രാജ്യത്തെ ആദ്യത്തെ സോളാർ മിനി തീവണ്ടി വേളി ടൂറിസ്റ്റ് വില്ലേജിൽ വിഷുവിന്‌ ഓടിത്തുടങ്ങും. പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒൻപതുകോടി രൂപ ചെലവിലാണ് സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് കിലോമീറ്റർ ദൂരത്തിൽ തീവണ്ടിക്കു പോകാനായുള്ള പാത നിർമിച്ചുകഴിഞ്ഞു. തുരങ്കത്തിലൂടെയും കായലിന്റെ കുറുകെയുള്ള പാലത്തിലൂടെയും തീവണ്ടി കടന്നുപോകുമ്പോൾ സഞ്ചാരികൾക്ക് യഥാർഥ തീവണ്ടിയാത്രാനുഭവമാകും സമ്മാനിക്കുക.

വേളി ടൂറിസ്റ്റ് വില്ലേജിൽ ശംഖ് കുളത്തിന്റെ കരയിൽനിന്ന്‌ ആരംഭിക്കുന്ന വിനോദത്തീവണ്ടി കടൽത്തീരത്തിൽ പോയി തിരികെ കറങ്ങിവരുന്ന രീതിയിലാണ് നിർമിക്കുന്നത്. കടൽത്തീരത്തേക്കു പോകുന്ന കായലിനു കുറുകെയുള്ള നടപ്പാലത്തിനു സമാന്തരമായി ചെറിയൊരു റെയിൽപ്പാലവും കെട്ടാനുണ്ട്. അത് കഴിഞ്ഞാകും തീവണ്ടിയുടെ ബോഗികൾ സ്ഥാപിക്കുന്നത്. സോളാർ വൈദ്യുതികൊണ്ട് ചാർജ് ചെയ്യുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്നതാണ് തീവണ്ടി. ഇവിടെ ചെറിയ റെയിൽവേ സ്റ്റേഷനടക്കമുള്ള സംവിധാനങ്ങളെല്ലാം സൗരോർജത്തിലാണ് പ്രവർത്തിക്കുക. അധിക വൈദ്യുതി കെ.എസ്‌.ഇ.ബി. ഗ്രിഡിലേക്കു നൽകുകയും ചെയ്യും. ട്രെയിനിന്റെ മുകൾഭാഗത്തും സോളാർ പാനലുകൾ സ്ഥാപിക്കും. കൃത്രിമമായി ആവി പുക പറക്കുന്ന പഴയ ആവി എൻജിന്റെ മാതൃകയിലുള്ളതാണ് തീവണ്ടി. പരമ്പരാഗതരീതിയിലുള്ള റെയിൽവേ സ്റ്റേഷനാണ് വേളിയിൽ സ്ഥാപിക്കുന്നത്. തുരങ്കവും റെയിൽവേപ്പാലവും അടക്കം സജ്ജീകരിക്കുന്നുമുണ്ട്. ഒരേസമയം 45 പേർക്ക് സഞ്ചരിക്കാനാകുന്ന ഈ ട്രെയിനിൽ യാത്രക്കൂലി ഒരാൾക്ക് 30 രൂപ ആയിരിക്കും.