കാർത്തികയ്ക്ക് പുഴുക്കുണ്ടാക്കണമെന്ന് ഓർമപ്പെടുത്തിക്കൊണ്ട് നഗരത്തിലെ പച്ചക്കറിക്കടകളിൽ കിഴങ്ങുവർഗങ്ങളുടെ വിപണി തകൃതിയായി. നഗരപ്രദേശങ്ങളിലെ പച്ചക്കറിക്കടകളിലെത്തുന്ന കിഴങ്ങുകളിൽ ഭൂരിഭാഗവും അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നാണെത്തുന്നത്. ചൊവ്വാഴ്ചയാണ് കാർത്തിക.

തൃക്കാർത്തികയോടനുബന്ധിച്ചാണ് കാച്ചിൽ, നനകിഴങ്ങ്, കൂവക്കിഴങ്ങ്, ചെറുകിഴങ്ങ്, മുക്കിഴങ്ങ്, മധുരക്കിഴങ്ങ് തുടങ്ങിയവയുടെ വിളവെടുപ്പ്. മാർച്ച് മാസത്തിൽ കൃഷി ചെയ്യുന്ന കിഴങ്ങുകൾ നവംബർ, ഡിസംബർ മാസങ്ങളിൽ വിളവെടുക്കുന്നു. കാലത്തോടൊപ്പം മലയാളിയുടെ ഭക്ഷണരീതികളും മാറിയതോടെ കിഴങ്ങുവർഗങ്ങളുടെ കൃഷി കുറഞ്ഞു.

ബാലചന്ദ്രന്റെ ഏലായിൽ ഇത്തവണ കൂവ

പള്ളിച്ചൽ നരുവാമൂട് സ്വദേശിയായ ബാലചന്ദ്രൻ നായർ എന്ന കർഷകൻ നൽപ്പതു വർഷമായി ചിറ്റിക്കോട് ഏലായിൽ വിവിധ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്യുകയാണ്. കാർത്തിക അടുത്തതോടെ വിളവെടുത്ത് വിൽപ്പന തുടങ്ങി. നഗരപ്രദേശങ്ങളിൽ നിന്നുള്ളവരും ഇവ വാങ്ങുന്നതിനായി ഇവിടെയെത്തുന്നു.

നഗരങ്ങളിലെ പച്ചക്കറിക്കടകളിലും കാർത്തികയോടനുബന്ധിച്ച് ഇവ വാങ്ങും. നാരുകൾ കൂടുതലടങ്ങിയതിനാൽ കിഴങ്ങുവർഗങ്ങൾക്ക് ഔഷധഗുണവും ഏറെയാണ്.

അന്യംനിന്നുപോയ വിളകളെ തിരികെ കൊണ്ടുവന്ന് കൃഷി ചെയ്ത് വിപണനം നടത്താൻ കഴിയുമെന്ന് തന്റെ അനുഭവത്തിലൂടെ തെളിയിച്ചിരിക്കുകയാണ് സംഘമൈത്രി കർഷകക്കൂട്ടായ്മ ചെയർമാൻ കൂടിയായ ബാലചന്ദ്രൻ നായർ. ഇത്തവണ കാർത്തികയ്ക്ക് കൂവക്കിഴങ്ങാണ് കൃഷി ചെയ്തത്. കീടബാധ ഏൽക്കാത്തതിനാൽ കൂവയ്ക്ക് രാസവളമോ, കീടനാശിനിയോ ആവശ്യമില്ലെന്ന് ബാലചന്ദ്രൻ നായർ പറയുന്നു. മറ്റ് വൃക്ഷങ്ങളുടെ ചുവട്ടിലും യഥേഷ്ടം നടാം. നാരുകൾ ധാരാളമുള്ള കൂവ മുഴുവനായി വേവിച്ചുകഴിക്കാം. ഉദരസംബന്ധമായ രോഗങ്ങളെ ശമിപ്പിക്കാൻ കൂവയ്ക്കാകും. കൂവപ്പൊടിക്കും ഗുണങ്ങളേറെയാണ്.

കിഴങ്ങുകൃഷിയുമായി ഫോട്ടോഗ്രാഫർ

മൊട്ടമൂട്ടിൽ സ്റ്റുഡിയോ നടത്തുന്ന ഫോട്ടോഗ്രാഫറായ മൊട്ടമൂട് അനിൽ തന്റെ രണ്ടേക്കറോളം വരുന്ന ഭൂമിയിൽ കാർത്തികയ്ക്കായി നാടൻ കിഴങ്ങുവർഗ്ഗങ്ങൾ വിളയിച്ചു. മൊട്ടമൂട്, മലയിൻകീഴ്, കട്ടയ്‌ക്കോട് എന്നീ സ്ഥലങ്ങളിലെ കൃഷിയിടങ്ങളിലാണ് മധുരക്കിഴങ്ങ്, ചീനിക്കിഴങ്ങ്, ചേന, നനകിഴങ്ങ്, ചേമ്പ്, ആഫ്രിക്കൻ കാച്ചിൽ തുടങ്ങിയവ കൃഷി ചെയ്തത്. നാട്ടുകാർക്ക് കിട്ടാക്കനിയായിത്തുടങ്ങിയ ഇത്തരം വിഭവങ്ങൾ വിൽക്കുന്നതിനായി കാർത്തികയ്ക്ക് കാർഷികോത്സവം എന്ന പേരിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഒരു വിൽപ്പന കേന്ദ്രം മൊട്ടമൂട്ടിൽ തുറക്കുകയും ചെയ്തു അനിൽ.

മൂന്നുവർഷമായി കാർത്തികയ്ക്ക് വിളവെടുക്കാൻ പാകത്തിൽ അനിൽകുമാർ കിഴങ്ങുകൾ കൃഷി ചെയ്യുന്നു. ഇനിയും എല്ലാ കാർത്തികയ്ക്കും ഇത് തുടരാനാണ് അനിലിന്റെ തീരുമാനം.