കോവളം: കോവളം കാണാനെത്തിയ ലാത്വിയൻ യുവതിയെ കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത് സംസ്ഥാനത്തിനു വലിയ നാണക്കേടുണ്ടാക്കിയിരുന്നു.

കോവളത്തുനിന്ന് രണ്ടരക്കിലോമീറ്റർ അകലെ കുറ്റിക്കാട്ടിലാണ് യുവതിയുടെ പഴകിയ മൃതദേഹം കണ്ടത്. കോവളത്ത് എത്തുന്നവർ സുരക്ഷിതരല്ലെന്ന തോന്നൽ പരക്കാൻ ഈ കൊലപാതകം കാരണമായി. ആ തോന്നലിനു വ്യാപക പ്രചാരണവും കിട്ടി. ഇതിൽനിന്ന് ഇപ്പോഴും തലയൂരാൻ കോവളത്തിനായിട്ടില്ല. ഇവിടെ വിദേശികളുടെ വരവ് കുറയുന്നതിനുള്ള കാരണങ്ങളിൽ ഒന്നായി ചിലരെങ്കിലും ഈ സംഭവത്തെ കാണുന്നു.

വിദേശവനിതയുടെ മരണത്തെത്തുടർന്ന് സർക്കാരും പോലീസും ഉണർന്നു. അടിയന്തര യോഗം നടന്നു. പല തീരുമാനങ്ങളുമെടുത്തു. പക്ഷേ, പലതും ഇതുവരെ നടപ്പായില്ല. ഈ ഇഴഞ്ഞുപോക്ക് കോവളത്തെ ബാധിക്കുന്നു. മാറ്റങ്ങൾ ഉണ്ടായില്ലെന്നല്ല, ഇനിയും മാറേണ്ടിയിരിക്കുന്നുവെന്നതാണ് യാഥാർഥ്യം.

ഏകോപനമില്ലാതെ പദ്ധതികൾ

കടൽത്തീരത്തും പ്രധാനവഴികളിലും ജങ്‌ഷനുകളിലും ബസ്‌സ്റ്റോപ്പിലുമൊക്കെ നിരീക്ഷണക്യാമറകൾ സ്ഥാപിക്കാനും പോലീസ് സ്റ്റേഷനിൽ കൺട്രോൾ റൂം തുറക്കാനും തീരുമാനിച്ചിരുന്നു. 53 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച്, സ്റ്റേഷനിൽ കൺട്രോൾ റൂം തുറന്നു. പക്ഷേ, ക്യാമറ സ്ഥാപിക്കൽ ഇനിയും പൂർണമായില്ല.

ഗൈഡുകൾ ആവശ്യമില്ലെന്ന് അന്നത്തെ യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. എന്നാൽ, സഞ്ചാരികളെ സമീപിക്കുന്നവർ കുഴപ്പക്കാരല്ലെന്നുറപ്പാക്കാൻ എന്തെങ്കിലും സംവിധാനം വേണമെന്ന്‌ ചർച്ചവന്നു. അംഗീകൃത ഗൈഡിനു സമാനമായ രീതിയിൽ പോലീസ് വെരിഫിക്കേഷൻ നടത്തി ഇവർക്ക് ടൂറിസം വകുപ്പുതന്നെ തിരിച്ചറിയൽ കാർഡുകൾ നൽകുന്നത് പരിഗണിക്കാമെന്ന അന്നത്തെ ആശയം എങ്ങുമെത്താതെ പോയി.

യോഗം നടന്ന് ഒരുകൊല്ലമായെങ്കിലും പൊതുശൗചാലയങ്ങളുടെ കുറവ് പരിഹരിച്ചില്ല. എല്ലാ ഭാരവും ടൂറിസം വകുപ്പിന്റെ ചുമലിൽ മാത്രമായപ്പോൾ ഇതര വകുപ്പുകളുടെ ഏകോപനം വേണ്ടത്ര ഉണ്ടായില്ല.

മാലിന്യ പ്ലാന്റ് എന്ന ആവശ്യം ഒരിക്കലും നടപ്പാക്കാനാവാത്ത ആശയമായി ശേഷിക്കുകയാണ്. കടപ്പുറത്തെ മാലിന്യം അപ്പപ്പോൾ നീക്കുന്നുണ്ടെങ്കിലും കടലിലേയ്ക്ക് വിവിധ സ്ഥാപനങ്ങളിലെ മാലിന്യം ഒഴുക്കുന്നതു തടയാനാവുന്നില്ല. അനധികൃത കെട്ടിടങ്ങൾ പൊളിക്കാൻ കോർപ്പറേഷൻ നടത്തിയ നീക്കങ്ങളും വിജയിച്ചില്ല. ലൈഫ് ഗാർഡുകളുടെയോ ടൂറിസം പോലീസിന്റെയോ പരാധീനതകൾ മാറ്റാനുമായില്ല. ലഹരി വിൽപ്പന തടയാൻ എക്‌സൈസ് പരിശോധനയ്ക്ക് കേന്ദ്രം വേണമെന്ന ആവശ്യവും ടൂറിസം സീസണിൽ ബിയർ വിൽപ്പന നടത്താൻ റസ്റ്റോറന്റുകൾക്ക് ലൈസൻസ് നൽകാമെന്ന നിർദേശവും അന്നുണ്ടായി. ഒന്നും നടന്നില്ല. ടൂറിസം വകുപ്പ് മുന്നിട്ടിറങ്ങിയപ്പോഴാണ് മിക്കയിടത്തും വഴിവിളക്കുകൾ കത്തിയത്.

പോലീസിൽ സംഭവിച്ചത്

വിദേശ വനിതയുടെ മരണത്തെത്തുടർന്ന് കോവളം പോലീസിൽ വലിയ അഴിച്ചുപണികൾ നടന്നിരുന്നു. പത്തുവർഷത്തിലധികമായി കോവളത്ത് ജോലിചെയ്തിരുന്ന 12 പോലീസുകാരെയാണ് മാറ്റിയത്. സുരക്ഷാക്രമീകരണങ്ങൾ കടുപ്പിക്കാൻ പോലീസിനു നിർദേശംകിട്ടി. ഇതൊക്കെ വിദേശികളോട് ബീച്ചിലെത്തുന്നവരുടെ മോശം സമീപനത്തിൽ മാറ്റംവരുത്താൻ കഴിഞ്ഞതായി പോലീസ് പറയുന്നു. ബീച്ചിലെത്തുന്നവരുടെ വസ്ത്രങ്ങളും പണമടങ്ങിയ പഴ്‌സുമൊക്കെ കവരുന്ന സംഭവങ്ങളും കൈയേറ്റങ്ങളും നിലച്ചെന്ന്‌ പോലീസ് പറയുന്നു.

ബീച്ചിൽ തട്ടിപ്പുകൾക്കും അക്രമങ്ങൾക്കും ഇരയാകുന്നവർ ഭയം മൂലം ഹോട്ടലുകാരോടോ പോലീസിനോടോ പറയാറില്ല. അതുകൊണ്ടുതന്നെ പോലീസിന്റെ കണക്കുപുസ്തകത്തിൽ ക്രൈം നിരക്ക് കുറവാണ്. കോവളം ബീച്ചും ചുറ്റുവട്ടത്തെ പ്രദേശങ്ങളും അക്രമരഹിതമാക്കാനും ലഹരിമരുന്ന് മാഫിയകളെ പിടികൂടാനും പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിരിക്കുകയാണ്. എന്നാൽ, ഒറ്റപ്പെട്ട സംഭവങ്ങൾ പോലീസ് അറിയാതെ പോകുന്നുണ്ട്. വിദേശ വനിത കൊല്ലപ്പെട്ടശേഷം കോവളം ബീച്ചിലും പരിസരങ്ങളിലും വിദേശികളുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങൾ കുറഞ്ഞതായാണ് പോലീസിന്റെ കണക്ക്. ബീച്ചിനു പുറത്തുള്ള പ്രദേശങ്ങളിൽ ലഹരിവസ്തുക്കൾ വിറ്റതിന് പത്തിലധികം കേസുകളാണ് കോവളം പോലീസ് എടുത്തത്. അതേസമയം പരിശോധനയ്ക്കു പോകാൻ പോലീസിനു നൽകിയ ആൾട്ടറൈൻ വെഹിക്കിൾ കൂടെക്കൂടെ പണിമുടക്കുന്നു.