പദ്ധതി നടത്തിപ്പിലെ മികവിന് കല്ലിയൂർ ഗ്രാമപ്പഞ്ചായത്തിന് ദേശീയ തലത്തിൽ അംഗീകാരം. ഇന്ത്യയിലെ ഗ്രാമപ്പഞ്ചായത്തുകളുടെ റാങ്കിങ്ങിൽ പത്താം റാങ്കിങ്ങിനുള്ളിൽ വരികയും എൺപത്തിയഞ്ചു സ്‌കോറുമായി കേരളത്തിൽ കോട്ടയം ഏറ്റുമാനൂരിലെ അതിരമ്പുഴ പഞ്ചായത്തുമായി ഒന്നാംസ്ഥാനം പങ്കിടുകയും ചെയ്തു.

കേരളത്തിൽനിന്ന്‌ 29 പഞ്ചായത്തുകളെയാണ് പരിഗണിച്ചത്. മിഷൻ അന്ത്യോദയയാണ് സ്ഥാനനിർണയം നടത്തിയത്. കല്ലിയൂരിൽ പഞ്ചായത്ത് ഭരണസമിതി എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും വികസനത്തിനും ആവശ്യമായ പദ്ധതികളാണ് കഴിഞ്ഞ നാലുവർഷമായി നടപ്പാക്കി വരുന്നതെന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കല്ലിയൂർ പദ്മകുമാർ പറഞ്ഞു. കാർഷിക ഗ്രാമമായ കല്ലിയൂരിൽ നിരവധി കർഷകക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചായത്തിനു കഴിഞ്ഞു. ദേശീയ വാഴ മഹോത്സവം കല്ലിയൂരിലെ വെള്ളായണിയിലാണ് നടന്നത്. ഇത് വൻ വിജയമായത് പഞ്ചായത്തിനും നേട്ടമായി. രാജ്യസഭാ എം.പി. സുരേഷ്‌ഗോപി ആദർശഗ്രാമം പദ്ധതിക്കായി തിരഞ്ഞെടുത്തത്‌ കല്ലിയൂരിനെയാണ്.

നടപ്പാക്കിയ പ്രധാന പദ്ധതികൾ

ആരോഗ്യ കാർഷിക മേഖലയിലുൾപ്പെടെ കല്ലിയൂർ ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കിയത് നിരവധി പദ്ധതികളാണ്. ഗ്രാമത്തിലെ അലോപ്പതി, ആയുർവേദ, ഹോമിയോ, ആശുപത്രികളിൽ വർഷം മുഴുവൻ ആവശ്യത്തിനുള്ള മരുന്ന് നൽകിവരുന്നു. ലബോറട്ടറി, ഇ.സി.ജി., തൈറോയ്‌ഡ് എന്നീ സേവനങ്ങളും ഉച്ചയ്ക്കു ശേഷം ഡോക്ടറുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും സേവനവും ലഭ്യമാക്കുന്നു. ക്ഷീരകർഷകരെ സഹായിക്കുന്നതിനു നിരവധി പദ്ധതികൾ നടപ്പാക്കിവരുന്നു. ക്ഷീരകർഷകരുടെ വളർത്തുമൃഗങ്ങൾക്കുള്ള മരുന്ന് മൃഗാശുപത്രി വഴി സൗജന്യമായി നൽകിവരുന്നു. ഗ്രാമത്തിൽ അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ നൽകുന്നതായും ഭരണസമിതി പറയുന്നു.

ക്ഷേമപദ്ധതികൾ നടപ്പാക്കി

ഇടറോഡുകളിൽ എൽ.ഇ.ഡി. വിളക്കുകൾ സ്ഥാപിക്കുകയാണ് അടുത്ത നടപടി. 50 ലക്ഷം രൂപ അനുവദിച്ചു. നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്തി. പട്ടികജാതി പട്ടികവർഗ മേഖലകളിൽ നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടത്താനും പഞ്ചായത്തിനു സാധിച്ചു. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കി.

- ജയലക്ഷ്മി പഞ്ചായത്ത് പ്രസിഡന്റ്