ആരോഗ്യമേഖലയുടെ മുഖച്ഛായ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച മെഡിക്കൽ കോളേജ്, ആർ.സി.സി., ശ്രീചിത്രാ, എസ്.എ.ടി., ജനറൽ ആശുപത്രി എന്നീ ആശുപത്രികളിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ നിരവധി വികസനങ്ങളും മാറ്റങ്ങളുമാണുണ്ടായത്. കണ്ണാശുപത്രിയുടെ പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആരംഭിച്ചു. ഏഴ് നിലകളുള്ള ബഹുനിലക്കെട്ടിടത്തിൽ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കാൻ കഴിയുന്ന വിധത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മുമ്പ് വലിയ ചെലവിൽ വാങ്ങേണ്ടിവന്ന മരുന്നുകൾ ഇന്ന് ഇവിടെതന്നെ ഉത്പാദിപ്പിക്കാൻ കഴിഞ്ഞു. സാധാരണക്കാർക്ക് ചെറിയ തുകയ്‌ക്ക് മരുന്നുകൾ ലഭിക്കാൻ കാരുണ്യ, നീതി മെഡിക്കൽ സ്റ്റോറുകൾ ആരംഭിച്ചു.

കൂടാതെ ജനറൽ സർജറി വിഭാഗത്തിനു കീഴിൽ 2019 ഡിസംബറിൽ രണ്ട് സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ കൂടി ആരംഭിച്ചു. ജനറൽ സർജറി വിഭാഗത്തിൻ കീഴിൽ നടപ്പാക്കിവരുന്ന സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളുടെ എണ്ണം ഇതോടെ നാലെണ്ണമായി.

മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി മാസ്റ്റർ പ്ലാൻ പ്രകാരം നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് വരെയും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാംഗേറ്റ് വരെയും റോഡ് വികസിപ്പിക്കുന്നുണ്ട്. മേൽപ്പാല നിർമാണമാണ് ഇപ്പോൾ നടന്നുവരുന്ന മറ്റൊരു പ്രധാന നിർമാണ പ്രവർത്തനം.

എൻഡോക്രൈനോളജി, ഇ.എൻ.ടി., ന്യൂറോ വിഭാഗങ്ങൾക്കായാണ് പുതിയ വാർഡുകൾ പണിതത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വാർഡ് എത്തുന്നത്.

ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള മുഴുവൻ സർക്കാർ ആശുപത്രികളിലും 2020 മാർച്ച് മാസത്തോടെ ഇ-ഹെൽത്ത് സംവിധാനം പ്രവർത്തനസജ്ജമാകും. കുഷ്ഠരോഗ നിർണയത്തിന്റെ ഭാഗമായി അശ്വമേധം കുഷ്ഠരോഗ നിർണയ കാമ്പയിൻ ജില്ലയിലാകമാനം ആരംഭിച്ചു.