ശബ്ദത്തിന്റെ തീവ്രത

കാതുകൾക്ക് അസ്വസ്ഥതയുണ്ടാക്കുമ്പോഴാണ് ശബ്ദം ശല്യമാകുന്നത്. നിരന്തരമായി തീവ്രതകൂടിയ ശബ്ദം കേൾക്കുന്നവരിൽ ശാരീരിക, മാനസിക പ്രശ്നങ്ങളുണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു. ഓരോ വർഷവും കേൾവിക്കുറവ് ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. ഉയർന്ന തീവ്രതയുള്ള ശബ്ദം നിരന്തരം കേൾക്കുന്നത് കേൾവിക്കുറവിന് കാരണമാകും. ഉയർന്ന രക്തസമ്മർദം, ഹൃദയമിടിപ്പ് കൂടുക, ക്ഷീണം, ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടമാകുക എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്നം. 120 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയ്ക്കും കാരണമാകും. കുട്ടികളിൽ കേൾവിക്കുറവിനൊപ്പം ഏകാഗ്രതയില്ലായ്മയും ഉണ്ടാക്കുന്നുണ്ട്.

ശബ്ദത്തിന്റെ അളവ്

സുരക്ഷിത ശബ്ദം 0-15 ഡെസിബെൽ

സംസാരിക്കുമ്പോൾ കേൾക്കുന്ന ശബ്ദം 30-40 ഡെസിബെൽ

കാറുകളുടെ ഹോൺ 70 ഡെസിബെൽ

എയർഹോൺ 90-100 ഡെസിബെൽ

ഇയർഫോൺവഴി കേൾവിക്കുറവ്

കേൾവിക്കുറവ് കുട്ടികളുടെയും യുവാക്കളുടെയും ഇടയിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇയർഫോണിന്റെ തുടർച്ചയായ ഉപയോഗമാണ് യുവാക്കളിൽ കേൾവിക്കുറവിന് പ്രധാന കാരണം. ഒരു ദിവസം 5 മണിക്കൂറിൽ കൂടുതലായി ഹെഡ് ഫോൺ ഉപയോഗിക്കുന്നവരിൽ കേൾവിക്കുറവിനുള്ള സാധ്യത കൂടുതലാണെന്ന പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കേൾവി പരിശോധന നടത്തുകയെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിനായി ഡോക്ടർമാരെയോ അംഗീകൃത സ്ഥാപനങ്ങളെയോ സമീപിക്കാം. പരിശോധനയ്ക്കു മൊബൈൽ ആപ്പുകളും ലഭ്യമാണ്.

നിയന്ത്രിക്കാൻ നിയമം

: 2000-ത്തിലാണ് ശബ്ദമലിനീകരണം സംബന്ധിച്ച പ്രധാന നിയമം നിലവിൽ വന്നത്. സുരക്ഷിതമായ ശബ്ദനിലവാരം, നടപടികൾ, ലൗഡ് സ്പീക്കറുടെ ഉപയോഗത്തിലുള്ള നിയന്ത്രണം, പരാതി നൽകുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയെക്കുറിച്ചാണ് പ്രധാനമായും നിയമത്തിൽ പ്രതിപാദിക്കുന്നത്.

വാഹനങ്ങൾ, ഉച്ചഭാഷിണികൾ, വ്യവസായങ്ങൾ, വീടിനുള്ളിലെ ശബ്ദം എന്നിവയാണ് പ്രധാനമായും ശബ്ദമലിനീകരണത്തിന്റെ ഉറവിടം. എന്നാൽ, ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ വേണ്ടത്ര അവബോധം സൃഷ്ടിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കഴിഞ്ഞിട്ടില്ല.

പിഴ 1000 രൂപ

ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി പിഴ ഈടാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കാര്യമായ പരിശോധന നടക്കുന്നില്ല. ജില്ലാ ഭരണകൂടമാണ് ശബ്ദമലിനീകരണം സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള ടോൾ ഫ്രീ നമ്പറും ഇപ്പോൾ പ്രവർത്തനരഹിതമാണ്. അനധികൃതമായും നിരോധിത മേഖലകളിലും ഹോൺ ഉപയോഗിക്കുന്നതിന് 1000 രൂപയാണ് പിഴ. നിരോധിച്ച ഹോണുകളുടെ ഉപയോഗത്തിന് രണ്ടായിരം രൂപ.

നിസ്സ് (എൻ.ഐ.എസ്.എസ്.)

സുരക്ഷിത ശബ്ദത്തിനായുള്ള ദേശീയ സംരംഭമെന്ന നാഷണൽ ഇൻഷ്യേറ്റീവ് ഫോർ സേഫ് സൗണ്ട് എന്ന സംഘടന 2013-ലാണ് നിലവിൽ വന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകവും ഇ.എൻ.ടി. ഡോക്ടർമാരുടെ അസോസിയേഷനും ചേർന്നാണ് സംരംഭത്തിന് തുടക്കമിട്ടത്. രണ്ടുമാസങ്ങൾക്കുമുൻപ്‌ സുരക്ഷിതശബ്ദത്തെക്കുറിച്ച് അന്താരാഷ്ട്ര സെമിനാറും തലസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. ശബ്ദമലിനീകരണത്തിനെതിരേ നോ ഹോൺ ഡേയും എല്ലാ വർഷവും ആചരിക്കാറുണ്ട്.

ശബ്ദത്തിന്റെ പരിധി

പ്രദേശം പകൽ രാത്രി

വ്യാവസായിക പ്രദേശം 75 70

വാണിജ്യ പ്രദേശം 65 55

റസിഡൻഷ്യൽ പ്രദേശം 55 45

നിശബ്ദ സോൺ 50 40

ലോകത്തിൽ ഏറ്റവും കൂടുതൽ ശബ്ദമലിനീകരണമുള്ള രാജ്യം ഇന്ത്യയാണ്. അതിനാൽ ശബ്ദശല്യത്തിനെക്കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. കേരളീയർക്ക് വാർധക്യത്തിൽ വരുന്ന കേൾവിക്കുറവിന് (പ്രെസ്ബിയ ക്യൂസിസ്) സാധ്യത കൂടുതലാണ്. അതിനാൽ തീവ്രത കൂടിയ ശബ്ദങ്ങൾ കേൾവിക്കുറവ് ചെറുപ്രായത്തിൽത്തന്നെ വരാൻ കാരണമാകുന്നു. ശ്രവണ സഹായിയുടെ ഉപയോഗത്തിൽ 10 മടങ്ങ് വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശബ്ദ മലിനീകരണത്തിനെതിരേയുള്ള നടപടിയെക്കുറിച്ച് സർക്കാർതലത്തിൽ ചർച്ചകൾ ഊർജ്ജിതമാണ്.

ഡോ. ജോൺ പണിക്കർ

നിസ്സ് ചെയർമാൻ ആൻഡ് ഇ.എൻ.ടി. കൺസൾട്ടന്റ്

വർഷത്തിൽ ഒരിക്കലെങ്കിലും കേൾവി പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. തിരക്കുള്ള റോഡിനു സമീപത്ത് താമസിക്കുന്നവർ, ജോലി ചെയ്യുന്നവർ, ട്രാഫിക് പോലീസ്, ഡ്രൈവർമാർ എന്നിവരിലാണ് പ്രധാനമായും കേൾവിക്കുറവ് ബാധിക്കുന്നത്. കേൾവിക്കുറവ് ആദ്യ ഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്. മറ്റുള്ളവർ പറയുന്നത് കേൾക്കാൻ കഴിയാത്ത അവസ്ഥയിലാണ് തിരിച്ചറിയുക. ശബ്ദത്തിൽനിന്നു രക്ഷനേടാൻ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കണം. പഞ്ഞി ചെവിയിൽ വയ്ക്കുന്നത് ശബ്ദമലിനീകരണത്തിൽനിന്ന്‌ ഒരുവിധം രക്ഷനേടാൻ സഹായിക്കും.

പ്രവീണാ ഡേവിസ്

റിസർച്ച് പ്രോജക്ട് വിഭാഗം മേധാവി, നിഷ്(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്)