ടാങ്കർ വെള്ളം കോർപ്പറേഷൻ വഴി മാത്രം
മറ്റാവശ്യത്തിനു വെള്ളം കൊണ്ടുപോകുന്നതിനും രജിസ്‌ട്രേഷൻ
ലൈസൻസില്ലാത്ത ടാങ്കറുകൾ ഇനി കോർപ്പറേഷൻ പരിധിയിൽ പ്രവേശിച്ചാൽ പിഴ


ടാങ്കറുകളിൽ വെള്ളം വേണ്ടവർ കോർപ്പറേഷൻ ഓഫീസുമായി ബന്ധപ്പെടണം. അമിത തുക ഈടാക്കാതെ ശുദ്ധമായ വെള്ളം ലഭിക്കുമെന്നാണ് കോർപ്പറേഷൻ നൽകുന്ന ഉറപ്പ്. ജനുവരി മുതൽ പദ്ധതി പ്രാബല്യത്തിൽ വരും.

കുടിവെള്ള വിതരണത്തിന്റെ വിശദമായ നിയമാവലി കോർപ്പറേഷൻ കൗൺസിൽ അംഗീകരിച്ചു.

ടാങ്കറുകൾ വഴി എതു തരത്തിലുള്ള വെള്ളം വിതരണം ചെയ്യണമെങ്കിലും കോർപ്പറേഷന്റെ ലൈസൻസ് എടുക്കണം. കുടിവെള്ളമായാലും മറ്റാവശ്യങ്ങൾക്കുള്ള വെള്ളമായാലും എവിടെനിന്നു ശേഖരിക്കണമെന്ന് കോർപ്പറേഷൻ നിശ്ചയിക്കും.

ജല അതോറിറ്റിയുടെ വിതരണകേന്ദ്രങ്ങളിൽനിന്നാണ് കുടിവെള്ളം നൽകേണ്ടത്. മറ്റാവശ്യങ്ങൾക്കുള്ള ജലം കോർപ്പറേഷന്റെ സെപ്റ്റേജ് മാലിന്യസംസ്കരണ കേന്ദ്രങ്ങളിൽനിന്നു നൽകും. ഫ്ളാറ്റുകൾ, വൻകിട കെട്ടിടങ്ങൾ എന്നിവിടങ്ങളിൽനിന്നു ശുദ്ധീകരിച്ച ജലം കുടിവെള്ളമല്ലാത്ത ആവശ്യങ്ങൾക്കായി കൈമാറുകയും ചെയ്യും. കുടിക്കാനല്ലാത്ത ജലം എടുക്കുന്ന സ്ഥലങ്ങളും കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്യണം. ഉപഭോക്താക്കൾ പണം അടയ്ക്കേണ്ടത് കോർപ്പറേഷനിലാണ്. ഇതിന് കുടിവെള്ളത്തിന്റെ വിലയും ദൂരവും കണക്കാക്കി പണം നിശ്ചയിക്കും.

ലൈസൻസ് എടുക്കാത്ത കുടിവെള്ള ടാങ്കറുകൾ കോർപ്പറേഷൻ പരിധിയിൽ പ്രവേശിച്ചാൽ പിടിച്ചെടുക്കും. നിയമനടപടികൾക്കൊപ്പം 25,000 രൂപ മുതൽ 50,000 രൂപ വരെ പിഴയീടാക്കും.

കുടിവെള്ള ടാങ്കറുകൾക്ക് നീല; കുടിവെള്ളമല്ലെങ്കിൽ ബ്രൗൺ

കുടിവെള്ളം വിതരണംചെയ്യുന്ന ടാങ്കറുകൾക്ക് നീല നിറത്തിലുള്ള ചായം പൂശണം. മലയാളത്തിലും ഇംഗ്ലീഷിലും വലിപ്പത്തിൽ കുടിവെള്ളമെന്നു രേഖപ്പെടുത്തുകയും വേണം. കുടിവെള്ളത്തിനല്ലാതെ ഉപയോഗിക്കുന്ന ടാങ്കറുകൾക്ക് ബ്രൗൺ നിറമായിരിക്കണം. കുടിവെള്ളമല്ലാത്ത ജലം എന്ന് ടാങ്കറിന്റെ ഇരു വശങ്ങളിലും രേഖപ്പെടുത്തുകയും വേണം. ടാങ്കറിലെ ഡ്രൈവർ അടക്കമുള്ള തൊഴിലാളികൾ നീല യൂണിഫോം ധരിച്ചിരിക്കണം.

കൂടാതെ കോർപ്പറേഷൻ നൽകുന്ന ലൈസൻസ് നമ്പരും ഹെൽത്ത് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നമ്പരും വാഹനത്തിൽ രേഖപ്പെടുത്തുകയും വേണം. കോർപ്പറേഷൻ നൽകുന്ന പാസിന്റെ അടിസ്ഥാനത്തിൽ ടാങ്കറുകൾ ജല അതോറിറ്റിയുടെ കേന്ദ്രങ്ങളിലെത്തി വെള്ളം ശേഖരിക്കണം. ജലം നിറച്ചുകഴിഞ്ഞാൽ പാസിലുള്ള ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് ടാങ്കറിലെ വെള്ളത്തിന്റെ അളവു സഹിതം ഓൺലൈനിൽ രേഖപ്പെടുത്തണം. ജലവിതരണം പൂർത്തിയായാൽ ആ വിവരം ഉപഭോക്താവിൽനിന്നു ലഭിക്കുന്ന ഒ.ടി.പി. വാങ്ങി കുടിവെള്ളവിതരണം പൂർത്തിയാക്കി എന്ന് ഓൺലൈൻ സംവിധാനത്തിൽ രേഖപ്പെടുത്തുകയും വേണം.

ഈ വാഹനങ്ങളിൽ മോട്ടോർവാഹന വകുപ്പ് നിഷ്കർഷിച്ചിട്ടുള്ള മോഡലിലുള്ള ജി.പി.എസ്. ഉടമതന്നെ ഘടിപ്പിക്കുകയും ചെയ്യണം.

ഗുണനിലവാരം ഉറപ്പുവരുത്തും

കുടിവെള്ളം വിതരണംചെയ്യുന്ന കേന്ദ്രങ്ങളുടെ ഗുണനിലവാരം എല്ലാ ദിവസവും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം ജല അതോറിറ്റിക്കാണ്. ഇത് കോൾ സെന്ററിലേക്കു കൈമാറുകയും ജനങ്ങൾക്കു പരിശോധിക്കാവുന്ന വിധത്തിൽ കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ടാങ്കറുകളിൽ കൊണ്ടുപോകുന്ന വെള്ളത്തിന്റെ സാമ്പിളുകൾ മൂന്നു മാസത്തിലൊരിക്കൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പരിശോധിച്ച് ആ റിപ്പോർട്ടും വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കണം. ഗുണനിലവാരമിെല്ലന്നു കണ്ടെത്തിയാൽ വാഹനത്തിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദുചെയ്യും. ഭക്ഷ്യസുരക്ഷാ വകുപ്പ്, പോലീസ്, മോട്ടോർവാഹന വകുപ്പ്, ജില്ലാ ഭരണകൂടം എന്നീ വകുപ്പുകളുടെ എൻഫോഴ്‌സുമെന്റുകൾക്കും വാഹനങ്ങളെ നിരീക്ഷിക്കാനും പരിശോധിക്കാനും അധികാരമുണ്ട്.

കോർപ്പറേഷൻ നിർദ്ദേശിക്കുന്ന സ്ഥലത്തുനിന്നല്ലാതെ വെള്ളം ശേഖരിച്ചാൽ പിഴയീടാക്കുകയും വാഹനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. ടാങ്കറുകളുടെ മുകളിലുള്ള ഭാഗം അടച്ച് മാത്രമേ വാഹനം സഞ്ചരിക്കാവൂ. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകൾ, ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്ന തരത്തിലുള്ള കോട്ടിങ് ടാങ്കിനുള്ളിൽ നടത്തി സർട്ടിഫിക്കറ്റും ഹാജരാക്കണം. വെള്ളം നിറയ്ക്കുന്ന കേന്ദ്രങ്ങളിൽ ക്യാമറ സ്ഥാപിക്കുകയും അത് ഓൺലൈൻ സംവിധാനവുമായി ബന്ധിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും.

നിയന്ത്രണത്തിന്‌ കോൾസെന്റർ

കോർപ്പറേഷനിൽ ഒരുക്കുന്ന കോൾസെന്റർ വഴിയായിരിക്കും ഈ സംവിധനത്തിന്റെ നിയന്ത്രണം. ഇതിനായി പ്രത്യേക നമ്പരുകളും ഏർപ്പെടുത്തും. പൊതുജനങ്ങൾക്ക് ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ, നഗരസഭയുടെ വിവിധ ഓഫീസുകൾ എന്നിവ വഴി ഓൺലൈനായോ ബാങ്കുകൾ വഴിയോ പണം അടയ്ക്കാം. വെള്ളം കൊണ്ടുപോകുന്ന വാഹനത്തിന്റെ യാത്രകൾ ജി.പി.എസ്. വഴി കോർപ്പറേഷന്റെ കോൾസെന്ററാവും നിരീക്ഷിക്കുന്നത്.

ആഴ്ചയിലൊരിക്കൽ വിതരണംചെയ്ത ലോഡുകളുടെ എണ്ണം പരിശോധിച്ച് ഓൺലൈനായി ടാങ്കറുകൾക്ക് കുടിവെള്ളം കൈമാറും. ജല അതോറിറ്റിക്കുള്ള പണവും കോൾ സെന്ററിൽനിന്നു പരിശോധിച്ചാവും നൽകുന്നത്. ജനങ്ങൾക്കു പണമടയ്ക്കാനായി പ്രത്യേക ബാങ്ക് അക്കൗണ്ടും തുടങ്ങും.

സംസ്ഥാനത്ത് ആദ്യം

സംസ്ഥാനത്തുതന്നെ ഇത്തരമൊരു സംവിധാനം ആദ്യമാണ്. കുടിവെള്ള വിതരണത്തിൽ നൂറു ശതമാനം ഗുണനിലവാരം ഉറപ്പുവരുത്തുന്ന രീതിയിലാണ് നിയമാവലിയും പദ്ധതിയും തയ്യാറാക്കിയിട്ടുള്ളത്.

കെ.ശ്രീകുമാർ

മേയർ