തകർച്ചയുടെ ഇരുണ്ട ഗർത്തങ്ങളിൽനിന്നു വിജയത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ഒരു ഭരണാധികാരി നടന്നുകയറിയതിന്റെ ഓർമ പേറുന്നു ജനുവരി 7. 1975 ജൂൺ 12-ന് അലഹബാദ് ഹൈക്കോടതി 1971-ലെ ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയതിനെത്തുടർന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ കറുത്ത ഏടാണ്. രണ്ടുതവണ അടിയന്തരാവസ്ഥ നീട്ടിയതിനെത്തുടർന്ന് ഇന്ദിരാഗാന്ധിക്കെതിരേ പ്രതിപക്ഷ പാർട്ടികളും ഭൂരിപക്ഷം ജനങ്ങളും പ്രതിഷേധസ്വരമുയർത്തിയതോടെ തന്റെ തീരുമാനം ശരിയെന്ന് ബോധ്യപ്പെടുത്താൻ തിരഞ്ഞെടുപ്പ് നിശ്ചയിച്ചു. തന്റെ ജനകീയാടിത്തറ ശക്തമായി ഉയർന്നു എന്ന ചിന്തയോടെ തിരഞ്ഞെടുപ്പിലേക്കു പോയ ഇന്ദിരാഗാന്ധിക്കെതിരേ ജനതാ പാർട്ടി പ്രതിപക്ഷ നിരയിലുയർന്നു. മൊറാർജി ദേശായിയുടെ നേതൃത്വത്തിലണിനിരന്ന ജനതാപാർട്ടിയുടെ ആശയകേന്ദ്രം ജയപ്രകാശ് നാരായണായിരുന്നു. ഇന്ദിരാഗാന്ധിയുടെ കണക്കുകൂട്ടലുകൾ പിഴച്ചപ്പോൾ ജനതാസഖ്യം 298 സീറ്റുകൾ നേടി. ഇന്ദിരയുടെ പാർട്ടിക്ക് ലഭിച്ചത് 189 സീറ്റുകൾ. ആ തോൽവിയുടെ ആഘാതം തിരിച്ചറിയണമെങ്കിൽ ഒന്നുകൂടി പറയണം. റായ്ബറേലിയിൽ നിന്ന് ഇന്ദിരാഗാന്ധിയും അമേതിയിൽ മത്സരിച്ച ഇന്ദിരയുടെ മകൻ സഞ്ജയ്ഗാന്ധിയും പരാജയപ്പെട്ടു. ഇന്ത്യയിലെ ജനങ്ങൾ ഇന്ദിരാഗാന്ധിക്കു ശക്തമായ തിരിച്ചടിനൽകിയെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. തുടർന്ന് അധികാരത്തിലേറിയ മൊറാർജി ദേശായി ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായി. എന്നാൽ, വൈരുദ്ധ്യങ്ങളുടെ ഈ കൂട്ടായ്മയ്ക്ക് അധികകാലം പിടിച്ചുനിൽക്കാനായില്ല. ചരൺസിങ്ങിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ലോക്ദളും ജഗ്ജീവൻ റാമിന്റെ നേതൃത്വത്തിലുള്ള പൂർവ കോൺഗ്രസ് അംഗങ്ങളും മൊറാർജിയുമായി പല വിഷയത്തിലും അഭിപ്രായവ്യത്യാസം പുലർത്തിയിരുന്നു. ഒടുവിൽ ഭാരതീയ ലോക്ദളും സോഷ്യലിസ്റ്റ് ആശയങ്ങൾ പിൻതുടർന്ന മറ്റു ചില പാർട്ടികളും പിന്തുണ പിൻവലിച്ചതോടെ മൊറാർജി സർക്കാർ നിലംപൊത്തി. അവസരം മുതലെടുത്ത് ചരൺസിങ്, ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെ അധികാരത്തിലേറി. യശ്വന്ത്‌റാവു ചവാന്റെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും ഈ സർക്കാരിനു പിന്തുണയേകി. എന്നാൽ, 1978 ജൂലായ്‌ 28-ന് അധികാരത്തിലേറിയ ചരൺസിങ്‌ സർക്കാരിനു ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുംമുമ്പ് ഇന്ദിരാഗാന്ധി പിന്തുണ പിൻവലിച്ചു. അങ്ങനെ ചരൺസിങ് 1979 ഓഗസ്റ്റ് 20-ന് രാജിനൽകി. പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ കഴിയുന്നതിനു മുൻപ് രാജിവെച്ച സർക്കാരായി മാറി അത്. പ്രസിഡന്റായ നീലം സഞ്ജീവറെഡ്ഢി ലോക്‌സഭ പിരിച്ചുവിട്ടു. അങ്ങനെയാണ് 1980-ലെ ഏഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഇന്ദിര ഒരു പക്ഷത്തും പ്രതിപക്ഷ നേതാക്കളായ കർപ്പൂരി ഠാക്കൂർ, രാമകൃഷ്ണ ഹെഗ്‌ഡേ, ശരദ്പവാർ, ദേവിലാൽ, ബിജു പട്‌നായിക്, സത്യേന്ദ്ര നാരായൺ സിൻഹ എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരുപക്ഷവും രൂപംകൊണ്ടു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ ജനങ്ങളുടെ വോട്ട് തങ്ങൾക്കനുകൂലമാക്കുമെന്നതായിരുന്നു ഇന്ദിരയെ എതിർക്കുന്നവരുടെ കണക്കുകൂട്ടൽ.എന്നാൽ, സഖ്യകക്ഷികളിലുണ്ടായ മാറ്റവും ജനതാപാർട്ടിയുടെ ഭരണപരാജയവും ന്യൂനപക്ഷങ്ങൾക്കെതിരേയുണ്ടായ ആക്രമണങ്ങളും സാമ്പത്തികരംഗത്തെ പരാജയവും ഭക്ഷ്യവസ്തുക്കളുടെ വിലവർധനവും ഒക്കെ ചേർന്ന് ഭരണവിരുദ്ധ അന്തരീക്ഷം സംജാതമായിരുന്നു. ‘ഭരിക്കുന്ന ഒരു സർക്കാരിനെ തിരഞ്ഞെടുക്കണം’ എന്ന ഇന്ദിരാഗാന്ധിയുടെ ആഹ്വാനം പ്രധാനപ്പെട്ട ഉദ്ധരണിയായി നിറഞ്ഞു. സഞ്ജയ്ഗാന്ധിക്കെതിരേയുണ്ടായിരുന്ന ജനങ്ങളുടെ വെറുപ്പ് വോട്ടായിമാറ്റാമെന്ന ചിന്തയും ഫലവത്തായില്ല. സ്ഥിരതയാർന്ന സർക്കാരെന്ന ഇന്ദിരാഗാന്ധിയുടെ വാക്ക് ജനം വിശ്വസിച്ചു. വിലവർധന, അന്താരാഷ്ട്ര നയതന്ത്രം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കണമെങ്കിൽ സ്ഥിരതയാർന്ന സർക്കാരുണ്ടാകണമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. 1980-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആന്ധ്രപ്രദേശിലെ മേഡക്ക് ലോക്‌സഭാ സീറ്റാണ് ഇന്ദിരാഗാന്ധി മത്സരിക്കാനായി സ്വീകരിച്ചത്. 353 ലോക്‌സഭാ സീറ്റുകൾ നേടിയ കോൺഗ്രസ് (ഐ) ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഏതൊരർഥത്തിലും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം. അടിയന്തരാവസ്ഥയുടെ ചരിത്രത്തെ വകഞ്ഞുമാറ്റി ജനാധിപത്യത്തിന്റെ പതാകയുയർത്താൻ ഇന്ദിരയ്ക്കു കഴിഞ്ഞത് രാഷ്ട്രീയത്തിലെ വലിയൊരു പാഠവും അത്ഭുതവുമായി നിലനിൽക്കുന്നു. അങ്ങനെ ജനുവരി ഏഴ് ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവിന്റെ ദിനമെന്നനിലയിൽ ചരിത്രത്താളുകളിൽ നിറയുന്നു.