സാങ്കേതികമായി എത്ര പുരോഗമിച്ചാലും സിനിമ എന്ന മാധ്യമം കാഴ്ചപ്പാടുകളുടേതാണെന്ന് ഓപ്പൺ ഫോറം. ലോകം മുന്നേറുന്നതിനൊപ്പം സാങ്കേതികവിദ്യയിലും സിനിമാ നിർമാണത്തിലും പ്രദർശന രീതിയിലും സമൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. എങ്കിലും സിനിമ സംവിധായകന്റെ കലയാണെന്ന് ഓപ്പൺ ഫോറത്തിൽ ബംഗാളി ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷ് പറഞ്ഞു. ‘മാറുന്ന ഇന്ത്യൻ സിനിമ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം. 
മൊബൈൽ ഫോണിൽ പോലും സിനിമ നിർമിക്കുന്ന കാലത്ത് അതിന്റെ വിതരണംതന്നെയാണ് ഏറ്റവും വെല്ലുവിളിനിറഞ്ഞ ഘടകം. സ്ട്രീമിങ് പ്ലാറ്റുഫോമുകൾ ഇക്കാര്യത്തിൽ ആശ്വാസമാണെന്ന് പ്രശസ്ത സാഹിത്യകാരി നന്ദിനി രാംനാഥ് പറഞ്ഞു. എന്നാൽ, അതിന്റെ പാർശ്വഫലങ്ങൾ മറ്റൊരു അരക്ഷിതാവസ്ഥയിലേക്കായിരിക്കും വിരൽ ചൂണ്ടുകയെന്നും അവർ പറഞ്ഞു. ചലച്ചിത്ര മേഖലയിലെ എല്ലാ മാറ്റങ്ങളും ശുഭാപ്തി വിശ്വാസത്തോടെ സ്വീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് രുചിർ ജോഷി പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ജയൻ ചെറിയാൻ, ചെലവൂർ വേണു, സി.എസ്. വെങ്കടേശ്വരൻ എന്നിവർ പങ്കെടുത്തു.