കേരളത്തിന്റെ ഐ.ടി. വികസന കുതിപ്പിന് ചുക്കാൻ പിടിച്ചത് കേരളത്തിലെ ആദ്യ ഐ.ടി. പാർക്കായ തിരുവനന്തപുരം ടെക്‌നോപാർക്കാണ്. തലസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച ടെക്‌നോപാർക്കിന ചുറ്റിയുള്ളതാണ് തിരുവനന്തപുരത്തിന്റെയെന്നല്ല കേരളത്തിന്റെ തന്നെ ഐ.ടി. വികസനം. കഴിഞ്ഞ പത്തു വർഷത്തിനിടെ ആഗോള കമ്പനികൾ ഉൾപ്പെടെ തിരുവനന്തപുരത്തേക്കെത്തി. ജീവനക്കാരുടെ എണ്ണവും ഇരട്ടിയിലധികമായി. ഐ.ടി. കെട്ടിടങ്ങളുടെ വിസ്തീർണ്ണവും കാര്യമായി വർധിച്ചു. കഴിഞ്ഞ നാല് കൊല്ലങ്ങൾക്കിടയിൽ തലസ്ഥാനത്തെ ഐ.ടി. വികസനം കാര്യമായ പുരോഗതി നേടി. സംസ്ഥാനത്തിന്റെ ഐ.ടി. കയറ്റുമതിയിൽ 85 ശതമാനവും ലഭ്യമാക്കുന്ന ടെക്‌നോപാർക്ക് സാമ്പത്തിക, സാമൂഹിക രംഗങ്ങളിലും ഗുണപരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ടെക്‌നോപാർക്കിലും ചുറ്റുവട്ടത്തുമായി തന്നെയാണ് കേരളത്തിന്റെ ഐ.ടി. ഭൂപടം.

ടെക്‌നോപാർക്കിന്റെ മൂന്ന് ഫെയ്‌സുകളിലെ കമ്പനികൾക്കപ്പുറം യു.എസ്.ടി. ഗ്ലോബലിന്റെയും ഇൻഫോസിസിന്റെയും കാമ്പസുകൾ കൂടി തലസ്ഥാനത്തിന്റെ ഐ.ടി. വികസനത്തെ കാര്യമായി തന്നെ സ്വാധീനിച്ചു. സാങ്കേതികതകളിലെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാർഥിസമൂഹത്തെ പരുവപ്പെടുത്താൻ ഉതകുന്ന തരത്തിലുള്ള അക്കാദമിക സമ്പ്രദായങ്ങളുമുണ്ടായി. ഐ.ഐ.ഐ.ടി.എം-കെ, ഐ.സി.ടി.അക്കാദമി, ഐ.സി.ഫോസ്‌ എന്നിവയൊക്കെ ചേർന്ന് തലസ്ഥാനത്തിന്റെയും ഒപ്പം കേരളത്തിന്റെ തന്നെ ഐ.ടി. വികസനം ത്വരിതപ്പെടുത്തുകയാണ്. കൂടാതെ സ്റ്റാർട്ടപ്പ് മിഷനും കൂടി രൂപപ്പെട്ടതോടെ സ്വന്തം കമ്പനികളുമായി എത്തുന്നവരുടെ എണ്ണവും കൂടി. സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്യപ്പെട്ട കമ്പനികളിൽ ചിലതെങ്കിലും ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയും ആഗോള നിക്ഷേപങ്ങളെത്തിക്കുകയും ചെയ്തു. ഐ.ടി. വികസനത്തിനൊപ്പം തന്നെ അടിസ്ഥാന സൗകര്യ വികസനത്തിനും ആക്കം കൂടിയതോടെ ഐ.ടി. ഹബ്ബുകളിലൊന്നായ ടെക്‌നോപാർക്കിന് ചുറ്റുമായി ഒരു സാറ്റലൈറ്റ് നഗരം തന്നെ രൂപപ്പെട്ടുവെന്നുവേണം പറയാൻ.

ടെക്‌നോപാർക്കിന്റെ കാര്യമെടുത്താൽ 2011-12 സാമ്പത്തിക വർഷത്തിൽ 60 ലക്ഷം ചതുരശ്രയടി സ്ഥലമാണ് നമുക്കുണ്ടായിരുന്നതെങ്കിൽ തലസ്ഥാനത്ത് ഇന്ന് ഐ.ടി. ഉപയോഗത്തിനായി 97 ലക്ഷം ചതുരശ്രയടിയോളം സ്ഥലം ലഭ്യമായിക്കഴിഞ്ഞു. ഈ ദശാബ്ദത്തിന്റെ തുടക്കത്തിൽ 38000 പേരാണ് തിരുവനന്തപുരം ടെക്‌നോപാർക്ക് കേന്ദ്രീകരിച്ച് തൊഴിൽ ചെയ്തിരുന്നതെങ്കിൽ 2019 ആയപ്പോഴേക്കും അത് 65000-ൽ അധികമായി. പത്തു വർഷം മുമ്പ് 210 കമ്പനികളുണ്ടായിരുന്നത് ഇക്കൊല്ലം മാർച്ചിലെ കണക്കുവച്ച് കമ്പനികളുടെ എണ്ണം 410 ആയിക്കഴിഞ്ഞു. കയറ്റുമതി വരുമാനം 3400 കോടിയിൽ നിന്ന് 7000 കോടിയിലേക്കുമെത്തി. കൂടാതെ നിസ്സാൻ ഉൾപ്പെടെയുള്ള കമ്പനികൾ എത്തിയതോടെ ഇവയുമായി ബന്ധപ്പെട്ട അനുബന്ധ കമ്പനികളും തലസ്ഥാനത്തേക്കെത്തി. നിസ്സാൻ ഡിജിറ്റൽ ഇന്ത്യയ്ക്ക് പിന്നാലെ ടെക്മഹീന്ദ്ര, ടെറസെർവ്, ഫുജിറ്റ്‌സു തുടങ്ങിയവയുമെത്തി. ഇവയാകട്ടെ കേരളത്തിന് പുറത്തേക്ക് ജോലി തേടി പോയിരുന്ന ഐ.ടി. വിദഗദ്ധരെ സ്വന്തം നാട്ടിൽ തന്നെ പിടിച്ചുനിർത്താനുള്ള വഴിയായി എന്നതും വാസ്തവമാണ്. ടെക്‌നോപാർക്കിന്റെ മൂന്ന് ഘട്ടങ്ങളും നാലാം ഘട്ടമായ ടെക്‌നോസിറ്റിയും കൂടി ചേർന്ന് 720-ഓളം ഏക്കർ ഭൂമിയാണ് ടെക്‌നോപാർക്കിനായി ഇപ്പോഴുള്ളത്. പള്ളിപ്പുറത്ത് ടെക്‌നോസിറ്റിയിൽ സൺടെക്, ടി.സി.എസ്, കേസ്, നിസ്സാൻ ഡിജിറ്റൽ, ഐ.ഐ.ഐ.ടി.എം.കെ എന്നിവ പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തിന്റെ ഐ.ടി. വികസനം മറ്റേത് സംസ്ഥാനത്തോടും മത്സരിക്കാവുന്ന അവസ്ഥയിലുമാകും.

*****************

കഴിഞ്ഞ പത്തുവർഷത്തെ ഐ.ടി. വികസനം പ്രതീക്ഷിച്ചത്ര വേഗത്തിലല്ലെങ്കിലും ഒരുപാട് കാര്യങ്ങൾ നടന്നിട്ടുണ്ട്. അവയൊക്കെ തന്നെ സർക്കാർതലത്തിൽ നടപ്പായതാണ്. അടിസ്ഥാന സൗകര്യവികസനവും സർക്കാർതലത്തിൽ തന്നെ ഉണ്ടായതാണ്. ഈ രംഗത്ത് സ്വകാര്യനിക്ഷേപങ്ങൾ ചെറിയതോതിലെങ്കിലും ആരംഭിച്ചിട്ടുമുണ്ട്. സ്റ്റാർട്ടപ് രംഗത്തേക്ക് വരുന്ന കമ്പനികളിൽ ഒന്നുമുതൽ അഞ്ചുശതമാനം മാത്രമേ മികച്ച വളർച്ചയുണ്ടാക്കുന്നുള്ളൂ. ഇവ നിക്ഷേപത്തിന്റെ കാര്യത്തിലായാലും തൊഴിൽ നൽകുന്നതിന്റെ കാര്യത്തിലായാലും മറ്റുള്ള കമ്പനികളുണ്ടാക്കുന്ന വിടവിനെ തരണം ചെയ്യുകയും ചെയ്യുന്നുണ്ട്.
ജി.വിജയരാഘവൻ
സ്ഥാപക സി.ഇ.ഒ., 
ടെക്‌നോപാർക്ക്