അക്ഷരവെളിച്ചം അകലങ്ങളിലാകുന്നവർക്ക്‌ അറിവ്‌ അനുഭവേദ്യമാക്കാൻ ബേബി ഗിരിജ പുസ്തകമെഴുതുകയാണ്‌. ഒരിക്കലും കാണാത്ത പുസ്തകങ്ങൾ കേട്ടുപഠിച്ച്‌ അവർ െബ്രയിൽ ലിപിയിലേക്ക്‌ മൊഴിമാറ്റം നടത്തുന്നു. ഈ അധ്യാപികയുടെ ശ്രമഫലമായി കാഴ്ചപരിമിതരുടെ ലോകത്ത്‌ വായനയുടെ വെളിച്ചം നൽകാൻ മലയാള പുസ്തകങ്ങളുടെയും കൂട്ട്‌. ചുറ്റും ഇരുട്ടുനിറഞ്ഞിട്ടും അകക്കണ്ണിന്റെ വെളിച്ചവും തന്റെ ഇച്ഛാശക്തിയുമാണ്‌ ഇതിന്‌ ഇവർക്ക്‌ കൂട്ടായത്‌.

തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്ക്‌ വേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിലെ അധ്യാപികയാണ് ബേബി ഗിരിജ. നാൽപ്പതിൽപ്പരം പുസ്തകങ്ങൾ ഇവർ ബ്രെയിൽ ലിപിയിലേക്ക് പരിഭാഷപ്പെടുത്തിയതിന്‌ ദേശീയതലത്തിൽ മികച്ച ഭിന്നശേഷി അധ്യാപികയ്ക്കുള്ള പുരസ്കാരത്തിന് അർഹയായിരിക്കുകയാണ്‌.

‘‘ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും പ്രോത്സാഹനവും പിന്തുണയും നൽകിയ സുമനസ്സുകളാണ് എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്കാരം.’’ ചിരിച്ചുകൊണ്ട് ഇവർ പറയുമ്പോൾ ചുറ്റുമുള്ളവരിലേക്കും ആ ചിരിയുടെ പോസിറ്റീവ് എനർജി ഒഴുകിയെത്തുന്നു.

2006 മുതൽ 2016 വരെ വഴുതക്കാട് അന്ധവിദ്യാലയത്തിലെ പ്രഥമാധ്യാപകനായിരുന്ന തുളസീധരന്റെ നിർബന്ധത്തിന് വഴങ്ങിയാണ് പുസ്തകങ്ങൾ ബ്രെയിൽ ലിപിയിലേക്ക് പരിഭാഷപ്പെടുത്തിത്തുടങ്ങിയത്‌.

കാഴ്ചയില്ലാത്തവർക്കും പുസ്തകങ്ങൾ വായിക്കുന്നതിന്റെ സുഖം പ്രാപ്യമാക്കണം. ആദ്യമാദ്യം അടിച്ചേൽപ്പിച്ച ഒരു ജോലി ചെയ്യുന്നു എന്നേ ഉണ്ടായിരുന്നുള്ളൂ. പിന്നെപ്പിന്നെ കൂടുതൽ പേജുകൾ ചെയ്തുകാണിക്കണം എന്ന വാശിയായി മാറി. പുസ്തകം വായിച്ചു കേൾക്കുന്നതിനേക്കാൾ സുഖം ബ്രെയിൽ ലിപിയിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകങ്ങൾ സ്വയം വായിക്കുമ്പോൾ ലഭിച്ചു തുടങ്ങിയതോടെയാണ് ജോലി ഹരമായി മാറിയത്.

തുളസീധരൻ വിരമിച്ചശേഷം വന്ന അബ്ദുൾ ഹക്കീമും തന്റെ പരിശ്രമത്തിന്‌ പിന്തുണ നൽകി. ഇടയ്ക്ക് വായിച്ചുതരാൻ ആളില്ലാതായപ്പോൾ പത്രങ്ങളിൽ പരസ്യംചെയ്ത് വീണ്ടും എനിക്ക് വായനക്കാരെ കൊണ്ടുതന്നത് അബ്ദുൾ ഹക്കീം സാറാണ്.

പുസ്തകങ്ങൾ വായിച്ചുതരുന്നത് കേട്ടാണ് ടൈപ്പ് ചെയ്യുന്നത്. കാർമൽ സ്കൂളിലെ അധ്യാപിക അനുപമയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പുസ്തകങ്ങൾ വായിച്ചുതരാറുണ്ട്. ആ കുട്ടികൾ വലിയ സഹായമായിരുന്നു.

‘തണുപ്പിലുറങ്ങാത്ത കരടിക്കുട്ടൻ’ എന്ന ചെറുകഥയാണ് ഇതുവരെ പരിഭാഷപ്പെടുത്തിയവയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം.

ഇതുവരെ നാൽപ്പത്തിയൊൻപത് പുസ്തകങ്ങൾ പരിഭാഷപ്പെടുത്തി. സൂക്ഷിക്കാൻ ഇടമില്ലാതിരുന്നതിനാൽ അതിൽ മൂന്ന് പുസ്തകങ്ങൾ ചിതലരിച്ച് നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട പുസ്തകങ്ങളുടെ ചില ഭാഗങ്ങൾകൂടി വീണ്ടും അച്ചടിച്ച് പൂർത്തിയാക്കിയ ശേഷമേ അടുത്ത പുസ്കത്തിന്റെ പരിഭാഷയുള്ളൂ.

കേരളത്തിൽ മൊത്തം നാല് സർക്കാർ അന്ധവിദ്യാലയങ്ങളും പത്ത് സ്വകാര്യ അന്ധവിദ്യാലയങ്ങളും ഉണ്ട്. എന്നാൽ, എവിടെയും ഇതുപോലെ കാഴ്ചയില്ലാത്തവർക്ക് ഉപകാരപ്രദമാകുന്ന ഒരു ലൈബ്രറി ഉള്ളതായി കേട്ടിട്ടില്ല. അവിടെയുംകൂടി ഇത്തരം പരിഭാഷാ സംവിധാനങ്ങൾ തുടങ്ങിയാൽ കാഴ്ചയില്ലാത്തവർക്കും വായിച്ച് ആസ്വദിക്കാൻ അത്രത്തോളം പുസ്തകങ്ങൾ ലഭിക്കും. കാഴ്ചപരിമിതർക്കായുള്ള എല്ലാ സ്ഥാപനങ്ങളിലും ഒരു ബ്രെയിൽ ലൈബ്രറി വേണമെന്നും ബേബി ഗിരിജ പറയുന്നു.