ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഉന്നതശീർഷനായ ഒരു നേതാവിന്റെ ജന്മദിനമാണ്‌ ഡിസംബർ 10. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യ ഇന്ത്യക്കാരനായ ഗവർണർ ജനറൽ ചക്രവർത്തി രാജഗോപാലാചാരിയുടെ ജനനം 1878 ഡിസംബർ 10-ന്‌ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ തൊറപ്പള്ളി ഗ്രാമത്തിലായിരുന്നു. മുൻസിഫായിരുന്ന പിതാവ്‌ ചക്രവർത്തി വെങ്കടാര്യന്റെയും ചക്രവർത്തി സിങ്കരമ്മയുടെയും മൂന്നാമത്തെ പുത്രനായ രാജഗോപാലാചാരിയുടെ അടിസ്ഥാനവിദ്യാഭ്യാസം ഹൊസൂറിലും ബെംഗളൂരിലുമായി പൂർത്തിയായി. പ്രശസ്തമായ മദ്രാസ്‌ പ്രസിഡൻസി കോളേജിൽനിന്ന്‌ നിയമബിരുദം നേടിയ രാജഗോപാലാചാരി സേലത്ത്‌ വക്കീലായി തൊഴിൽ ജീവിതമാരംഭിച്ചു. 1906-ലെ കൊൽക്കത്ത കോൺഗ്രസ്‌ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ്‌ രാജഗോപാലാചാരി ആ പ്രസ്ഥാനത്തിലേക്കു കടന്നുവരുന്നത്‌. 1911-ൽ സേലം മുനിസിപ്പാലിറ്റിയിൽ അംഗമായും 1917-ൽ അതിന്റെ ചെയർമാനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മഹാത്മാഗാന്ധിയുടെ രംഗപ്രവേശത്തോടെയാണ്‌ അദ്ദേഹം സജീവരാഷ്ട്രീയ പ്രവർത്തനത്തിലേക്കു സ്വയം സമർപ്പിക്കുന്നത്‌. 1921-ൽ കോൺഗ്രസ്‌ വർക്കിങ്‌ കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും അവരോധിതനായി. ഗാന്ധിജി ജയിൽവാസം അനുഷ്ഠിച്ചപ്പോൾ പാർട്ടിയിലെ ആശയസമരങ്ങൾക്കു ചുക്കാൻപിടിച്ചത്‌ രാജാജി എന്ന രാജഗോപാലാചാരിയായിരുന്നു. 1924-ലെ പ്രശസ്തമായ വൈക്കം സത്യാഗ്രഹത്തിലും അദ്ദേഹത്തിന്റെ പങ്ക്‌ തിളക്കമേകി. ഗാന്ധിജിയുടെ ഉപ്പ്‌ സത്യാഗ്രഹത്തിനു സമാന്തരമായി വേദാരണ്യം കേന്ദ്രമാക്കി നിയമലംഘനത്തിനു നേതൃത്വം നൽകിയതും രാജാജിയായിരുന്നു. ഇതിനെത്തുടർന്ന്‌ തമിഴ്‌നാട്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ അധ്യക്ഷനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1937-ലെ മദ്രാസ്‌ തിരഞ്ഞെടുപ്പോടെ അതിന്റെ മുഖ്യമന്ത്രിയായി രാജാജി. അതിനെത്തുടർന്നാണ്‌ ദളിതർക്ക്‌ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള നിയമം അദ്ദേഹം പാസാക്കിയത്‌. മദ്യനിരോധനം ശക്തമാക്കിയ അദ്ദേഹം വരുമാനവർധനവിനായി വില്പനനികുതി അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ തീരുമാനം കടുത്ത എതിർപ്പിനു വഴിവെച്ചു. ജർമനിക്കെതിരേ ബ്രിട്ടൺ യുദ്ധത്തിനു തുടക്കംകുറിച്ചതോടെ പ്രതിഷേധസൂചകമായി മന്ത്രിസഭ രാജിവെച്ചു. ഗവർണർ അധികാരമേറ്റെടുത്തതോടെ ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം പിൻവലിച്ചു.

ഇന്ത്യൻ പ്രതിരോധനിയമപ്രകാരം ജയിലിലായ രാജഗോപാലാചാരി ഒരുവർഷം തടവുശിക്ഷ അനുഭവിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ആണിക്കല്ലുകളായ നിരവധി ആശയങ്ങൾക്ക്‌ രാജഗോപാലാചാരിയുടെ ഇടപെടലുകൾ ശക്തിനൽകി. ക്വിറ്റ്‌ ഇന്ത്യാ സമരത്തിനോട്‌ എതിർപ്പ്‌ പ്രകടിപ്പിച്ച രാജാജി ബ്രിട്ടീഷ്‌ സർക്കാരുമായി ചർച്ചകൾ നടത്തണമെന്ന അഭിപ്രായം മുന്നോട്ടുവെച്ചു. എന്നാൽ, കെ.കാമരാജുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന്‌ അദ്ദേഹം പാർട്ടിയിൽനിന്നു രാജിവെച്ചു. എങ്കിലും 1947-ൽ സ്വാതന്ത്ര്യത്തിനുശേഷം ജവഹർലാൽ നെഹ്‌റു രാജാജിയെ ബംഗാളിന്റെ ഗവർണറായി നിയമിച്ചു. ഹിന്ദു-മുസ്‌ലിം ഐക്യത്തിനുവേണ്ടി ശക്തമായ തീരുമാനങ്ങളെടുത്തു അദ്ദേഹം. പിന്നീട്‌ ഇന്ത്യയുടെ ആദ്യ ഇന്ത്യക്കാരനായ ഗവർണർ ജനറലായ രാജഗോപാലാചാരി 1950 ജനുവരി 26വരെ ആ പദവിയിൽ തുടർന്നു. 1950-ൽ നെഹ്രുവിന്റെ ക്ഷണപ്രകാരം വകുപ്പില്ലാത്ത മന്ത്രിയായി തുടർന്ന രാജഗോപാലാചാരി, സർദാർ വല്ലഭ്‌ഭായി പട്ടേലിന്റെ മരണത്തെത്തുടർന്ന്‌ ആഭ്യന്തരവകുപ്പിന്റെ ചുമതലയും നിർവഹിച്ചു. 1951-ൽ നെഹ്‌റുവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന്‌ രാജിവെച്ച അദ്ദേഹം 1952-ൽ മദ്രാസ്‌ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി നിയമിക്കപ്പെട്ടു. ഇന്ത്യയിലെ വിവാദ നിയമനങ്ങളിലൊന്നായി അതുമാറി. പ്രത്യേക ആന്ധ്രസംസ്ഥാനത്തിനായുള്ള ആവശ്യവും പോറ്റി ശ്രീരാമുലുവിന്റെ മരണവും ഒക്കെ ആ കാലത്തെ വേറിട്ടു നിർത്തുന്നു. സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനവും നേടുക എന്ന ലക്ഷ്യത്തോടെ സമഗ്രമായ പരിഷ്‌കാരങ്ങൾക്ക്‌ അദ്ദേഹം തുടക്കമിട്ടു. എന്നാൽ, ശക്തമായ എതിർപ്പുകൾക്കു വഴിവെച്ച ആ തീരുമാനത്തെത്തുടർന്ന്‌ കാമരാജ്‌ പിന്തുണ പിൻവലിച്ചു. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ രാജഗോപാലാചാരി പിന്തുണച്ച സി.സുബ്രഹ്മണ്യം പരാജയപ്പെട്ടു. രാജാജി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. കോൺഗ്രസിൽനിന്നു മാറിയ രാജാജി കോൺഗ്രസ്‌ പരിഷ്‌കരണ കമ്മിറ്റി എന്ന പ്രസ്ഥാനം ആരംഭിച്ചു. മദ്രാസ്‌ സംസ്ഥാനത്തിലെ രണ്ടാമത്തെ വലിയ പാർട്ടിയായി അതു മാറി. 1959-ൽ മീനുമസാനി, മുരാരിവൈദ്യ എന്നിവരോടൊപ്പം അദ്ദേഹം സ്വതന്ത്രപാർട്ടി സ്ഥാപിച്ചു. കെ.എം.മുൻഷി, ഫീൽഡ്‌മാർഷൽ കെ.എം.കരിയപ്പയെപ്പോലുള്ളവർ അതിൽ അംഗങ്ങളായി. 21 അടിസ്ഥാനതത്ത്വങ്ങളിൽ പടുത്തുയർത്തിയ സ്വതന്ത്രപാർട്ടി നിരവധി അംഗങ്ങളെ നിയമസഭയിലും ലോക്‌സഭയിലുമെത്തിച്ചു. 1967-ലെ തിരഞ്ഞെടുപ്പിൽ 45 ലോക്‌സഭാസീറ്റുകൾ നേടിയ സ്വതന്ത്രപാർട്ടി ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി. 1965-ൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കിയതിനെതിരേ നിലപാടെടുത്ത രാജാജി 1972 ഡിസംബർ 25-ന്‌ മരണമടഞ്ഞു. സാഹിത്യത്തിൽ സവിശേഷമായ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ മഹാഭാരതം, രാമായണം രചനകൾ വിഖ്യാതമാണ്‌. കുറൈ ഒൺട്രും ഇല്ലൈ എന്ന കൃഷ്ണഭക്തിഗാനം രചിച്ചതും രാജാജിയാണ്‌. വിവിധ മേഖലകളിൽ ശക്തമായ സംഭാവനകൾ നൽകിയ പ്രതിഭയുടെ പ്രകാശഗോപുരമാണ്‌ സി.രാജഗോപാലാചാരി.