അത്യുന്നതങ്ങളിലെ ദൈവമഹത്വവും ഭൂമിയിൽ സന്മനസുള്ളവർക്കെല്ലാം സമാധാനവും വിളംബരംചെയ്യുന്ന തിരുപ്പിറവിയാഘോഷം. ഭേദചിന്തകളില്ലാതെ മനുഷ്യർ ഒരുമിച്ച് ചേരുന്ന ഇവിടം സ്വർഗമാകുന്നു. കടലിന്റെ മക്കൾക്കിത് ആഘോഷരാവാണ്. വിശ്വാസവും കടലും അവരിൽ ചേർന്നുകിടക്കുന്നു. കടൽ തരുന്നതിന്റെ ഒരുഭാഗം ദേവാലയത്തിനുള്ളതാണ്. ബാക്കികൊണ്ടവർ ജീവിക്കും. ഡിസംബർ പിറവിയെടുക്കുന്നതോടെ തിരുപ്പിറവി ആഘോഷങ്ങൾക്കായി ഇടവകാംഗങ്ങളും ഒരുങ്ങും. അടിമലത്തുറ, വിഴിഞ്ഞം, പൂന്തുറ, കോവളം, വലിയതുറ, കണ്ണാന്തുറ, വേളി, ശംഖുംമുഖം, വെട്ടുകാട് എന്നിവിടങ്ങളിലൂടെ നടത്തിയ യാത്ര...

സമയം ഉച്ചകഴിഞ്ഞ് 3.10. അടിമലത്തുറയിലേക്കുള്ള യാത്രാമധ്യേ വിഴിഞ്ഞം ചപ്പാത്ത് പാലത്തിനരികിലെത്തി. പാളയം ഐ.ടി.ഐ. വിദ്യാർഥിയായ ഫർഹാൻ സാന്റാ തൊപ്പി വിൽക്കുകയാണ്. നിമിഷാർധംകൊണ്ടാണ് തൊപ്പികൾ വിറ്റൊഴിയുന്നത്. 20 രൂപ നിരക്കിലുള്ള സാന്റാ തൊപ്പികൾ ആളുകൾ വാങ്ങിക്കൊണ്ടുപോകുന്നു. അവിടെ ക്രിസ്‌മസ് സമൂഹത്തിന്റെ വലിപ്പച്ചെറുപ്പമോ വേലിക്കെട്ടുകളോയില്ലാത്ത മാനസികോല്ലാസത്തിന്റെ അവസരമായി മാറുന്നുവെന്ന്‌ പറയുന്നു തൊപ്പി വാങ്ങാനെത്തിയ പ്രദീപ്. അവിടെനിന്നും അടിമലത്തുറയിലേക്ക്, ആഘോഷരാവിലേക്ക്. തിരുപ്പിറവിയാഘോഷത്തിലേക്ക്.

ജൂബിലി നഗർ...

യേശുവിന്റെ ജനനമറിഞ്ഞ് ബത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികൾക്കു വഴികാട്ടിയ നക്ഷത്രത്തെപ്പോലെ അടിമലത്തുറ ജൂബിലി നഗറിൽ കൂറ്റൻ നക്ഷത്രം സ്ഥാപിച്ചിരിക്കുന്നു. ആഘോഷത്തിന്റെ തുടക്കവും അവിടെനിന്നായിരുന്നു. കരോൾ സംഘവും ക്രിസ്‌മസ് സാന്റാ മത്സരവും കഴിഞ്ഞെന്നു പറയുന്നു തയ്യൽക്കടയിൽ ജോലിചെയ്യുന്ന അജിതയും ജിൻസിയും. ജൂബിലി നഗറിലെ പടക്കക്കടയിലും തിരക്കാണ്. വീടുകളിലെ ആഘോഷത്തിനായി അവർ പടക്കങ്ങൾ വാങ്ങും. ബീച്ചിൽ രാത്രി കമ്പക്കെട്ടും പതിവ്.

ക്രിസ്‌മസ് ട്രീ ഒരുങ്ങി, സമ്മാനത്തിനായി

അടിമലത്തുറ ഫാത്തിമ മാതാ പള്ളിയിലെത്തുമ്പോൾ ഇടവകാംഗങ്ങൾ മത്സരത്തിലാണ്. അമ്പലത്തിമൂല പാലം മുതൽ കുരിശ്ശടി അറ്റംവരെയുള്ള ഒൻപത് വാർഡുകളിലെയും ഇടവകാംഗങ്ങൾ ക്രിസ്‌മസ് ട്രീ ഒരുക്കുന്നു. ഒന്നാംസമ്മാനമായ പതിനായിരം രൂപ കരസ്ഥമാക്കണമെന്നാണ് ആഗ്രഹമെന്ന്‌ പറയുന്നു ഇടവകാംഗവും തൈക്കാട് ചാന്ത് അക്കാദമിയിൽ ബി.കോം. വിദ്യാർഥിയുമായ ജിബിൻ. ആദ്യമായാണ് പള്ളിയിൽ ക്രിസ്‌മസ് ട്രീ മത്സരം സംഘടിപ്പിക്കുന്നത്. അതിനാൽ ഒൻപത് വാർഡുകളിലുമുള്ള ഇടവകാംഗങ്ങൾ ഒൻപത് ട്രീ ഒരുക്കി. രണ്ടാംസമ്മാനമായി അയ്യായിരം, മൂന്നാം സമ്മാനം മൂവായിരം എന്നിങ്ങനെയും നൽകും. അക്കേഷ്യാ ഇലകൾകൊണ്ടാണ് മരങ്ങൾ അലങ്കരിച്ചിരിക്കുന്നത്. അതുപോലെ ക്രിസ്‌മസ് ഫ്രൺഡ്‌ മത്സരവും ഉണ്ടായിരുന്നു. ഫ്രൺഡായി കിട്ടിയവർക്കൊക്കെ സമ്മാനവും കൈമാറി.

ബീച്ചിൽ ബോക്‌സ്‌വെച്ച് നൃത്തം

രാത്രിയാകുമ്പോൾ പിന്നെ എല്ലാവരും അടിമലത്തുറ ബീച്ചിലെത്തും. ബോക്‌സ് വെച്ചിട്ടുണ്ടാകും. അതിൽനിന്നുള്ള പാട്ടിനനുസരിച്ച് നൃത്തംചെയ്യും. വെളുക്കുവോളും നൃത്തം തുടരും. ക്രിസ്‌മസ് രാവിൽ പുറത്തുനിന്നുള്ളവരും നൃത്തത്തിലും ആഘോഷത്തിലും പങ്കെടുക്കാനെത്തും. വിദേശികളും ധാരാളം വരുന്നിടമാണ് ഈ കടൽത്തീരം. അവരോടുമൊപ്പം ചേർന്നാണ് പിന്നെ ആഘോഷമെന്ന് പറയുന്നു ഇടവകാംഗങ്ങൾ. വെടിമരുന്നുപ്രയോഗവും ഉണ്ടാകും. കടലിൽ പോകുന്നത് ക്രിസ്‌മസിന് രണ്ടുദിവസം മുൻപുവരെ മാത്രം. പിന്നെ ക്രിസ്‌മസ് ആഘോഷം കഴിഞ്ഞതിനുശേഷമാണ് കടലിലേക്ക് വള്ളമിറക്കുക.

അവർ ആഘോഷം നേരത്തെ തുടങ്ങി

സ്‌കൂളിന് അവധിയാണ്. ട്യൂഷൻ ക്ലാസിനും. അതിനാൽ കടൽ കാണാനും കളിക്കാനുമെത്തിയതായിരുന്നു കുട്ടികളായ മുന്ന, വൈഷ്ണവി, അബിന, സ്വപ്ന, അഭിഷേക്, അദ്വൈത് എന്നിവർ. അധ്യാപകരായ ഹിമ, ജയശ്രീ എന്നിവരോടൊപ്പമാണ് സാന്റാ തൊപ്പിയുമണിഞ്ഞ്‌ അവരെത്തിയത്. വെങ്ങാനൂരിൽ നിന്നെത്തിയ പ്ലസ്ടു വിദ്യാർഥികളായ അജോ, സോബി ബിജുൻ, റോഷൻ തോമസ്, ഷാൻ അഹമ്മദ്, ആഷിക് എ. എന്നിവരെത്തിയത് ഇവിടെയുള്ള സുഹൃത്തുക്കളെ കാണാനും ആഘോഷങ്ങളിൽ പങ്കെടുക്കാനുമായിരുന്നു. കൂടാതെ പുതുതായി വാങ്ങിയ ബുള്ളറ്റിൽ സാന്റാക്ലോസ് വസ്ത്രം ധരിച്ച് ചിത്രമെടുക്കണം. ആഘോഷരാവിൽ നാട്ടുകാരോടൊപ്പം ചേരണം. ക്രിസ്‌മസ് ആഘോഷം പൊടിപൊടിക്കണം. കൊച്ചുപള്ളിക്കവലയിൽ രാജസ്ഥാൻ സ്വദേശിയായ പവർലാൽ പുൽക്കൂട്ടിൽവെക്കുന്ന രൂപങ്ങൾ വിൽക്കുന്ന തിരക്കിലാണ്. വലിയ രൂപങ്ങൾക്ക് 700 മുതൽ 1200 രൂപ വരെയാണ് വില. നല്ല വിൽപ്പനയുണ്ടെന്ന് പവർലാൽ പറയുന്നു.

സിന്ധുയാത്ര മാതാ ദേവാലയം

വിഴിഞ്ഞം യാത്ര സിന്ധുയാത്ര മാതാ ദൈവാലയത്തിൽ എത്തുമ്പോൾ അവിടെ തിരുനാൾ മഹോത്സവത്തിന്റെ ഒരുക്കത്തിലാണ് ഇടവകാംഗങ്ങൾ. ഇടവക വികാരി റവ. ഫാ.ജസ്റ്റിൻ ജൂഡിന്റെ നേതൃത്വത്തിൽ ഏവരും തിരുനാൾ മഹോത്സവവും ക്രിസ്‌മസ് ആഘോഷവും ഗംഭീരമാക്കുന്നതിന്റെ ഭാഗമായി പള്ളി അലങ്കരിച്ചു കഴിഞ്ഞു. പൂന്തുറ സെന്റ് തോമസ് പള്ളിയും ആഘോഷഭാഗമായി വർണവിളക്കുകൾകൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. വിശ്വാസികൾ പള്ളിമുറ്റത്ത് ഇരിക്കുകയും കിടക്കുകയും ചെയ്യുന്നു. ക്യാമറ കണ്ടപ്പോൾ പള്ളിമുറ്റത്തുണ്ടായിരുന്ന കുട്ടിപ്പട്ടാളം കരോൾഗാനങ്ങൾ ആലപിച്ച് ആഘോഷം തുടങ്ങി. എല്ലാവരുടെയും ചിത്രമെടുത്തപ്പോൾ ഗാനമാലപിച്ചവരുടെ യാത്രയയപ്പ്. ചെറിയതുറ അസംപ്ഷൻ ദൈവാലയത്തിലും തിരുപ്പിറവിയാഘോഷത്തിനുള്ള ഒരുക്കത്തിലാണ് ഏവരും.

ക്യാമ്പിലെ സങ്കടം മറക്കാൻ...

വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളിൽ ആഘോഷരാവായിരുന്നു. കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് നാല്‌ ക്യാമ്പുകളിലായി കഴിയുന്നവരെ ഒരുമിച്ചുകൂട്ടിയായിരുന്നു ക്രിസ്‌മസ് ആഘോഷം. സിനിമാറ്റിക് ഡാൻസ്, കരോൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവയെല്ലാം അവരെ ആഹ്ലാദത്തിലാക്കി. ഇടവകയിലെ കുട്ടികളും ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളും ഉൾപ്പെടെയായിരുന്നു ആഘോഷത്തിനു മുന്നിട്ടിറങ്ങിയത്. വെളുക്കുവോളം നീണ്ടുനിന്ന ആഘോഷത്തിൽ മുന്നൂറിലേെറപ്പേർ പങ്കെടുത്തു.