തിരക്കില്ലാത്ത കടപ്പുറമായി കോവളം ഹവ്വാബീച്ച് മാറി. തീരത്തുകൂടിയോ വഴിയോരത്തെ കടകളുടെയും ഹോട്ടലുകളുടെയും ഓരത്തുകൂടിയോ നടക്കുക. തൊഴിലാളികളുടെയും കടയുടമകളുടെയും മുഖത്തെ നിരാശയും ദൈന്യതയും കാണുക. ഏവരും ആശങ്കയോടെ ചോദിക്കുന്നു-ഇങ്ങനെ പോയാൽ കോവളം ഇനിയെത്രകാലമുണ്ടാകും?

കേരളം കരകയറുമ്പോഴും

പ്രളയം തകർത്തെറിഞ്ഞ വിനോദസഞ്ചാരമേഖല കരകയറുകയാണെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ, കോവളം പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. വിനോദസഞ്ചാരവകുപ്പ് മേധാവികൾ വിദേശരാജ്യങ്ങൾ സന്ദർശിച്ച് കേരളത്തിലേക്കു സഞ്ചാരികളെ കൂട്ടിക്കൊണ്ടുവരുമ്പോഴും കോവളത്തിനു വലിയ വളർച്ചയില്ല. വിദേശസഞ്ചാരികളുടെ വരവിൽ ഓരോ കൊല്ലവും കോവളത്തു രേഖപ്പെടുത്തുന്ന കുറവ് എങ്ങനെ പരിഹരിക്കാമെന്നു ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇനിയും വൈകിയാൽ നാട്ടുകാരുടെ ഭീതി യാഥാർഥ്യമാകും, ചോദ്യങ്ങൾക്ക് ഉത്തരവുമാകും. ഒരിക്കൽ കേരളത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമായിരുന്ന കോവളം അങ്ങനെ എന്നത്തേക്കുമായി ഇല്ലാതാകും. അത് സ്ഥലനാമം മാത്രമാകും.

സൊമാലിയപോലും കൈവിടുന്നു

പട്ടിണിയുടെ മുഖം എപ്പോഴും ഓർമിപ്പിക്കുന്ന രാജ്യമാണ് സൊമാലിയ. ഈ രാജ്യത്തുനിന്ന് 2017-ൽ കേരളം കാണാനെത്തിയത് 70 പേരാണ്. ഇവരിൽ 32 പേരും കൊച്ചിയിലെയും പരിസരത്തെയും കാഴ്ച കണ്ടു മടങ്ങി. തിരുവനന്തപുരത്തു വന്നത് 27 പേർ മാത്രം. അവരിൽ ചിലർ കോവളത്ത് വന്നിരിക്കാം. എന്നാൽപ്പോലും തിരുവനന്തപുരത്തെയും കോവളത്തെയും കണക്കുകൾ എത്തിനിൽക്കുന്നത് ആശങ്കയുടെ നടുക്കയത്തിലാണ്. കൊച്ചിയടക്കമുള്ള മറ്റ് പ്രധാന കേന്ദ്രങ്ങളിൽ വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കൂടുന്നതിൽ വിനോദസഞ്ചാരവകുപ്പിന് ആശ്വസിക്കാം.

ക്രിസ്‌മസ്, പുതുവർഷക്കാലം കാത്തിരിക്കുകയാണ് കോവളം. എല്ലാവർഷവും ഈ സമയം വിദേശികളുടെ വരവുണ്ടാകാറുണ്ട്. എന്നാലിത്തവണ ഡിസംബറിന്റെ തുടക്കത്തിൽ തുടങ്ങിയ തിരക്കില്ലായ്മയിൽ ഇനിയും തുടരുമോ എന്ന ആശങ്ക ഹോട്ടലുടമകൾ പങ്കുവെക്കുന്നു. മിക്ക ഹോട്ടലുകൾക്കും ഇന്ത്യയ്ക്കകത്തുള്ള സഞ്ചാരികളാണ് ആശ്വാസമാകുന്നത്. വാരാന്ത്യങ്ങളിലെ തിരക്കിലാണ് അവരുടെ പ്രതീക്ഷയും.

സീസൺ കഴിഞ്ഞാൽ ചില ഹോട്ടലുകൾ താത്കാലികമായി അടച്ചിടുമായിരുന്നു. ഇപ്പോഴത്തെ അവസ്ഥ തുടർന്നാൽ ഒട്ടുമിക്കവയും അടച്ചിടേണ്ടിവരുമെന്ന് കോവളം ലൈറ്റ്ഹൗസ് ഭാഗത്തെ ഹോട്ടലിൽ റിസർവേഷന്റെ ചുമതലയുളള എം.ഇസുദീൻ പറയുന്നു. വിദേശികൾക്കുവേണ്ടി കോവളത്തേക്ക്‌ ടൂർ ഓപ്പറേറ്റർമാരുടെ വിളികളും കുറഞ്ഞു. ചിലപ്പോഴൊക്കെ കോവളത്തെ കടുത്ത നിയന്ത്രണങ്ങളിൽ വിദേശികൾ അതൃപ്തി പ്രകടിപ്പിക്കാറുണ്ടെന്നു വ്യാപാരികളും ഹോട്ടലുടമകളും പറയുന്നു.

തീരവും പോയി

വിശാലമായ മണപ്പുറത്തു നിരക്കുന്ന വിദേശികളെ കാണാൻപോലും തിരക്കായിരുന്നു പണ്ട് ഹവ്വാബീച്ചിൽ. ഇപ്പോൾ അതൊന്നുമില്ലെന്നു മാത്രമല്ല, തീരംപോലും കോവളത്തിനു നഷ്ടമായിക്കൊണ്ടിരിക്കുന്നു. വിഴിഞ്ഞം തുറമുഖം വരുമ്പോൾ കോവളത്തെ തീരം കുറയുമെന്ന ആശങ്ക ഇപ്പോൾ യാഥാർഥ്യമാവുകയാണ്. തുറമുഖനിർമാണം പൂർത്തിയാകുമ്പോൾ ഇവിടെ ഇനിയും കടൽ കയറും. ഇത് നല്ല സൂചനയല്ല. ഇപ്പോൾത്തന്നെ ഹവ്വാബീച്ചിൽ കരയുടെ ഏറെ ഭാഗം കടലെടുത്തു. സമുദ്രബീച്ചിൽ ഇടിഞ്ഞുകിടക്കുന്ന കൽക്കെട്ടിന്റെ ബാക്കിഭാഗം എപ്പോൾ വേണമെങ്കിലും കടലിലേക്കു പോകും.

തറയോടിളകിയ റോഡിൽ തുടങ്ങുന്ന ഒരുപാട് പരിമിതികൾക്കു നടുവിലാണ് കോവളം ബീച്ച്. റോഡിന് വീതികൂട്ടുന്നതിനുൾപ്പെടെ സ്ഥലമില്ലായ്മയാണ് വിനോദസഞ്ചാരവകുപ്പിനെ വിഷമിപ്പിക്കുന്നത്.

സുരക്ഷയ്ക്കായി

കൂടുതൽ പോലീസിനെയും ലൈഫ് ഗാർഡിനെയും നിയമിക്കാൻ വിനോദസഞ്ചാരവകുപ്പ് ആലോചിക്കുന്നു. 24 പോലീസുകാരാണ് ഇപ്പോഴുള്ളത്. നഗരത്തിലോ മറ്റോ കൂടുതൽ പോലീസുകാരെ ആവശ്യമുള്ളപ്പോൾ ഇവരിൽ കുറച്ചുപേരെ പിൻവലിക്കാറുമുണ്ട്. 20 പേരെക്കൂടി നിയമിക്കണമെന്നാണ് വിനോദസഞ്ചാരവകുപ്പിന്റെ ആവശ്യം.

ഒരു ചീഫ് സൂപ്പർവൈസറും രണ്ട് സൂപ്പർവൈസർമാരും ഉൾപ്പടെ 37 ലൈഫ് ഗാർഡുകളാണുള്ളത്. 12 പേരെക്കൂടിയെങ്കിലും നിയമിക്കണം. ഇപ്പോഴുള്ളവരുടെ ജീവിതസാഹചര്യമാകട്ടെ ദയനീയമാണ്.

സർക്കാർ ഇടപെടുന്നു

കോവളത്ത് മുഖംനന്നാക്കലിന്റെ അനിവാര്യത തിരിച്ചറിഞ്ഞ വിനോദസഞ്ചാരവകുപ്പ് രണ്ടു ഘട്ടങ്ങളിലായി 19.85 കോടിയുടെ വികസനമാണ് ഗ്രോ-സമുദ്ര, ഹവ്വാബീച്ചുകളിലായി നടപ്പാക്കുന്നത്. സമുദ്രയിലെ ഒന്നാംഘട്ടത്തിൽ(9.90 കോടി രൂപ) മണ്ഡപം, കഫത്തീരിയ, ശൗചാലയങ്ങൾ, ആംഫി തിേയറ്റർ തുടങ്ങിയ സൗകര്യങ്ങളാണുണ്ടാവുക. ഇതിന്റെ നിർമാണമാണിപ്പോൾ നടക്കുന്നത്.

ഹവ്വാബീച്ചിലെ രണ്ടാംഘട്ടം (9.95 കോടിരൂപ) ഇതുവരെ തുടങ്ങാനായില്ല. ഒ.എച്ച്. ലൈനുകൾ ഭൂമിക്കടിയിലൂടെയാക്കുക, നടപ്പാത ഒരുക്കുക, മ്യൂസിയം, കൂടുതൽ നിരീക്ഷണക്യാമറകൾ, ബീച്ച് ഷവർ, ദീപാലങ്കാരം, കച്ചവടക്കാർക്ക് ഷെൽട്ടർ തുടങ്ങിയവ ഇതിന്റെ ഭാഗമായുണ്ട്. എന്നാൽ, രണ്ടുഘട്ടങ്ങളും പൂർത്തിയാകാൻ ഇനിയും സമയമെടുക്കും.

രക്ഷകൻ ശ്രീപദ്മനാഭൻ

കോവളത്ത് ആഭ്യന്തര സഞ്ചാരികളുടെ വരവ് കൂടുന്നതിന് ശ്രീപദ്മനാഭനോട് നന്ദി പറയണം. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ‘മഹാനിധി’യുടെ വിവരങ്ങൾ പുറത്തുവന്നതോടെ, തലസ്ഥാനനഗരത്തിൽ ആഭ്യന്തര സഞ്ചാരികളുടെ തിരക്ക് കൂടി.

നിലവറയെപ്പറ്റി വിവരങ്ങൾ പുറത്തുവരുന്നതിന് മുമ്പ് ദിവസവും 1500 മുതൽ 1700 വരെയാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിയിരുന്നവരുടെ എണ്ണം. എന്നാൽ ‘മഹാനിധി’ വാർത്തകളിൽ നിറഞ്ഞതോടെ ഏഴായിരം മുതൽ പതിനായിരം വരെയായിരുന്നു ക്ഷേത്രദർശനത്തിന് എത്തുന്നവരുടെ എണ്ണം. ഇടയ്ക്കത് ഇത്തിരി കുറഞ്ഞെങ്കിലും ഈയിടെ പന്ത്രണ്ടായിരം മുതൽ പതിനയ്യായിരം വരെയായി. ഇവരിൽ ഒരുഭാഗം കോവളത്തെത്തുന്നു. ആഭ്യന്തര യാത്രക്കാരുടെ വളർച്ചയ്ക്ക് ശ്രീപദ്മനാഭനും അങ്ങനെ കാരണക്കാരൻ.

ഒത്തൊരുമിച്ചാലേ രക്ഷയുള്ളൂ

ഭൂമി കണ്ടെത്തുക അത്ര എളുപ്പമല്ലിവിടെ. കോർപ്പറേഷനും വിനോദസഞ്ചാര വകുപ്പും കൈകോർത്താലേ കോവളത്തിനു രക്ഷയുള്ളൂ. കോർപ്പറേഷന് മാത്രമായും പലതും ചെയ്യാനാകും. കുറഞ്ഞത് വഴിയുടെ കാര്യത്തിലെങ്കിലും. സഞ്ചാരികൾക്ക് കുളികഴിഞ്ഞ് വസ്ത്രം മാറാൻപോലും സൗകര്യമില്ലെന്നത് കോവളത്തിന്റെ മാനംകെടുത്തുന്നു. ഇൻഫർമേഷൻ സെന്റർ നിൽക്കുന്ന സ്ഥലമടക്കം 2.45 ഏക്കർ ഭൂമിയാണ് വിനോദസഞ്ചാരവകുപ്പിന് കോവളത്തുള്ളത്. പാർക്കിങ് ഗ്രൗണ്ടുപോലും സ്വകാര്യഗ്രൂപ്പിന്റെ ഔദാര്യം.