ഇന്ത്യൻ ബഹിരാകാശ രംഗത്തെ ഗവേഷണങ്ങൾക്ക് ചിറകുനൽകിയ ശാസ്ത്രജ്ഞൻ ഡോ. വിക്രം സാരാഭായിക്ക് തലസ്ഥാനത്ത് സ്മാരകം ഒരുങ്ങുന്നു. കവടിയാർ കൊട്ടാരം മൈതാനത്തോടുചേർന്നുള്ള 1.75 ഏക്കർ സ്ഥലത്താണ് സ്മാരകം നിർമിക്കുന്നത്. ഈ സ്ഥലത്ത് ആദ്യം അബ്ദുൽ കലാമിന്റെ ഓർമയ്ക്കായി കലാം നോളജ് സെന്റർ ആൻഡ്‌ സ്പേസ് മ്യൂസിയം നിർമിക്കാനാണ് വി.എസ്.എസ്.സി. തീരുമാനിച്ചത്. എന്നാൽ, കവടിയാർ കൊട്ടാരവും പരിസരവും പൈതൃക മേഖലയായതിനാൽ അഞ്ചുനിലയുള്ള നോളജ് സെന്റർ ആൻഡ് സ്പേസ് മ്യൂസിയം കൊട്ടാരത്തിന്റെ കാഴ്ച മറയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി ഹെറിറ്റേജ് പാനൽ അനുമതി നിഷേധിച്ചു. ഇതോടെ നോളജ് സെന്റർ ആൻഡ്‌ സ്പേസ് മ്യൂസിയം പള്ളിപ്പുറത്തേക്കു മാറ്റാൻ വി.എസ്.എസ്.സി. നിർബന്ധിതരായി.

ഡോ. സാരാഭായിയുടെ 100-ാമത് ജന്മവാർഷികം ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്മാരകത്തിന്റെ അന്തിമ രൂപകല്പന ഇനിയും തീരുമാനിച്ചിട്ടില്ലെങ്കിലും, ഹെറിറ്റേജ് കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി ഒറ്റനിലക്കെട്ടിടമാകും നിർമിക്കുക. അത്യാധുനിക ലൈബ്രറി, ക്ലാസ് മുറികൾ, ഓഡിറ്റോറിയം എന്നിവ ഉൾക്കൊള്ളുന്ന രൂപരേഖ ആർക്കിടെക്ടുകളുടെ പാനൽ വി.എസ്.എസ്.സി.ക്ക്‌ സമർപ്പിച്ചിട്ടുണ്ട്. ഇതിന് ഇസ്‌റോ അംഗീകാരം നൽകിയാലും ഹെറിറ്റേജ് പാനലിന്റെ അനുമതിയും ആവശ്യമാണ്.

തലസ്ഥാന നഗരവുമായി ആത്മബന്ധമുണ്ടായിരുന്ന വിക്രം സാരാഭായിക്ക് അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിലാണ് ഇവിടെ സ്മാരകം ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആധുനിക ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കുതിപ്പുകൾക്ക് വിക്രം സാരാഭായി തുടക്കംകുറിച്ചത് ഈ മണ്ണിൽ നിന്നാണ്. ഐ.എസ്.ആർ.ഒ. എന്ന മഹാപ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്കായി ഏറെക്കാലം സാരാഭായി തിരുവനന്തപുരത്ത് താമസിച്ചിരുന്നു. അദ്ദേഹം അന്ത്യശ്വാസം വലിച്ചതും ഈ മണ്ണിലാണ്.

കലാം ബഹിരാകാശ മ്യൂസിയം; നടപടികൾ വേഗത്തിൽ

കലാം നോളജ് സെന്ററും ബഹിരാകാശ മ്യൂസിയവും പള്ളിപ്പുറത്ത് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകൾ അതിവേഗത്തിലാണ്. രണ്ടാഴ്ച മുമ്പ് ഭൂമിയുടെ പരിശോധനയും നടന്നു. ഇസ്‌റോ അംഗീകരിച്ച രൂപകല്പനയിൽ അഞ്ചുനിലകളുള്ള കെട്ടിടത്തിന് ചെമ്പുകൊണ്ടുള്ള ആവരണവും ഉണ്ടാകും.

കെട്ടിടത്തിന്റെ നിർമാണത്തിനുമാത്രം 60 കോടി രൂപയും പദ്ധതിയുടെ മൊത്തം നിർമാണത്തിന് ഏകദേശം 100 കോടി രൂപയും വേണ്ടിവരും. ഡോ. അബ്ദുൽ കലാമിന്റെ തിരുവനന്തപുരവുമായുള്ള ദീർഘകാല ബന്ധത്തിന്റെ സ്മാരകമായാണ് ഈ കേന്ദ്രം രൂപകല്പന ചെയ്തിരിക്കുന്നത്.

നോളജ് സെന്റർ നിർമിക്കാനാണ് സംസ്ഥാന സർക്കാർ വി.എസ്.എസ്.സി.ക്ക്‌ സ്ഥലം കൈമാറിയത്. കവടിയാർ കൊട്ടാരത്തിന്റെ കാഴ്ച മറയുന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിർമാണമെന്ന് ചൂണ്ടിക്കാട്ടി ഹെറിറ്റേജ് കമ്മിറ്റി നോളജ് സെന്ററിന് അനുമതി നിഷേധിച്ചു. ഇതോടെ കലാം നോളജ് സെന്റർ പള്ളിപ്പുറത്തേക്കു മാറ്റി. പ്രത്യേക ആവശ്യത്തിനായി സർക്കാർ നൽകിയ ഭൂമി വി.എസ്.എസ്.സി. തിരിച്ചുകൊടുത്തില്ല. അതിനാൽ വിക്രം സാരാഭായി സ്മാരകത്തിന്റെ നിർമാണത്തിന് സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വി.എസ്.എസ്.സി. മുൻ ഡയറക്ടറുമായ എം.സി.ദത്തൻ പറഞ്ഞു.