനും ബെൽജിയവുമൊക്കെ ഈ മ്യൂസിയത്തിലിരുന്ന് ’മണിമണിപോലെ’ കാണികളോട് സംസാരിക്കുന്നു. മൂന്നു ദശകങ്ങൾക്കിടെ യാത്രചെയ്ത 90-ലേറെ രാജ്യങ്ങളിലെ മണികളാണ് ഇപ്പോൾ മ്യൂസിയത്തിലുള്ളത്. വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന സുഹൃത്തുക്കൾ ലതാ മഹേഷിന് സമ്മാനമായി കൊടുക്കാറുള്ളതും മണികൾ തന്നെ. അങ്ങനെയാണ് വിയറ്റ്‌നാമും ജോർജിയയുമൊക്കെ മ്യൂസിയത്തിൽ സാന്നിധ്യമറിയിക്കുന്നത്.

ചരിത്രവും സംസ്‌കാരവും കൂടി ഈ മണികൾ പങ്കുവെയ്ക്കുന്നു. ഗ്രീക്കുകാർ യുദ്ധക്കുതിരകളെ അണിയിച്ചിരുന്ന മുഴക്കമുള്ള മണി, പട്ടാള യൂണിഫോമിന്റെ ഭാഗമായവ, ചില നാടുകളിലെ അനുഷ്ഠാനങ്ങളുടെ ഭാഗമായവ...ഇങ്ങനെ നീളുന്നു ചരിത്രം. ഇടയ്ക്ക് നമ്മുടെ വെളിച്ചപ്പാടിന്റെ കിലുക്കം നിറഞ്ഞ അരപ്പട്ട മണിയും കാണാം.

കനേഡിയൻ സർക്കാർ സംരംഭമായ കനേഡിയൻ വുഡ്ഡും ആർക്കിടെക്ട് മഹേഷ് അയ്യരുമായി ചേർന്ന് കാനഡയിലെ സുസ്ഥിര വനങ്ങളിൽനിന്നുള്ള മരം ഉപയോഗിച്ചാണ് ബെൽമ്യൂസിയം നിർമിച്ചിരിക്കുന്നത്. ഈ ശേഖരത്തിന് ഏറ്റവും യോജിച്ചവിധത്തിലുള്ളതാണ് കനേഡിയൻ തടി ഉപയോഗിച്ചുള്ള മ്യൂസിയത്തിന്റെ അകത്തളവും പുറംഭാഗവും. ആരേയും ആകർഷിക്കുംവിധം കലാപരമാണ് ഈ രൂപകൽപ്പന. ’’ഏറ്റവും കുറഞ്ഞ ഇടത്തിൽ ക്ലീൻകട്ട് ഡിസൈൻ സൃഷ്ടിക്കുകയെന്നതായിരുന്നു ആശയം. അതേസമയം ധാരാളം സുര്യപ്രകാശം ഉള്ളിൽ ലഭ്യമാകുകയും വേണം. ഇതിനായി ഉപയോഗിച്ച കനേഡിയൻ തടികൾ പൂർണമായും ഈ ആശയത്തോട് ഒത്തുപോകുന്നതാണ്.’’-മ്യൂസിയം പദ്ധതിയെക്കുറിച്ചു ആർക്കിടെക്ട്‌ എൻ.മഹേഷ് പറഞ്ഞു. പൊതുജനങ്ങൾക്കായുള്ളതല്ല ഈ സ്വകാര്യമ്യൂസിയം. എന്നാൽ കൗതുകം തിരഞ്ഞെത്തുന്നവർക്ക് പ്രവേശനം അനുവദിക്കും.