ആവേശവും നിരാശയും മാറി മാറി കണ്ട നിമിഷങ്ങളായിരുന്നു കാര്യവട്ടത്ത്. ആഘോഷിക്കാവുന്ന ഓരോ നിമിഷവും ആരാധകക്കൂട്ടം ആർത്തുവിളിച്ചു. നിരാശയിലാഴ്ത്തിയ നിമിഷങ്ങളിൽ അവർ തലയിൽ കൈവെച്ചു. സമ്മിശ്രവികാരമായിരുന്നു കാര്യവട്ടത്ത് കളികാണാനെത്തിയ കാണികൾ മടങ്ങാൻ നേരം ഉണ്ടായിരുന്നത്. ഇവിടെ നടക്കുന്ന മൂന്നാം മത്സരത്തിലും വിജയിച്ച് ആഘോഷിച്ച് തിരിച്ചുപോകാനായിരുന്നു ഗാലറി നിറഞ്ഞും കാണികളെത്തിയത്.

എന്നാൽ, പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കാത്തതിലെ നിരാശയും ആരാധകക്കൂട്ടം പറഞ്ഞുവെച്ചു. എങ്കിലും അവർ കൂട്ടത്തോടെ പുറത്ത് കാത്തുനിന്നു. ഇന്ത്യൻ താരങ്ങളെയും വിൻഡീസ് താരങ്ങളെയും യാത്രയാക്കാൻ. അടുത്ത മത്സരത്തിന് വീണ്ടുമെത്താമെന്ന് പറഞ്ഞവർ പിരിഞ്ഞു. നീല ജേഴ്‌സിയും ത്രിവർണ പതാകയും കൈയിലേന്തി.

നേരത്തെയെത്തി..

ഉച്ചയോടെ തന്നെ ആരാധകക്കൂട്ടം കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിന് മുന്നിലെ പ്രധാന കവാടത്തിൽ തമ്പടിച്ചിരുന്നു. നീല ജേഴ്‌സിയും തൊപ്പിയും അണിഞ്ഞവർ ഇന്ത്യയ്ക്കായി ജയ് വിളിച്ച് ആവേശം പ്രകടിപ്പിച്ചു. ഘോഷയാത്രയും നൃത്തവുമായവർ അരങ്ങ് കീഴടക്കി. ബാൻഡ് മേളവും ചെണ്ടമേളവും അകമ്പടിയേകി. റോഡ് വശങ്ങളിൽ ജേഴ്‌സിയും തൊപ്പിയും റിബണും വാങ്ങിയവർ സ്‌റ്റേഡിയത്തിന് മുന്നിൽ കാത്തുനിന്നു. സെൽഫിയെടുത്തും മുഖത്ത് ചായം പൂശിയും കളിവിരുന്നാക്കാൻ ശ്രമിച്ച ആരാധകക്കൂട്ടത്തെ പലപ്പോഴും പോലീസ് ഇടപെട്ടാണ് നിയന്ത്രിച്ചത്. റോഡിലേക്കിറങ്ങി നൃത്തം ചെയ്തവരെ അകത്തേക്ക് മാറ്റുകയെന്ന ശ്രമകരമായ ദൗത്യവും പോലീസിനുണ്ടായിരുന്നു.

ഒടുവിൽ നിയന്ത്രണാതീതമായപ്പോൾ മൂന്നുമണിക്ക് തന്നെ കാണികളെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു. തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ് എല്ലാവരെയും കയറ്റിവിട്ടത്. മത്സരം ടി-ട്വന്റിയോ, ഏകദിനമോ എന്തുമാകട്ടെ കളി കാണാൻ ഞങ്ങളുണ്ടെന്ന രീതിയിൽ തന്നെയായിരുന്നു കാണികളെത്തിയത്. കളി തുടങ്ങിയപ്പോഴേക്കും ഗാലറി നീലമയമായിരുന്നു. താരങ്ങൾ പരിശീലനം നടത്താനാരംഭിച്ചപ്പോൾ അവർ മൊബൈലിൽ ഫ്ളാഷ് കത്തിച്ച് പിന്തുണയറിയിച്ചു.

ഹെൽമെറ്റൊരു പ്രശ്‌നമായി ചേട്ടാ...

ബൈക്കിലായിരുന്നു ഞാനും കൂട്ടുകാരൻ സുധീഷും വന്നത്. രണ്ട് ഹെൽമെറ്റ്‌ എവിടെവെയ്ക്കാനാ. തിരിച്ചുചെല്ലുമ്പോൾ കിട്ടുമോയെന്ന ടെൻഷനായിരുന്നു കഴക്കൂട്ടത്തു നിന്നും കളികാണാനെത്തിയ മഹേഷിന് പറയാനുണ്ടായിരുന്നു. ബൈക്കിൽ സ്‌റ്റേഡിയത്തിലേക്കെത്തിയ പലർക്കും ഇതേ പരാതി തന്നെയായിരുന്നു. ഹെൽമെറ്റ്, കുട തുടങ്ങിയ യാതൊന്നും പോലീസ് ഗാലറിയിലേക്ക് കടത്തിവിടാത്തതാണ് ആരാധകരുടെ പ്രതിഷേധത്തിന് കാരണമായത്.

പാർക്കിങ്ങും തർക്കവും

മത്സരം കാണാനെത്തിയവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസ്, ബി.എഡ്.കോളേജ്, എൽ.എൻ.സി.പി.ഇ.കാമ്പസ് എന്നിവിടങ്ങളിലാണ് പ്രധാനമായും പാർക്കിങ് സൗകര്യം ഒരുക്കിയത്. നാലുചക്രവാഹനത്തിന് 250, മൂന്ന് ചക്രത്തിന് 150, ബൈക്കിന് 100 ഉം പാർക്കിങ് ഫീസ് വാങ്ങിയതാണ് കാണികളുടെ വൻ പ്രതിഷേധത്തിന് ഇടയാക്കിയത്. പാർക്കിങ്ങിന് ഫീസ് നൽകണമെന്ന അറിയിപ്പ് കേരള ക്രിക്കറ്റ് അസോസിയേഷനോ മറ്റ് ബന്ധപ്പെട്ടവരോ നൽകിയിരുന്നില്ല. പാർക്ക് ചെയ്യാനെത്തിയപ്പോഴാണ് പലർക്കും ഫീസ് ഉണ്ടെന്ന് തന്നെ ബോധ്യമായത്. കളി കാണാൻ വൻ തുക മുടക്കി ടിക്കറ്റ് എടുത്തവർക്ക് പാർക്കിങ് ഫീസ് മറ്റൊരു തിരിച്ചടിയായി മാറി. കടംവാങ്ങിയും കൂട്ടുകാരോട് അക്കൗണ്ടിൽ പൈസയിടീപ്പിച്ചും അത് എ.ടി.എമ്മിൽ പോയി എടുത്തുവന്നുമാണ് പലരും പാർക്കിങ് ഫീസ് നൽകിയതെന്ന് മലപ്പുറത്തുനിന്നെത്തിയ മുസ്തഫ പരാതിപ്പെട്ടു.

ജയ് വിളിക്കേണ്ടത് ടീം ഇന്ത്യയ്ക്ക്

ലോക്കൽ ബോയ് സഞ്ജുസാംസണ് കളിക്കാൻ അവസരം കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്ന് വെള്ളയമ്പലത്തുനിന്നും കളികാണാനെത്തിയ യദു പറയുന്നു. എല്ലാവരും സഞ്ജുവിന്റെ പേരെഴുതിയ ടീ ഷർട്ടും ധരിച്ചുകൊണ്ടായിരുന്നു എത്തിയത്. ഗ്രൗണ്ടിൽ ഇറങ്ങിയ സഞ്ജു വിക്കറ്റിന്‌ പിന്നിൽ പരിശീലനം നടത്തിയപ്പോൾ ഏവരും ഉറപ്പിച്ചു. എന്നാൽ ടീമിലില്ലായെന്ന് കേട്ടപ്പോഴും അവർ സഞ്ജുവിനായി ആർപ്പുവിളിച്ചു. ഇടയ്ക്ക് രോഹിത് ശർമയ്ക്ക് പകരക്കാരനായി ഫീൽഡിൽ ഇറങ്ങിയപ്പോൾ ആവേശം അലകടലായി. തിരികെ മടങ്ങിയപ്പോൾ തനിക്കല്ല, ടീം ഇന്ത്യയ്ക്കാണ് ജയ് വിളിക്കേണ്ടതെന്നും സഞ്ജു സ്‌നേഹപൂർവം ആരാധകരെ ഓർമിപ്പിച്ചു.

നോ..നോട്ട് ബുക്ക് സെലിബ്രേഷൻ

കെസറിക് വില്യംസിനായിരുന്നു കോലിക്കെതിരേ കാര്യവട്ടത്ത് വിജയം. ഹൈദരാബാദിൽ കോലിയുടെ അടിയേറ്റ് തളർന്ന കെസറിക് വില്യംസ് ഇവിടെ വിക്കറ്റ് നേടിയെങ്കിലും വിഖ്യാതമായ നോട്ട്ബുക്ക് സെലിബ്രേഷന് നിന്നില്ല. കൈവിരൽ ചുണ്ടിലമർത്തി കാണികളോട് നിശ്ശബ്ദനാകാനായിരുന്നു ഇക്കുറി വില്യംസ് ആവശ്യപ്പെട്ടത്. എന്നാൽ വിക്കറ്റെടുക്കുമ്പോൾ സല്യൂട്ട് ചെയ്യുന്ന പതിവ് ഷെൽഡൻ കോട്രൽ തെറ്റിച്ചില്ല. അത് കാണികളും സന്തോഷത്തോടെ സ്വീകരിച്ചു. സ്‌റ്റേഡിയത്തിലെ വലിയ സ്‌ക്രീനിൽ കോട്രൽ സല്യൂട്ട് കാണിക്കുമ്പോഴും അവർ ആർത്തുവിളിച്ചു.

നിശ്ശബ്ദതയിലാണ്ട നിമിഷങ്ങൾ...

ഇന്ത്യ തോറ്റെങ്കിലും മികച്ചൊരു കളി കാണാൻ കഴിഞ്ഞതിന്റെ സന്തോഷം കാണികളിൽ ഉണ്ടായിരുന്നു. കിട്ടിയ അവസരങ്ങൾ ഫീൽഡർമാർ ഉപയോഗിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെയെന്ന വിശ്വാസക്കാരനാണ് ഐ.ടി.ജീവനക്കാരനായ ജീവൻ. കിട്ടിയ ജീവൻ കൈയിലെടുത്ത് വിൻഡീസ് താരങ്ങൾ മുന്നേറുകയും ചെയ്തു. കുട്ടിക്രിക്കറ്റിലെ രാജാക്കന്മാരായ വിൻഡീസിനോട് കളിക്കുമ്പോൾ ഒരു ചെറിയ അവസരം പാഴാക്കരുതെന്ന പാഠമാണ് കാര്യവട്ടം പകർന്നു നൽകിയതെന്നും ആലപ്പുഴയിൽ നിന്നെത്തിയ മഹേഷ് പറയുന്നു. നിതിൻ, അഭിജയ് എന്നീ കൂട്ടുകാരോടൊപ്പം ആണ് അവരെത്തിയത്. സിമൺസും ലൂയിസും അടിച്ചുതകർത്തപ്പോൾ കഴിഞ്ഞതവണ രോഹിത് ശർമ നടത്തിയ പ്രകടനമായിരുന്നു ഓർമ വന്നതെന്ന് നിതിൻ പറയുന്നു. ഇന്ത്യക്ക് പ്രതീക്ഷിച്ചതിലും 20 റൺസെങ്കിലും കുറഞ്ഞുപോയെന്ന അഭിപ്രായക്കാരായിരുന്നു മിക്കവരും.