വനിതകളടക്കം അരലക്ഷത്തിലേറെ ഐ.ടി. ജീവനക്കാർ ജോലിചെയ്യുന്ന ടെക്‌നോ നഗരമായ കഴക്കൂട്ടത്തെ ഇടവഴികളിൽ ഇരുൾ വീഴുന്നു. രണ്ട് വർഷം മുമ്പ് ടെക്‌നോനഗരമെന്ന പ്രത്യേകത കണക്കിലെടുത്ത് മേയറായിരുന്ന വി.കെ.പ്രശാന്തിന്റെ നേതൃത്വത്തിൽ 30 ലക്ഷത്തോളം രൂപ ചെലവിട്ട് എൽ.ഇ.ഡി. തെരുവുവിളക്കുകൾ സ്ഥാപിച്ചിരുന്നു. തുടർന്ന് കോർപ്പറേഷനും വിവിധ ഘട്ടങ്ങളിലായി എൽ.ഇ.ഡി. വിളക്കുകൾ സ്ഥാപിച്ചു. പക്ഷേ ഇപ്പോൾ ഇതിൽ പലതും കത്താറില്ല. ടെക്‌നോപാർക്ക് മൂന്നാം ഘട്ടത്തിൽ നിന്നും പുറത്തേക്ക് വരുന്ന കല്ലിംഗൽ റോഡിന്റെ ഭാഗത്ത് കനത്ത ഇരുട്ടാണ്. ഗേറ്റ് മുതൽ അകത്തേക്കുള്ള ഇടറോഡിൽ തെരുവുവിളക്കുകളുണ്ടെങ്കിലും കുറേ ഭാഗത്ത് കത്തുന്നില്ല.

ടെക്‌നോപാർക്കിലെ നിള കെട്ടിടത്തിന് സമീപത്ത് നിന്നും അമ്പലത്തിൻകരയിലേക്ക് പോകാൻ വീതി കുറഞ്ഞ ഒരു നടവഴിയുണ്ട്. നിള നഗർ എന്നറിയപ്പെടുന്ന ഈ റോഡിലെ ചിലഭാഗങ്ങളിലൂടെ ഒറ്റയ്ക്ക് പോകാൻ തന്നെ ഭയമാണെന്ന് ടെക്‌നോപാർക്കിലെ ജീവനക്കാരികൾ ചൂണ്ടിക്കാട്ടുന്നു.

അതുപോലെ തന്നെ ടെക്‌നോപാർക്കിന്റെ രണ്ടാം ഘട്ടമായ ഇൻഫോസിസിന്റെ എതിർഭാഗത്തുള്ള ഇടവഴികളിലേയും ബൈപ്പാസ് സർവീസ് റോഡിന്റേയും അവസ്ഥ ഇതു തന്നെയാണ്. ഇൻഫോസിസിന് എതിർവശത്തുള്ള ഇടറോഡുകളിൽ നിരവധി ടെക്കികൾ താമസിക്കുന്നുണ്ട്. ആക്കുളം പാലം കഴിഞ്ഞാൽ ബൈപ്പാസിന്റെ ഒരു ഭാഗത്തെ സർവീസ് റോഡിൽ തെരുവുവിളക്കുകളില്ല.

തെരുവുവിളക്കുകളില്ലാത്ത ഭാഗത്ത് വച്ച് കഴിഞ്ഞ ദിവസങ്ങളിൽ വനിതാ ജീവനക്കാർക്ക് നേരെ ബൈക്കിലെത്തിയ ചിലർ മോശമായി പെരുമാറുകയും ചെയ്തു. ടെക്‌നോപാർക്കിന്റെ ഒന്നാം ഘട്ടത്തിന്റെ എതിർവശത്ത് കഴക്കൂട്ടം സ്‌കൂൾ റോഡിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്കുമെല്ലാം പോകുന്ന റോഡിലെ അവസ്ഥയും ഇതു തന്നെയാണ്. ഇടയ്ക്കിടക്ക് നാലും അഞ്ചും തെരുവുവിളക്കുകൾ കത്തുന്നില്ല. ഈ ഭാഗത്താണ് സാമൂഹികവിരുദ്ധരുടെ ശല്യവും ഉണ്ടാകുന്നത്.

പ്രധാന റോഡുകളല്ലാതെ ചെറിയ ഇടറോഡുകളും നിരവധിയുണ്ട്. ടെക്‌നോപാർക്ക് വന്നതിന് ശേഷം നിരവധി ചെറു റോഡുകളും വീടുകളും വന്നിട്ടുണ്ട്. ഈ ഇടറോഡുകളുടെ കാര്യം ഇതിലും കഷ്ടമാണെന്ന് പ്രദേശ വാസികൾ ചൂണ്ടിക്കാട്ടുന്നു. ഇവിടെ തെരുവുവിളക്കുകൾ കേടായി മാസങ്ങൾ കഴിഞ്ഞാലും മാറ്റാറില്ലെന്നാണ് പരാതി.

കോലത്തുകര, തൃപ്പാദപുരം, ആറ്റിൻകുഴി, മുക്കോലയ്ക്കൽ, തമ്പുരാൻമുക്ക്, കുഴിവിള, കരിമണൽ, സ്റ്റേഷൻ കടവ്, അമ്പലത്തിൻകര, കാര്യവട്ടം, പള്ളിനട, കഴക്കൂട്ടം ജങ്ഷനിൽ നിന്ന് മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിലേക്ക് പോകുന്ന വഴി, കഴക്കൂട്ടത്ത് നിന്ന് റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുന്ന വഴി തുടങ്ങിയ ഭാഗങ്ങളിലെല്ലാമായി 250 ലേറെ വനിതാ ഹോസ്റ്റലുകളാണ് പ്രവർത്തിക്കുന്നത്. മാത്രമല്ല ടെക്‌നോപാർക്കിന് പുറകിലെ കാര്യവട്ടം ഭാഗത്തുള്ള പത്തോളം ഫ്ളാറ്റുകളിലും ടെക്‌നോപാർക്ക് ജീവനക്കാരുണ്ട്. രാത്രി ജോലി കഴിഞ്ഞ് പലരും സ്വന്തം ഇരുചക്രവാഹനങ്ങളിലും നടന്നുമാണ് മടങ്ങുന്നത്.

മുമ്പ് രാത്രി ഇരുട്ടത്ത് സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ പതിവായിരുന്നു. ബൈക്കിലെത്തുന്നവരും ഇരുട്ടിൽ തമ്പടിച്ചിട്ടുള്ള സംഘങ്ങളും കൂട്ടമായി വരുന്നവരെപ്പോലും ആക്രമിക്കുന്നത് പതിവായിരുന്നു. ഇത് നിരന്തര പരാതിയായതോടെയാണ് ടെക്‌നോപാർക്കിനു ചുറ്റും ആയിരത്തോളം എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചത്. എന്നാൽ ഇതിൽ പലതും കത്താതായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

തെരുവു വിളക്ക് കത്തിക്കണം

ബൈപ്പാസിലെ ഇൻഫോസിസിന്റെ എതിർ വശത്തുള്ള സർവീസ് റോഡിലും ഇതിന് സമീപത്തുള്ള ഇടറോഡിലും അടക്കം തെരുവുവിളക്കുകൾ കത്തുന്നില്ല. ഈ ഭാഗത്ത് വച്ച് ടെക്‌നോപാർക്കിലെ വനിതാ ജീവനക്കാർക്ക് നേരെ അതിക്രമങ്ങളും ഉണ്ടാകുന്നുണ്ട്. തെരുവുവിളക്കുകൾ കത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം.

വിനീത് ചന്ദ്രൻ

സെക്രട്ടറി, പ്രതിധ്വനി (ടെക്‌നോപാർക്ക് ജീവനക്കാരുടെ സംഘടന)

മൊബൈൽ ഫോൺ വെട്ടം ആശ്രയം

: ടെക്‌നോപാർക്കിൽ നിന്നും കല്ലിംഗൽ ഭാഗത്തേക്ക് പോകുന്ന വഴിയിൽ തെരുവുവിളക്കുകൾ കത്തുന്നില്ല. ഇവിടെ കെട്ടിടങ്ങളും മറ്റ് സ്ഥാപനങ്ങളും ഇല്ല. രാത്രി മൊബൈൽ ഫോണിന്റെ വെട്ടത്തിലാണ് ഇതുവഴി പോകുന്നത്. നിരവധി വനിതാ ഹോസ്റ്റലുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

പ്രശാന്തിനി, ടെക്‌നോപാർക്ക് ജീവനക്കാരി

ഒറ്റയ്ക്ക് പോകാൻ ഭയമാകും

: ടെക്‌നോപാർക്കിലെ നിള കെട്ടിടത്തിന് സമീപത്ത് നിന്നും അമ്പലത്തിൻകരയിലേക്ക് പോകുന്ന ഭാഗത്ത് പല സ്ഥലത്തും തെരുവുവിളക്കുകൾ കത്തുന്നില്ല. ഇവിടെ ടെക്‌നോപാർക്കിന്റെ മതിലും ഇടിഞ്ഞു കിടക്കുന്നുണ്ട്. ഇടുങ്ങിയ വഴിയിലൂടെ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോകാൻ ഭയമാകും.

ഷെൽജ, ടെക്‌നോപാർക്ക് ജീവനക്കാരി

സ്ത്രീകൾക്ക് ഭീഷണി

: നിള നഗറിൽ ഏറെ നാളായി തെരുവുവിളക്കുകൾ കേടായിട്ട്. വനിതാ ഹോസ്റ്റലുകളിലേക്കുള്ള സ്ത്രീകൾ ആശ്രയിക്കുന്ന വഴിയാണിത്. ഈ വഴി ഇരുട്ടിലാകുന്നത് സ്ത്രീകൾക്ക് അപകട ഭീഷണിയാണ്.

മീന, ദേവു ഹോസ്റ്റൽ

എൽ.ഇ.ഡി. ലൈറ്റുകൾ മാറ്റി നൽകുന്നില്ല

: ക്രിസ്‌മസിനോട് അനുബന്ധിച്ച് കേടായ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തിയിരുന്നതാണ്. എന്നാൽ കേടായ എൽ.ഇ.ഡി. ലൈറ്റുകൾ മാറ്റിസ്ഥാപിക്കാൻ വൈകുന്നുണ്ട്. ആദ്യഘട്ടത്തിൽ സ്ഥാപിച്ച എൽ.ഇ.ഡി. ലൈറ്റുകളിൽ അറുപതോളം എണ്ണം കേടായി. ഇവ മാറ്റി സ്ഥാപിക്കാൻ ലിസ്റ്റ് കൊടുത്തിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇവ നൽകിയ കമ്പനിയാണ് മാറ്റി നൽകേണ്ടത്. ഇവർ ഇത് കൃത്യമായി ചെയ്യുന്നില്ല.

സിനി ചന്ദ്രൻ, ആറ്റിപ്ര വാർഡ് കൗൺസിലർ

എൽ.ഇ.ഡി. ലൈറ്റുകൾ ഗുണനിലവാരമില്ലാത്തവ

ഇപ്പോൾ പല സ്ഥലത്തും സ്ഥാപിച്ചിട്ടുള്ള എൽ.ഇ.ഡി. ലൈറ്റുകൾ ഗുണനിലവാരമില്ലാത്തവയാണ്. ഇവ പെട്ടെന്ന്‌ കേടാവുന്നു. മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ കെ.എസ്.ഇ.ബി. അധികൃതർക്കടക്കം പരാതി നൽകിയിരുന്നതാണ്.

പ്രതിഭാ ജയകുമാർ, പള്ളിത്തുറ വാർഡ് കൗൺസിലർ

റോഡിലെ പാറ തൂണുകൾ സ്ഥാപിക്കാൻ തടസ്സം

ആക്കുളം ഭാഗത്ത് ബൈപ്പാസ് സർവീസ് റോഡിലെ പാറകൾ കാരണം വൈദ്യുതത്തൂണുകൾ സ്ഥാപിക്കാൻ ബുദ്ധിമുട്ടാണ്. ഇതുകാരണം തെരുവുവിളക്കുകളും ഇല്ല. പണി തീരുന്ന മുറയ്ക്ക് വലുതും ചെറുതുമായ ഹൈമാസ്റ്റ്‌ ലൈറ്റുകൾ സ്ഥാപിക്കാമെന്ന് ബൈപ്പാസ് നിർമാണത്തിന്റെ ചുമതലയുള്ളവർ അറിയിച്ചിട്ടുണ്ട്.

ശിവദത്ത് എസ്, കുളത്തൂർ വാർഡ് കൗൺസിലർ