അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടുപോയെന്നോർത്ത്‌ ഭയപ്പെടേണ്ട, മൊബൈൽ എടുത്ത് 112 എന്ന നമ്പർ ഡയൽ ചെയ്യൂ. നമ്പർ ഡയൽ ചെയ്യാൻ പരിഭ്രമം മൂലം സാധിച്ചില്ലേ, എങ്കിലും പേടിക്കേണ്ട, ഫോണിന്റെ പവർ ബട്ടൺ മൂന്നുതവണ അമർത്തിയാൽ മതി. തലസ്ഥാനത്തെ കമാൻഡ് സെന്ററിൽ സന്ദേശം ലഭിക്കുകയും പോലീസ് ഉദ്യോഗസ്ഥർ തിരികെ വിളിച്ച് വിവരം അന്വേഷിക്കുകയും ചെയ്യും. 112 ഇന്ത്യ എന്ന മൊബൈൽ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാലും ഇ.ആർ.എസ്.എസ്. കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ സന്ദേശമെത്തും. ഇനി ഏതു രാത്രിയിലും എവിടെ വേണമെങ്കിലും നിങ്ങൾക്ക് ധൈര്യമായി സഞ്ചരിക്കാം. നിഴലായി പോലീസ് കൂടെയുണ്ടാകും.

എന്താണ് നിഴൽ...

വനിതായാത്രക്കാർക്കും മുതിർന്ന പൗരന്മാർക്കും ഒറ്റപ്പെട്ട് താമസിക്കുന്നവർക്കും സഹായത്തിനായാണ് നിഴൽ പദ്ധതി ആവിഷ്കരിച്ചത്. ഏത് അടിയന്തര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാൻ പോലീസ് ആസ്ഥാനത്തെ പോലീസ് കമാൻഡ് സെന്ററിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലയിൽ നിന്നും 24 മണിക്കൂറും ഫോണിൽ ബന്ധപ്പെടാം. പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി.യും എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം(ഇ.ആർ.എസ്.എസ്.) സംസ്ഥാന നോഡൽ ഓഫീസറുമായ മനോജ് എബ്രഹാമാണ് നിഴൽ എന്ന പേരിനുപിന്നിൽ. എപ്പോഴും കൂടെയുണ്ടാകും എന്ന അർഥത്തിലാണ് ഈ പേരിട്ടത്. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി എസ്.പി. ദിവ്യ ബി.ഗോപിനാഥും നിഴൽ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നു. ജില്ലകളിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.മാർക്കാണ് ഇ.ആർ.എസ്.എസ്. ചുമതല.

രക്ഷിക്കൂ, വിളികൾ ധാരാളം

ഡിസംബർ നാലിനാണ് നിഴൽ പദ്ധതി ആരംഭിച്ചത്. ആദ്യദിവസം രാത്രിതന്നെ സഹായം അഭ്യർഥിച്ച് 11 ഫോൺവിളികൾ എത്തി. തുടർന്നുള്ള ദിവസങ്ങളിലും പത്തിലേറെ വിളികൾ എല്ലാദിവസവും വരുന്നുണ്ട്.

ഏഴാം തീയതി 11, എട്ടിന് ഏഴ്, ഒൻപതിന് അഞ്ച്, പത്താം തീയതി 13 വിളികളും സഹായമഭ്യർഥിച്ചെത്തി. വിളിച്ചതിൽ ഒന്നൊഴികെ ബാക്കിയെല്ലാം സ്ത്രീകൾ തന്നെയായിരുന്നു. കഴക്കൂട്ടം പള്ളിപ്പുറത്തുനിന്നുമാണ് ഒരു പുരുഷൻ വിളിച്ചത്. സഹോദരി വീട്ടിൽ ഒറ്റയ്ക്കേ ഉള്ളൂവെന്നും അവരെ ആരോ ആക്രമിക്കാൻ ശ്രമിക്കുന്നെന്നുമുള്ള പരാതിയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ നിന്നു സഹായത്തിനായി എത്തിയ വിളികൾ കുറവായിരുന്നു.

ഭർത്താവ് വീട്ടിൽനിന്ന്‌ ഇറക്കിവിട്ടു, വിശ്രമ കേന്ദ്രത്തിൽ മദ്യപസംഘം ബഹളം വയ്ക്കുന്നു, റെയിൽവേ സ്റ്റേഷനിൽനിന്നു വീട്ടിലേക്ക് പോകാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞ് 80 വയസ്സുകാരിയായ വയോധിക തുടങ്ങിയവരും സഹായത്തിനായി 112-ൽ വിളിച്ചു.

സഹായപ്രവർത്തനം ഇങ്ങനെ...

സഹായമഭ്യർഥിച്ച് സംസ്ഥാനത്ത് എവിടെനിന്നും വരുന്ന കോളുകൾ എത്തുന്നത് തിരുവനന്തപുരത്തെ ഇ.ആർ.എസ്.എസ്. കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലാണ്. അവിടെയുള്ള കോൾ ടേക്കേഴ്‌സ് ഫോൺ എടുക്കും. എന്താണ് സഹായം വേണ്ടത്, ജില്ല എവിടെയാണ്, വിളിക്കുന്ന കൃത്യമായ സ്ഥലം എവിടെയാണ്, ഏതു പോലീസ് സ്റ്റേഷൻ അതിർത്തിയാണ്, എന്നിങ്ങനെയുള്ള വിവരങ്ങൾ ശേഖരിക്കും. കമാൻഡ് സെന്ററിൽ ഇതിനായി രണ്ട് കംപ്യൂട്ടറുകൾ ഉണ്ട്. ഒന്നിൽ സഹായമഭ്യർഥിച്ചുള്ള ആളുടെ വിവരങ്ങൾ എഴുതിച്ചേർക്കും. മറ്റൊന്നിൽ ജി.പി.എസ്. ഉപയോഗിച്ച് സഹായം അഭ്യർഥിച്ചയാളുടെ ലൊക്കേഷൻ കണ്ടെത്തും.

ഇത് ജില്ലകളിലെ കൺട്രോൾ റൂമിലേക്ക് കൈമാറും. അവിടെനിന്ന്‌ മൊബൈൽ ഡേറ്റ ടെർമിനൽ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങളിലേക്ക് കൈമാറും. ഉടൻ തന്നെ പോലീസ് ഉദ്യോഗസ്ഥർ വിളിച്ചയാളുടെ അടുത്ത് സഹായവുമായി എത്തും. സഹായമഭ്യർഥിച്ച് വിളിച്ചയാളെ പോലീസ് കമാൻഡ് സെന്ററിൽനിന്നു ബന്ധപ്പെട്ട് വിവരങ്ങൾ തേടുകയും സംതൃപ്തരാണോയെന്ന് അന്വേഷിക്കുകയും ചെയ്യും. നൂറോളം ഉദ്യോഗസ്ഥരാണ് 24 മണിക്കൂറും ഇ.ആർ.എസ്.എസ്. പ്രവർത്തനത്തിനായി കമാൻഡ് സെന്ററിലുള്ളതെന്ന് പറയുന്നു ഇ.ആർ.എസ്.എസ്. ഇൻചാർജ് ബി.എസ്.സാബു.

മൂന്ന് മിനിറ്റിനുള്ളിൽ രക്ഷകനെത്തും

ലൊക്കേഷൻ ബേസ്ഡ് സർവീസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പോലീസ് പ്രവർത്തിക്കുന്നത്. നിലവിൽ പത്ത് മിനിറ്റെങ്കിലും എടുത്താണ് സഹായം നൽകാൻ കഴിയുന്നത്. ഇത് മൂന്നുമിനിറ്റാക്കി ചുരുക്കാൻ ഉടൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇ.ആർ.എസ്.എസ്. പ്രവർത്തകർ. കമാൻഡ് സെന്ററിൽനിന്നു വിവരങ്ങൾ മൊബൈൽ ഡേറ്റ ടെർമിനൽ ഘടിപ്പിച്ചിട്ടുള്ള 751 വാഹനങ്ങളിലേക്കാണ് അയയ്ക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസിനുകീഴിൽ ഇതുപോലെ 54 വാഹനങ്ങളുണ്ട്. എവിടെയാണോ സഹായം എത്തിക്കേണ്ടത് ആ വാഹനത്തിലുള്ളവർ എത്രയുംപെട്ടെന്ന് സ്ഥലത്തെത്തുന്ന രീതിയിലാണ് പ്രവർത്തനം.

പ്രതിസന്ധി ഉണ്ട്...

കേരളത്തിലെ ടെലികോം സേവനദാതാക്കളിൽ സ്ഥലം അടിസ്ഥാനമാക്കി സേവനം നൽകുന്നത് എയർടെൽ മാത്രമാണെന്നാണ് പ്രധാന പോരായ്മ. ബി.എസ്.എൻ.എൽ., ജിയോ, ഐഡിയ-വൊഡഫോൺ തുടങ്ങിയ കമ്പനികൾ ഈ സൗകര്യം ലഭ്യമാക്കിയിട്ടില്ല. ഇതിനായി കേന്ദ്ര അഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടതായി ഇ.ആർ.എസ്.എസ്. ചുമതലയുള്ളവർ അറിയിച്ചു. എല്ലാ മൊബൈൽ കമ്പനികളും എൽ.ബി.എസ്.(ലോക്കേഷൻ ബേസ്ഡ് സർവീസ്)സൗകര്യം നൽകിയാൽ മൂന്നുമിനിറ്റിനുള്ളിൽ തന്നെ സഹായം അഭ്യർഥിക്കുന്നവരുടെയടുത്തെത്താൻ പോലീസിനാകും.

സഹായം കൂടെത്തന്നെ

ഔട്ട് ഓഫ് കവറേജ് ഏരിയ ആണെങ്കിലും നമുക്ക് ഈ സേവനം ഉപയോഗിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തീവണ്ടിയാത്രകളിലും മറ്റും ഏറ്റവും ഉപകാരപ്രദമാണ് നിഴൽപദ്ധതി. പദ്ധതി വിവരങ്ങൾ എല്ലാവരിലുമെത്തിച്ചാൽ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ ഒരു പരിധി വരെയെങ്കിലും കുറയ്ക്കാനാകും.

-പി.എസ്.പ്രശാന്തി, ടെക്‌നോപാർക്ക് ജീവനക്കാരി

സുരക്ഷ കൂടെയുണ്ട്

എവിടെവേണമെങ്കിലും യാത്രപോകാം. ആരെയും പേടിക്കേണ്ട. ഒറ്റപ്പെട്ട് പോകുന്നവർക്കും രാത്രിയിൽ യാത്രചെയ്യുന്നവർക്കും ഒരുപോലെ ഉപകാരപ്രദം.

-ബബിതാ നായർ, ചിത്രകാരി

മറക്കണ്ട, ഈ നമ്പരുകളും

വനിതാ ഹെൽപ്പ്‌ ലൈൻ-1091

മിത്ര-181