വിവാദങ്ങൾ ഒരുവശത്ത് കത്തുമ്പോഴും രാജ്യാന്തര ചലച്ചിത്രമേളയിൽ ‘കുമ്പളങ്ങി നൈറ്റ്‌സ്’ കാണാൻ നടൻ ഷൈൻ നിഗം എത്തി. ഷൈനിനു പിന്തുണയുമായി ഡെലിഗേറ്റുകളും ഒരുമിച്ചു. നടൻ ഷൈൻ ടോം ചാക്കോയും ഒപ്പമുണ്ടായിരുന്നു. ന്യൂ തിയേറ്ററിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം.

കൈരളി തിയേറ്ററിന്റെ പടിക്കെട്ടിൽ ഷെയ്നിനു പിന്തുണയുമായി ഡെലിഗേറ്റുകൾ ഒത്തുകൂടി. കുമ്പളങ്ങി നൈറ്റ്‌സിനു പുറമേ ഷെയ്‌നിന്റെ ഇഷ്‌ക്കും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ‘സപ്പോർട്ട് ഷെയ്ൻ നിഗം’ എന്നെഴുതിയ ബാനറുകൾ പിടിച്ചുകൊണ്ടായിരുന്നു ഡെലിഗേറ്റുകളുടെ പിന്തുണ.

നിർമാതാവിനു പണം നഷ്ടപ്പെട്ടു എന്നത് വസ്തുതയാണെങ്കിലും വൈകാരികമായ പ്രതികരണമാണ് ഈ വിഷയത്തിൽ ഉള്ളതെന്ന് ഡെലിഗേറ്റുകൾ പറഞ്ഞു. വിവിധ ജില്ലകളിൽ നിന്ന് വാട്സാപ് കൂട്ടായ്മയിലൂടെ ഒത്തുചേർന്ന ഇവർ, സിനിമ ഒരു കലയാണെന്നും കലയ്ക്ക് അതിനനുയോജ്യമായ മാനസികാവസ്ഥ ഉണ്ടാവണമെന്നും അഭിപ്രായപ്പെട്ടു. മുടി വെട്ടി മാത്രമാണ് ഷെയ്ൻ പ്രതികരിച്ചത്. അത് വളരെ പക്വമായിരുന്നു. ഷെയ്ൻ 24 വയസ്സുള്ള ഒരു പയ്യനാണ്. അത് മനസ്സിലാക്കണമെന്നും ഡെലിഗേറ്റുകൾ പറഞ്ഞു.